Leading News Portal in Kerala

സിപിഎമ്മിനെതിരെ നടപടിക്കില്ലെന്ന് ബോംബെ ഹൈക്കോടതി; ‘അവഗണിക്കുന്നതാണ് നല്ലത്’ | Court refuses to file contempt case against CPM over Gaza stir cancellation order | India


Last Updated:

നമ്മുടെ രാജ്യത്ത് ആവശ്യത്തിലധികം പ്രശ്‌നങ്ങളുണ്ടെന്നും ഇതുപോലുള്ള പ്രശ്‌നങ്ങള്‍ക്ക് നമുക്കാവശ്യമില്ലെന്നും ഹൈക്കോടതി കോടതി സിപിഎമ്മിനോട് പറഞ്ഞു

News18News18
News18

ഗാസ അനുകൂല പ്രതിഷേധത്തിന് അനുമതി നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച സിപിഎമ്മിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയില്ല. കോടതിയലക്ഷ്യ പരാതിയില്‍ സിപിഎമ്മിനെതിരെ നടപടിയെടുക്കുന്നതിലും നല്ലത് അവഗണിച്ച് ഒഴിവാക്കുന്നതാണെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു.

ഗാസ അനുകൂല പ്രതിഷേധം സംഘടിപ്പിക്കാന്‍ അനുമതി നല്‍കാതിരുന്ന ജൂലായ് 25-ലെ ബോംബെ ഹൈക്കോടതി ഉത്തരവിനെ വമര്‍ശിച്ച് സിപിഎം ഒരു പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിനെതിരെയായിരുന്ന കോടതിയലക്ഷ്യ പരാതി. അഭിഭാഷകനായ എസ്എം ഗോര്‍വാഡ്കര്‍ നല്‍കിയ പരാതിയില്‍ ജസ്റ്റിസുമാരായ രവീന്ദ്ര വി ഗുഗെ, ഗൗതം അന്‍ഖദ് എന്നിവരടങ്ങുന്ന ബെഞ്ചാണ് നടപടിവേണ്ടെന്ന തീരുമാനമെടുത്തത്.

കോടതിയെ വിമര്‍ശിച്ച് സിപിഎം ഇറക്കിയ വാര്‍ത്താക്കുറിപ്പ് അവഹേളനപരമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഇത് അവഗണിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ബെഞ്ച് പറഞ്ഞു. “കോടതി ഉത്തരവിനെതിരെ സംസാരിക്കാനും അപലപിക്കാനും വിമര്‍ശിക്കാനും അവര്‍ക്ക് അവകാശമുണ്ടെന്നാണ് അവര്‍ പറയുന്നത്. അവരത് ചെയ്യട്ടെ. ഇത് അവഗണിക്കാനാണ് ഞങ്ങള്‍ താല്‍പ്പര്യപ്പെടുന്നത്”, ഇതായിരുന്നു പരാതികേട്ട ബെഞ്ച് സ്വീകരിച്ച നിലപാട്.

ഇത് കോടതിയുടെ മഹാമനസ്‌കതയാണെന്ന് പരാതി സമര്‍പ്പിച്ച ഗോര്‍വാഡ്കര്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ സിപിഎമ്മിന് നോട്ടീസ് അയക്കുമെന്നും പിന്നീട് ഹര്‍ജി വീണ്ടും സമര്‍പ്പിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് സിപിഎമ്മിനോട് പറഞ്ഞ കാര്യങ്ങള്‍ കോടതി വീണ്ടും ആവര്‍ത്തിച്ചു. ഇതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും നിങ്ങളും ഇത് അവഗണിക്കുന്നതാണ് നല്ലതെന്നും ബെഞ്ച് ഗോര്‍വാഡ്കറിനോട് പറഞ്ഞു.

എല്ലാ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന കാലമാണിതെന്നും എല്ലാതരം പ്രതികരണങ്ങളും ഉണ്ടാകുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. “ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുന്നു, അവര്‍ അവരുടെ ജോലി ചെയ്യട്ടെ”, കോടതിയലക്ഷ്യത്തിന് കേസെടുക്കാന്‍ വിസമ്മതിച്ചുകൊണ്ട് കോടതി വിശദീകരിച്ചു.

