Leading News Portal in Kerala

മാസത്തില്‍ രണ്ട് തവണ മട്ടണും ചിക്കനും, ദിവസം എട്ട് മണിക്കൂര്‍ ജോലിക്ക് 540 രൂപ ശമ്പളം; പ്രജ്വല്‍ രേവണ്ണയെ ജയിലില്‍ കാത്തിരിക്കുന്നത്‌|what awaits jds leader Prajwal Revanna in jail get 540 a month chicken and mutton monthly | India


Last Updated:

ബേക്കറി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനോ തയ്യല്‍ ജോലിക്കോ സഹായിക്കുകയാണ് ആദ്യം ചെയ്യുക

News18News18
News18

വീട്ടു ജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ എംപി പ്രജ്വല്‍ രേവണ്ണയെ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. 15528 നമ്പര്‍ തടവുകാരനായാണ് രേവണ്ണയെ ജയില്‍ പാര്‍പ്പിച്ചിരിക്കുന്നത്. എംപിയായിരിക്കവെ 1.2 ലക്ഷം രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി കൈപ്പറ്റിയിരുന്ന രേവണ്ണ ജയിലില്‍ എട്ട് മണിക്കൂര്‍ ജോലി ചെയ്യണം. ഇതിന് 540 രൂപ ശമ്പളമായി ലഭിക്കും. ആഴ്ചയില്‍ ആറു ദിവസവും രേവണ്ണ ജോലി ചെയ്യണം.

ജയില്‍ നിയമം അനുസരിച്ച് ഞായറാഴ്ച ഒഴികയുള്ള എല്ലാ ദിവസങ്ങളിലും ജയില്‍പുള്ളികള്‍ ജോലി ചെയ്യണം. രേവണ്ണ ഏത് ജോലിയാണ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ലെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നൈപുണ്യം ആവശ്യമില്ലാത്ത ജോലികളാണ് പുതിയതായി എത്തുന്നവര്‍ ചെയ്യുന്നത്. ബേക്കറി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനോ തയ്യല്‍ ജോലിക്കോ സഹായിക്കുകയാണ് ആദ്യം ചെയ്യുക. ഒരു വര്‍ഷത്തിന് ശേഷം അനുയോജ്യമെന്ന് കണ്ടാല്‍ തുണി നെയ്യല്‍ അല്ലെങ്കില്‍ കൊല്ലപ്പണി പോലെയുള്ള ജോലികള്‍ നല്‍കുമെന്നും ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

”വെള്ളിയാഴ്ചയാണ് രേവണ്ണയെ ജയിലില്‍ എത്തിച്ചത്. എല്ലാ തിങ്കളാഴ്ചയുമാണ് പുതിയ ജയില്‍പുള്ളികള്‍ക്ക് അവരുടെ ജോലികള്‍ നല്‍കുക. ഏത് ജോലി ചെയ്താലും 540 രൂപയാണ് ദിവസ വേതനമായി ലഭിക്കുക,” അദ്ദേഹം പറഞ്ഞു. കഠിനശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏതൊരു ജയില്‍പുള്ളിയും ജോലി ചെയ്യണമെന്നുള്ളത് ജയില്‍ നിയമം അനുസരിച്ച് നിര്‍ബന്ധമാണെന്ന് മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജയിലിനുള്ളിലെ ജീവിതം

ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത ജയില്‍ പുള്ളികള്‍ രാവിലെ 6.30ന് എഴുന്നേല്‍ക്കണം. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചശേഷം പ്രഭാതഭക്ഷണം നല്‍കും. ആഴ്ചയില്‍ ഓരോ ദിവസവും പ്രഭാതഭക്ഷണ മെനു മാറും. ഞായറാഴ്ച വെജ് പുലാവ്, തിങ്കളാഴ്ച തക്കാളി സാദം, ചൊവ്വാഴ്ച ലെമൺ റൈസ്, ബുധനാഴ്ച പോഹ, വ്യാഴാഴ്ച പുളിസാദം, വെള്ളിയാഴ്ച ഉപ്പുമാവ്, ശനിയാഴ്ച കത്തിരിക്ക ചോറ് എന്നിവയാണ് നല്‍കുന്നത്. ഉച്ചയ്ക്ക് 11.30 മുതല്‍ ഉച്ചഭക്ഷണം നല്‍കി തുടങ്ങും. വൈകീട്ട് 6.30 ആകുമ്പോഴേക്കും എല്ലാവരും തങ്ങളുടെ സെല്ലിലേക്ക് മടങ്ങിയെത്തണം. ഉച്ചഭക്ഷണത്തിലും അത്താഴത്തിനും ചപ്പാത്തിയും റാഗി ബോളും സാമ്പാറും ചോറ്, ബട്ടര്‍ മില്‍ക്ക് എന്നിവയും നൽകുന്നു.

ചൊവ്വാഴ്ചകളിൽ മുട്ടയും എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച മട്ടണും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ചിക്കനും ലഭിക്കും.

മറ്റുള്ളവരെപ്പോലെ തന്നെ ആഴ്ചയില്‍ രണ്ട് തവണ ഫോണ്‍ വിളിക്കാനുള്ള അനുമതി പ്രജ്വല്‍ രേവണ്ണയ്ക്കും ലഭിക്കും. പരമാവധി 10 മിനിട്ട് നേരമാണ് ഫോണ്‍ വിളിക്കാന്‍ കഴിയുക. കൂടാതെ ആഴ്ചയിലൊരിക്കല്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാന്‍ അവസരവും ലഭിക്കും.

പ്രജ്വലിന് ജയില്‍ വളപ്പില്‍ ചെയ്യേണ്ട ജോലിയെക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെയുള്ള ആയിരക്കണക്കിന് ജയില്‍പുള്ളികള്‍ക്ക് വേതനം ലഭിക്കുന്നില്ല. മൂന്ന് കോടിയോളം രൂപയുടെ വേതനം കുടിശ്ശികയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/

മാസത്തില്‍ രണ്ട് തവണ മട്ടണും ചിക്കനും, ദിവസം എട്ട് മണിക്കൂര്‍ ജോലിക്ക് 540 രൂപ ശമ്പളം; പ്രജ്വല്‍ രേവണ്ണയെ ജയിലില്‍ കാത്തിരിക്കുന്നത്‌