Leading News Portal in Kerala

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ബിജെപിക്കാരൻ എന്ന് സൂചന|Will NDA’s Vice Presidential candidate come from BJP Final Call After PM Modi’s Return


Last Updated:

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ഉടൻ തന്നെ അന്തിമ നാമനിര്‍ദേശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കും

News18News18
News18

തികച്ചും അപ്രതീക്ഷിതമായാണ് ഉപരാഷ്ട്രപതി സ്ഥാനത്തുനിന്നും ജഗ്ദീപ് ധന്‍ഖര്‍ കഴിഞ്ഞ ദിവസം രാജിവെച്ചത്. പുതിയ ഉപരാഷ്ട്രപതിയെ 60 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുക്കണമെന്നാണ് ചട്ടം. ഇതോടുകൂടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഉപരാഷ്ട്രപതി സ്ഥാർത്ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ച് തുടങ്ങി.

എൻഡിഎയുടെ അടുത്ത ഉപരാഷ്ട്രപതി സ്ഥാനാർഥി ബിജെപിയില്‍ നിന്നായിരിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ സിഎന്‍എന്‍-ന്യൂസ് 18നോട് പറഞ്ഞു. എന്‍ഡിഎയിലെ മറ്റ് സഖ്യകക്ഷികള്‍ക്കിടയില്‍ നിന്ന് പൊതുസമ്മതനായ ഒരാളായിരിക്കും സ്ഥാനാര്‍ഥിയെന്ന ഊഹാപോഹങ്ങള്‍ ഇതോടെ അവസാനിച്ചിരിക്കുകയാണ്. ബിജെപിയുമായി ശക്തമായ പ്രത്യയശാസ്ത്ര യോജിപ്പും പാര്‍ലമെന്ററി നടപടിക്രമങ്ങളിൽ വിപുലമായ പരിചയവുമുള്ള ഒരാളെയായിരിക്കും തല്‍സ്ഥാനത്തേക്ക് പരിഗണിക്കുകയെന്ന് മുതിര്‍ന്ന വൃത്തങ്ങള്‍ അറിയിച്ചു.

ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാകാനുള്ള ആളെ പരിഗണിക്കുമ്പോള്‍ ഒന്നിലധികം ഘടകങ്ങള്‍ വിലയിരുത്തുമെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഉപരാഷ്ട്രപതി അധ്യക്ഷനായി സേവനം ചെയ്യുന്ന രാജ്യസഭയില്‍ സര്‍ക്കാരിന്റെ നിയമനിര്‍മാണ അജണ്ടയെ സുഗമമായി ഉയര്‍ത്തിപ്പിപ്പിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയെയാണ് പാര്‍ട്ടി അന്വേഷിക്കുന്നത്.

ജെഡിയുവില്‍ നിന്നോ മറ്റ് എന്‍ഡിഎ ഘടകകക്ഷികളില്‍ നിന്നോ ഉള്ള നേതാക്കളെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു നേരത്തെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞത്. എന്നാല്‍ ജെഡിയു അല്ലെങ്കില്‍ മറ്റ് എന്‍ഡിഎ നേതാക്കളെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഒരു മുതിര്‍ന്ന വൃത്തം പറഞ്ഞു. തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി), ജെഡിയു എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ സഖ്യകക്ഷികളും ബിജെപിയുടെ സമീപനത്തോട് പൂര്‍ണമായും യോജിപ്പ് അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ഉടൻ തന്നെ അന്തിമ നാമനിര്‍ദേശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കുമെന്നാണ് കരുതുന്നത്.

ധന്‍ഖര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചതിനുള്ള കാരണം വ്യക്തമല്ലെങ്കിലും ഭരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പാര്‍ട്ടിയുടെ കാഴ്ചപ്പാടുമായി യോജിച്ച് നില്‍ക്കുന്ന ഒരു പിന്‍ഗാമിയെയാണ് എന്‍ഡിഎ പരിഗണിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.