‘പ്രത്യാഘാതങ്ങൾ പഠിക്കുന്നു’; 25% തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിൽ ഇന്ത്യ|India on donld Trump s announcement of 25 percentage tariff says Studying the implications
Last Updated:
ഇന്ത്യൻ ഇറക്കുമതികൾക്ക് 25% തീരുവ ചുമത്തുമെന്നും കൂടാതെ അധിക പിഴയും ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം
ഇന്ത്യൻ ഇറക്കുമതിക്കുമേൽ 25% തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യ. ഇതിന്റെ പ്രത്യാഘാതങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യ അറിയിച്ചു. ന്യായവും സന്തുലിതവും പരസ്പര പ്രയോജനകരവുമായ ഒരു കരാർ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയും അമേരിക്കയും തുടർച്ചയായ വ്യാപാര ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ ഔദ്യോഗിക പ്രതികരണത്തിൽ വ്യക്തമാക്കി.
“ഉഭയകക്ഷി വ്യാപാരത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന സർക്കാർ ശ്രദ്ധിച്ചു. അതിന്റെ പ്രത്യാഘാതങ്ങൾ സർക്കാർ പഠിച്ചുകൊണ്ടിരിക്കുകയാണ്,” വാണിജ്യ, വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ ഇറക്കുമതികൾക്ക് 25% തീരുവ ചുമത്തുമെന്നും കൂടാതെ അധിക പിഴയും ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഓഗസ്റ്റ് 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരുക. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുടെ ഉയർന്ന താരിഫുകൾ, കർശനമായ പണേതര വ്യാപാര തടസ്സങ്ങൾ, റഷ്യയുമായുള്ള തുടർച്ചയായ സൈനിക, ഊർജ്ജ ബന്ധങ്ങൾ എന്നിവയാണ് ഈ നീക്കത്തിന് അടിസ്ഥാനമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
New Delhi,Delhi
July 30, 2025 9:40 PM IST