‘ഡ്രൈവറുടെ മതനിഷ്ഠ തന്റെ വിശ്വാസത്തെയും സ്വാധീനിച്ചു’ മദ്രാസ് ഹൈക്കോടതി ജഡ്ജി സ്വാമിനാഥന്| Drivers religious fervor influenced my own faith says Madras High Court Judge Swaminathan
Last Updated:
‘വേദങ്ങളെ സംരക്ഷിച്ചാല്‍ അവ നമ്മെയും സംരക്ഷിക്കുമെന്ന ചൊല്ലിന്റെ അര്‍ത്ഥം അന്ന് എനിക്ക് മനസ്സിലായി. അതുവരെ ഇത്തരം കാര്യങ്ങള്‍ ഞാന്‍ അത്ര ഗൗരവത്തോടെ എടുത്തിരുന്നില്ല. എന്നാല്‍ ആ നിമിഷം മുതല്‍ അത് എന്നെ മാറ്റിമറിച്ചു’
ചെന്നൈ: നിങ്ങള്‍ വേദങ്ങളെ സംരക്ഷിച്ചാല്‍ അവ നിങ്ങളെയും സംരക്ഷിക്കുമെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ജിആര്‍ സ്വാമിനാഥന്. ഒരിക്കല്‍ വലിയൊരു അപകടത്തില്‍ കുറ്റസമ്മതം നടത്തിയ ഒരാളെ കുറ്റവിമുക്തനാക്കാന്‍ താന്‍ സഹായിച്ചതെങ്ങനെയെന്നു വിവരിച്ച അദ്ദേഹം വേദങ്ങള്‍ അവയെ സംരക്ഷിക്കുന്നവരെ സംരക്ഷിക്കുന്നതിന്റെ തെളിവായി താൻ ഈ സംഭവത്തെ കാണുന്നതായും പറഞ്ഞു. കഴിഞ്ഞയാഴ്ച ചെന്നൈ ടി നഗറിലെ കൃഷ്ണസ്വാമി ഹാളില്‍ പതിനേഴാമത് വാര്‍ഷിക വേദ പണ്ഡിത പ്രതിഭാ പരേഡില്‍ പങ്കെടുക്കുകയായിരുന്നു ജസ്റ്റിസ് സ്വാമിനാഥന്.
താന്‍ അഭിഭാഷകനായിരുന്ന കാലത്ത് ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ മുഴുവന്‍ മാറ്റിമറിച്ച സംഭവമായിരുന്നു അതെന്നും ജസ്റ്റിസ് സ്വാമിനാഥന് പറഞ്ഞു.
”ഏഴ് വർഷം വേദങ്ങള്‍ പഠിച്ച് വേദമൂല്യങ്ങള്ക്കനുസൃതമായി കര്‍ശനമായി ജീവിക്കുകയും ചെയ്ത സുഹൃത്തായ ഒരു ശാസ്ത്രി (വേദങ്ങളെക്കുറിച്ചും അറിവുള്ള വ്യക്തികളെ വിളിക്കാന്‍ കുടുംബപ്പേരായോ സ്ഥാനപ്പേരായോ ഉപയോഗിക്കുന്ന പേര് ) മറ്റൊരു സുഹൃത്തിനൊപ്പം എന്നെ കാണാന്‍ വന്നു. ശാസ്ത്രികളുടെ കണ്ണ് നിറഞ്ഞിരുന്നു, അദ്ദേഹത്തിന് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒന്നും മറച്ചുവയ്ക്കാതെ സംസാരിക്കാന്‍ ഞാൻ അവരോട് പറഞ്ഞു. മറ്റേയാള്‍ വിശദീകരിച്ച് പറഞ്ഞു. ഒരു കേസില്‍ ശാസ്ത്രികളെ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 18 മാസം തടവിന് ശിക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വേദമൂല്യങ്ങളനുസരിച്ച് ജീവിക്കുന്ന ഒരാള്‍ക്ക് ഇത് എങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ ചിന്തിച്ചു,’ ജസ്റ്റിസ് പറഞ്ഞു.
