ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; ജയിലിൽ തുടരും; എൻഐഎ കോടതിയെ സമീപിക്കാൻ നിർദേശം| Malayali Nuns Arrest in chhattisgarh Sessions Court declined bail plea
Last Updated:
മനുഷ്യക്കടത്ത് ആരോപിച്ചാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്തത്
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ ജയിൽ കഴിയുന്ന കന്യാസ്ത്രീകളായ പ്രീതി മേരിയുടെയും വന്ദന ഫ്രാൻസിസിന്റെയും ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയ സെഷൻസ് കോടതി, ബിലാസ്പൂരിലെ എൻഐഎ കോടതിയെ സമീപിക്കാനും നിർദേശിച്ചു. ജാമ്യാപേക്ഷ തള്ളിയതോടെ കന്യാസ്ത്രീകൾക്ക് ജയിലിൽ തുടരേണ്ടിവരും.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. കേസിൽ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ അധികാരപരിധിയിലല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെ തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്.
10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ഈ കോടതിയിലാണ് പരിഗണിക്കുക. മതപരിവർത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ലെന്നും, ജോലി ചെയ്തു ജീവിക്കാനായി ഭരണഘടന നൽകുന്ന അവകാശമാണ് യുവതികൾ ഉപയോഗിച്ചതെന്നും ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോൾ തന്നെ, തങ്ങൾക്ക് ഈ കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് അപേക്ഷ തള്ളുകയായിരുന്നു.
മനുഷ്യക്കടത്ത് ആരോപിച്ചാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്തത്. ആശുപത്രി, ഓഫീസ് ജോലികൾക്കായി 2 പെൺകുട്ടികളെ ഒപ്പം കൂട്ടിയതിനെ തുടർന്നാണ് ഇവരെ പൊലീസും ബജ്റങ്ദൾ പ്രവർത്തകരും ചോദ്യം ചെയ്തത്. പെൺകുട്ടികളുടെ കുടുംബവും കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടികൾ നിലവിൽ സർക്കാർ സംരക്ഷണയിലാണുള്ളത്.
New Delhi,New Delhi,Delhi
July 30, 2025 2:30 PM IST
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; ജയിലിൽ തുടരും; എൻഐഎ കോടതിയെ സമീപിക്കാൻ നിർദേശം