ഗാസയില്‍ നടന്നതായി ആരോപിക്കപ്പെടുന്ന വംശഹത്യയ്‌ക്കെതിരെ മുംബൈയിലെ ആസാദ് മൈതാനിയില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം ആലോചിച്ചിരുന്നു. എന്നാല്‍ ഇതിന് മുംബൈ പോലീസ് അനുമതി നിഷേധിക്കുകയാണുണ്ടായത്. ഈ തീരുമാനത്തെ ചോദ്യംചെയ്താണ് സിപിഎം ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ” നമ്മുടെ രാജ്യത്ത് ആവശ്യത്തിലധികം പ്രശ്‌നങ്ങളുണ്ട്. ഇതുപോലുള്ള പ്രശ്‌നങ്ങള്‍ക്ക് നമുക്കാവശ്യമില്ല. സങ്കുചിത ചിന്താഗതിയാണ് നിങ്ങള്‍ക്ക്. ഗാസയിലെയും പാലസ്തീനിലെയും മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ നോക്കുകയാണ് നിങ്ങള്‍. നിങ്ങളുടെ സ്വന്തം രാജ്യത്തേക്ക് നോക്കൂ, ദേശസ്‌നേഹികളാകൂ, ഇത് ദേശസ്‌നേഹമല്ല”, കോടതി സിപിഎമ്മിനോട് പറഞ്ഞു. ഇത് പറയേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

മാലിന്യ നിക്ഷേപം, മലിനീകരണം, മലിനജലം, വെള്ളപ്പൊക്കം തുടങ്ങിയ വിഷയങ്ങള്‍ പാര്‍ട്ടിക്ക് ഏറ്റെടുക്കാമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു. അതേസമയം പാര്‍ട്ടിക്ക് അടുത്തുള്ള വിഷയങ്ങളില്‍ ആശങ്കയില്ലെന്നും ആയിരക്കണക്കിന് മൈലുകള്‍ അകലെ രാജ്യത്തിന് പുറത്ത് നടക്കുന്ന എന്തിനോവേണ്ടി പ്രതിഷേധിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

പ്രതിഷേധം നടത്താന്‍ അനുമതി തേടി മുംബൈ പോലീസിന് ആദ്യം അപേക്ഷ നല്‍കിയത് ഓള്‍ ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍ (എഐപിഎസ്ഒ) എന്ന സംഘടനയാണെന്നും എന്നാല്‍ ഹര്‍ജി സമര്‍പ്പിച്ചത് ആ സംഘടനയല്ലെന്നും വാക്കാലുള്ള നിരീക്ഷണത്തിന് പുറമേ ചൂണ്ടിക്കാട്ടികൊണ്ട് കോടതി ഉത്തരവിറക്കി. ഗാസയില്‍ നടന്നതായി ആരോപിക്കപ്പെടുന്ന വംശഹത്യയ്‌ക്കെതിരെ പ്രതിഷേധ യോഗം നടത്താന്‍ അനുമതി തേടി ഒരു സംഘടന അതിന്റെ ലെറ്റര്‍ഹെഡില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഭൂരിപക്ഷാടിസ്ഥാനത്തില്‍ ഒരു പ്രമേയം പാസാക്കേണ്ടതുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. “പത്ത് ഭാരവാഹികളില്‍ രണ്ടുപേര്‍ മാത്രമാണ് പ്രസ്തുത അപേക്ഷയില്‍ ഒപ്പിട്ടത്. എട്ട് ഭാരവാഹികള്‍ ഒപ്പിട്ടിട്ടില്ല. ഇത് തര്‍ക്കമില്ലാത്തതാണ്. കൂടാതെ പ്രസ്തുത സംഘടന ഈ ഹര്‍ജി സമര്‍പ്പിച്ചിട്ടില്ല. ഒരു സംഘടന അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അനുമതി നിഷേധിച്ച കോടതി ഉത്തരവിനെ ചോദ്യം ചെയ്യേണ്ടത് പരാതിക്കാരായ സംഘടനയാണ്”, കോടതി വ്യക്തമാക്കി.