‘ഇന്നത്തെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ കരണത്തടിക്കാന്‍ തോന്നാറുണ്ട്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി | Telangana chief minister Revanth Reddy controversial remark on journalist | India
തെലുങ്ക് ദിനപ്പത്രം നവ തെലങ്കാനയുടെ പത്താം വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകുടെ സമര്‍പ്പണത്തെക്കുറിച്ച് പറഞ്ഞ അദ്ദേഹം യുവ റിപ്പോര്ട്ടര്മാര്ക്കിടയിലെ ധാര്‍ഷ്ട്യത്തെക്കുറിച്ചും മര്യാദയില്ലായ്മയെക്കുറിച്ചും താരതമ്യം ചെയ്തു.
“പണ്ടത്തെ മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും തങ്ങളുടെ ആരോഗ്യവും കുടുംബവും അപകടത്തിലാക്കിയാണ് ജോലി ചെയ്തിരുന്നത്. അവര്‍ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ഉള്‍പ്രദേശങ്ങളിലേക്ക് പോകുമായിരുന്നു. ദിവസങ്ങളോളം അവിടെ ചെലവഴിച്ച് തങ്ങള്‍ കണ്ടെത്തിയ കാര്യങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുമായിരുന്നു,” റെഡ്ഡി പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പുകഴ്ത്തിയ അദ്ദേഹം യുവ മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ചു.
“യുവമാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ കുറിച്ച് ഒന്നും അറിയില്ല. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കാന്‍ പോലുമുള്ള സാമാന്യബുദ്ധി അവര്‍ക്കില്ല. ചിലപ്പോള്‍ അവരെ കാണുമ്പോള്‍ കരണംനോക്കി ഒന്ന് പൊട്ടിക്കാന്‍ തോന്നാറുണ്ട്. എന്നാല്‍ സാഹചര്യവും പദവിയും അതിന് അനുവദിക്കാറില്ല,” അദ്ദേഹം പറഞ്ഞു.
രേവന്ത് റെഡ്ഡിയുടെ പ്രസ്താവന പുറത്തുവന്നതോടെ കടുത്തവിമര്‍ശനങ്ങളും അദ്ദേഹത്തിനെതിരേ ഉയര്‍ന്നു. ഇത് അനാദരവാണെന്നും മുഖ്യമന്ത്രിയെപ്പോലെയുള്ള ഒരാള്‍ക്ക് യോജിച്ച പ്രവര്‍ത്തിയല്ലെന്നും പലരും വിശേഷിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തത വരുത്തണമെന്ന് മാധ്യമ സംഘടനകള്‍ ആവശ്യപ്പെട്ടു. എന്നാല്‍, റെഡ്ഡി ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ താത്പര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി മാധ്യമസ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനെതിരേയും മുഖ്യമന്ത്രി തുറന്നടിച്ചു. “തങ്ങളുടെ ക്രമക്കേടുകള്‍ മറച്ചുവയ്ക്കാനും സ്വത്തുക്കള്‍ സംരക്ഷിക്കാനും അവരെ ചോദ്യം ചെയ്യുന്നവരെ അപകീര്‍ത്തിപ്പെടുത്താനും രാഷ്ട്രീയ പാര്‍ട്ടികള്‍ മാധ്യമസ്ഥാപനങ്ങള്‍ ആരംഭിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തിന് മുറിവേല്‍പ്പിക്കുന്നുവെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില റിപ്പോര്‍ട്ടര്‍മാര്‍ അടിസ്ഥാനപരമായി രാഷ്ട്രീയപ്രവര്‍ത്തകരാണെന്നും യഥാര്‍ത്ഥ പത്രപ്രവര്‍ത്തകര്‍ സ്വയം വ്യത്യസ്തരാകണമെന്നും അദ്ദേഹം പറഞ്ഞു. “ഇന്ന് അക്ഷരം അറിയാത്തവര്‍ പോലും സ്വയം മാധ്യമപ്രവര്‍ത്തകര്‍ എന്ന് പറഞ്ഞാണ് നടക്കുന്നത്. നമ്മള് ചോദിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ജേണലിസ്റ്റാണെന്ന് പറയുന്നു. അയാള്‍ സ്വയം ഒരു മാധ്യമപ്രവര്‍ത്തകനായി തിരിച്ചറിയുകയാണ്,” മുഖ്യമന്ത്രി പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന പ്രവണതകള്‍ക്കെതിരേയും റെഡ്ഡി ആശങ്ക ഉന്നയിച്ചു. ഓപ്പറേഷന് സിന്ദൂറിന് ശേഷം വിദേശസ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച ചില ഇന്‍ഫ്ലുവെന്‍സര്‍മാരുടെ അറസ്റ്റിനെക്കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ പ്രതിപാദിച്ചു.
ആന്ധ്രാപ്രദേശിന്റെ രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റുകള്‍ നല്കിയ ചരിത്രപരമായ സംഭാവനകളെക്കുറിച്ചും രേവന്ത് റെഡ്ഡി പറഞ്ഞു. “അവര്‍ ഉപ്പുപോലെയാണ്. അത് നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. എന്നാല്‍ അവയില്ലാതെ നിങ്ങള്‍ക്ക് ഭക്ഷണത്തിന് ഒരു രുചിയും അനുഭവപ്പെടില്ല”, അദ്ദേഹം പറഞ്ഞു.
Summary: Telangana chief minister A. Revanth Reddy controversial remark on journalists
Thiruvananthapuram,Kerala
August 02, 2025 1:39 PM IST
‘ഇന്നത്തെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ കരണത്തടിക്കാന്‍ തോന്നാറുണ്ട്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി