Leading News Portal in Kerala

കോൺഗ്രസിന്റെ ഏക എംഎൽഎ ബിജെപി സഖ്യകക്ഷിയിൽ ചേർന്നു; മേഘാലയ നിയമസഭയിൽ ഇനി പാർട്ടിക്ക് അംഗങ്ങളില്ല Congresss lone MLA joins BJP alliance party no longer has members in Meghalaya Assembly | India


Last Updated:

1972 ൽ മേഘാലയ സംസ്ഥാനം രൂപീകരിച്ചതിനുശേഷം ആദ്യമായാണ് കോൺഗ്രസിന് നിയമസഭയിൽ ഒരു എംഎൽഎ പോലും ഇല്ലാതെയാകുന്നത്

News18News18
News18

കോൺഗ്രസിന്റെ ഏക എംഎൽഎ ബിജെപി സഖ്യകക്ഷിയിൽ ചേർന്നതോടെ മേഘാലയ നിയമസഭയിൽ ഇനി കോൺഗ്രസിന് അംഗങ്ങളില്ല. മേഘാലയയിലെ കോൺഗ്രസ് പാർട്ടിയിലെ അവശേഷിക്കുന്ന ഏക നിയമസഭാംഗമായ റോണി വി ലിങ്‌ഡോയാണ് സഖ്യ സർക്കാരിന് നേതൃത്വം നൽകുന്ന നാഷണൽ പീപ്പിൾസ് പാർട്ടിയിൽ (എൻ‌പി‌പി) ചേർന്നത്. 1972 ൽ മേഘാലയ സംസ്ഥാനം രൂപീകരിച്ചതിനുശേഷം അഞ്ച് പതിറ്റാണ്ടിലേറെ തുടർച്ചയായ പ്രാതിനിധ്യത്തിനൊടുവിൽ ആദ്യമായാണ് കോൺഗ്രസിന് സംസ്ഥാനത്ത് ഒരു എംഎൽഎ പോലും ഇല്ലാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നത്.

പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു മൈലിയം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ ലിങ്‌ഡോ. റോണി വി ലിങ്‌ഡോ സഭയിൽ എൻ‌പി‌പിയുടെ എം‌എൽ‌എ ആയി അംഗീകരിക്കപ്പെടുമെന്ന് ലയനം അംഗീകരിച്ച ശേഷം നിയമസഭാ സ്പീക്കർ തോമസ് എ സാങ്മ മാധ്യമങ്ങളോട് പറഞ്ഞു.ലിങ്‌ഡോയുടെ ലയനത്തോടെ 60 സീറ്റുകളുള്ള സഭയിൽ എൻ‌പി‌പിയുടെ അംഗസംഖ്യ 33 ആയി ഉയർന്നു. യു‌ഡി‌പിയും എച്ച്‌എസ്‌പി‌ഡി‌പിയും ഉൾപ്പെടുന്നതും ബിജെപിയുടെ പിന്തുണയുള്ളതുമായ മേഘാലയ ഡെമോക്രാറ്റിക് അലയൻസിലെ (എം‌ഡി‌എ) എൻ‌പി‌പിയുടെ സ്ഥാനവും സംസ്ഥാന സർക്കാരിൽ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയുടെ പിടിയും ഈ നീക്കം കൂടുതൽ ശക്തമാക്കി.

എംഎൽഎ ഇല്ലാതായതോടെ  ഒരു പ്രധാന ദേശീയ പ്രതിപക്ഷത്തിന്റെ പ്രതീകാത്മക സാന്നിധ്യമാണ് കോൺഗ്രസിന് സംസ്ഥാനത്ത് ഇല്ലാതായത്. സഭയിലെ നിയമനിർമ്മാണ ചർച്ചകൾക്കും കമ്മിറ്റിപ്രവർത്തനങ്ങൾക്കും കോൺഗ്രസിന്റെ പങ്കും കാഴ്ചപ്പാടും ഇനി ഇല്ലാതാകും.പ്രാദേശിക പാർട്ടികളും ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസും (എഐടിസി) ആണ് മേഘാലയയിലെ നിലവിലെ പ്രതിപക്ഷ പാർട്ടികൾ. അതേസമയം മേഘാലയയുടെ ചുമതലയുള്ള എഐസിസി ജോയിന്റ് സെക്രട്ടറി മാത്യു ആന്റണി എൻപിപി കൂറുമാറ്റങ്ങൾ സംഘടിപ്പിക്കുകയാണെന്ന് ആരോപിച്ചു.

ഒരു കാലത്ത് മേഘാലയയുടെ രാഷ്ട്രീയ രംഗത്ത് തിളങ്ങിനിൽക്കുകയും ഒന്നിലധികം തവണ സർക്കാരുകൾ രൂപീകരിക്കുകയും ചെയ്ത പാർട്ടിയായിരുന്നു കോൺഗ്രസ്. സംസ്ഥാനം രൂപീകരിച്ച 1972 മുതൽ 2018 വരെയുള്ള കാലത്ത് കുറഞ്ഞത് എട്ട് തവണയെങ്കിലും കോൺഗ്രസ് സർക്കാരിനെ നയിച്ചിട്ടുണ്ട്. എന്നാൽ 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് വെറും അഞ്ച് സീറ്റുകളിലേക്ക് ചുരുങ്ങി. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഒരാളായ സലെങ് എ സാങ്മ 2024 ൽ ടുറ സീറ്റിൽ നിന്ന് ലോക്സഭയിലേക്ക് പോയി. മറ്റ് മൂന്ന് അംഗങ്ങളായ സെലസ്റ്റിൻ ലിങ്‌ദോ (ഉംസ്‌നിംഗ്), ഗബ്രിയേൽ വഹ്‌ലാങ് (നോങ്‌സ്റ്റോയിൻ), ചാൾസ് മർംഗർ (മഹാത്തി) എന്നിവർ 2024 ൽ  എൻ‌പി‌പിയിൽ ചേർന്നു. നിയമസഭയിൽ അവസാനമുണ്ടായിരുന്ന എംഎൽഎയും പാർട്ടി വിട്ടതോടെ കോൺഗ്രസിന് മേഘാലയ നിയമസഭയിൽ ആളില്ലാതായിരിക്കുകയാണ്.