‘ശാസ്ത്രികളുടെ സഹോദരി യുഎസില്‍ നിന്ന് വന്നപ്പോള്‍ ചില ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയി. യാത്രക്കിടെ സഹോദരി ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ഒരാളെ ഇടിച്ചു. അയാള്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. സഹോദരിക്ക് തൊട്ടടുത്തയാഴ്ച അമേരിക്കയിലേക്ക് മടങ്ങേണ്ടിയിരുന്നതിനാൽ ശാസ്ത്രികള്‍ കുറ്റം ഏറ്റെടുത്തു. തുടര്‍ന്ന് അദ്ദേഹത്തിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അത്തരം കേസുകളില്‍ സാധാരണ പരമാവധി ആറ് മാസമാണ് തടവ് ശിക്ഷ. എന്നാല്‍ ശാസ്ത്രികള്‍ക്ക് 18 മാസമാണ് ശിക്ഷ കിട്ടിയത്.. ആറ് സാക്ഷികളായിരുന്നത് ഉണ്ടായിരുന്നത്. എന്നാല്‍ വാഹനം ഓടിച്ചത് ആരാണെന്ന് അവര്‍ ആരും കണ്ടില്ല. ഞങ്ങള്‍ ചായക്കടയില്‍ നില്‍ക്കുകയായിരുന്നുവെന്നും ഒരു മാരുതി കാര്‍ അമിത വേഗതയില്‍ വന്ന് ഒരാളെ ഇടിച്ച് അദ്ദേഹം മരിച്ചു എന്നാണ് ആറുപേരും മൊഴി നല്‍കിയത്. ശാസ്ത്രികളാണ് സംഭവസമയത്ത് വാഹനമോടിച്ചിരുന്നത് ആരും പറഞ്ഞില്ല, കോടതിയിലും ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല,” ജസ്റ്റിസ് സ്വാമിനാഥന് പറഞ്ഞു.
തുടര്‍ന്ന് കേസ് താന്‍ ഏറ്റെടുത്തുവെന്നും അപ്പീലിന് പോയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഭാഗ്യം കൊണ്ടോ വിധി കൊണ്ടോ അപ്പീല്‍ കേട്ട ജഡ്ജി എന്റെ സഹപാഠിയായിരുന്നു. കാര്‍ ഓടിച്ചത് ആരാണെന്നതിന് നേരിട്ട് തെളിവുകളില്ലാത്തപ്പോള്‍ ഈ മനുഷ്യന് എങ്ങനെ ശിക്ഷിക്കപ്പെട്ടുവെന്ന് ജഡ്ജി ചോദിച്ചു. തുടര്‍ന്ന് ശാസ്ത്രികളുടെ ശിക്ഷ റദ്ദാക്കപ്പെട്ടു. അദ്ദേഹം കുറ്റവിമുക്തനായി”,ജസ്റ്റിസ് പറഞ്ഞു.
”വേദങ്ങളെ സംരക്ഷിച്ചാല്‍ അവ നമ്മെയും സംരക്ഷിക്കുമെന്ന ചൊല്ലിന്റെ അര്‍ത്ഥം അന്ന് എനിക്ക് മനസ്സിലായി. അതുവരെ ഇത്തരം കാര്യങ്ങള്‍ ഞാന്‍ അത്ര ഗൗരവത്തോടെ എടുത്തിരുന്നില്ല. എന്നാല്‍ ആ നിമിഷം മുതല്‍ അത് എന്നെ മാറ്റിമറിച്ചു,” വേദ പണ്ഡിതന്മാരും ഭക്തരുമടങ്ങുന്ന സദസ്സിനോട് ജസ്റ്റിസ് സ്വാമിനാഥന് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
സര്‍ക്കാര്‍ നിയമിച്ച ബാദ്ഷാ എന്ന ഡ്രൈവറെക്കുറിച്ചുള്ള ഒരു അനുഭവവും ജസ്റ്റിസ് വിവരിച്ചു. “മധുരയിലായിരിക്കുമ്പോള് ഉച്ചയ്ക്ക് 1.30 ഓടെ ഭക്ഷണം കഴിച്ച് മടങ്ങാന്‍ ഞാന്‍ ഡ്രൈവറോട് പറഞ്ഞു. എന്നാൽ സര് ഇന്ന് വെള്ളിയാഴ്ചയാണ്. എനിക്ക് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണം. ഞാന്‍ ഇവിടെ പുതിയ ആളാണ്. പള്ളി എവിടെയാണെന്ന് എനിക്കറിയില്ല.അതിനാല്‍ ഭക്ഷണം കഴിക്കാന്‍ വൈകുമെന്ന് ഡ്രൈവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി എനിക്ക് ഇഷ്ടപ്പെട്ടു,” ജസ്റ്റിസ് പറഞ്ഞു. ”ബാദ്ഷയുടെ മതത്തോടുള്ള നിഷ്ഠ കണ്ടപ്പോള്‍ ഞാനും ആലോചിച്ചു. ഞാനും എന്റെ മത നിഷ്ഠകള്‍ പുലര്ത്തേണ്ടതില്ലേയെന്ന് ഞാന്‍ ചിന്തിച്ചു. പിന്നീട് ഒരിക്കലും ഞാൻ സന്ധ്യാവന്ദനം മുടക്കിയിട്ടില്ല,” അദ്ദേഹം പറഞ്ഞു.
ജാതീയമായി പക്ഷപാതം കാണിച്ചുവെന്ന് അഭിഭാഷകന് ആരോപിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ”ഭീരു” എന്നും ”കോമഡി പീസ്” എന്നും വിളിച്ചതിന് ജസ്റ്റിസ് സ്വാമിനാഥന് അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
Chennai [Madras],Chennai,Tamil Nadu
July 31, 2025 1:31 PM IST