Leading News Portal in Kerala

ആസാമിൽ വ്യാജ ഡോക്ടര്‍  നടത്തിയത് അമ്പതിലേറെ സിസേറിയനുകൾ | Fake doctor who assisted in 50 C-sections arrested from Assam hospital | India


Last Updated:

രണ്ട് സ്വകാര്യ ആശുപത്രികളില്‍ ഗൈനക്കോളജിസ്റ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പ്രതി

പ്രതീകാത്മ ചിത്രംപ്രതീകാത്മ ചിത്രം
പ്രതീകാത്മ ചിത്രം

ആസാമിലെ സില്‍ച്ചാറില്‍ ഗൈനക്കോളജിസ്റ്റായി ഒരു പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ച വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. മതിയായ മെഡിക്കല്‍ യോഗ്യതകളൊന്നുമില്ലാത്ത ഇയാള്‍ ഇക്കാലത്തിനിടയ്ക്ക് നടത്തിയത് 50ലധികം സിസേറിയനുകളും ഗൈനക്കോളജിക്കല്‍ ശസ്ത്രക്രിയകളുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പുലോക് മലക്കാര്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സില്‍ച്ചാറിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ഗൈനക്കോളജിസ്റ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഈ പ്രദേശത്തെ അറിയപ്പെടുന്ന ‘ഡോക്ടറുമായിരുന്നു’ ഇയാള്‍.

രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ സില്‍ച്ചാറിലെ ഷിബ്‌സുന്ദരി നാരി ശിക്ഷാ സേവാ ആശ്രമ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ സിസേറിയന്‍ നടത്തുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

”ഞങ്ങള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. എല്ലാ രേഖകളും പരിശോധിച്ച ശേഷം ഇയാളുടെ എല്ലാ സര്‍ട്ടിഫിക്കറ്റുകലും വ്യാജമാമെന്ന് ഞങ്ങള്‍ കണ്ടെത്തി. അയാള്‍ ഒരു വ്യാജ ഡോക്ടറായിരുന്നു. വര്‍ഷങ്ങളായി ഇയാള്‍ തട്ടിപ്പ് നടത്തി വരികയായിരുന്നു,” മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ നുമല്‍ മഹത്ത പറഞ്ഞു.

ആസമിലെ ശ്രൂഭൂമി സ്വദേശിയായ മലകറിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

വ്യാജ ഡോക്ടര്‍മാര്‍ക്കെതിരേ ആസാമില്‍ നടത്തിയ വലിയ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ അറസ്റ്റ്. 2025 ജനുവരിയില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ആന്റി ക്വാക്കറി ആന്‍ഡ് വിജിലന്‍സ് സെല്‍ രൂപീകരിച്ചിരുന്നു. മതിയായ യോഗ്യതകളില്ലാതെ ഡോക്ടര്‍മാരായി സേവനം ചെയ്യുന്ന ആളുകളെ തിരിച്ചറിയാന്‍ പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു യൂണിറ്റാണിത്.

ഇത് രൂപീകരിച്ചതിന് ശേഷം സംസ്ഥാനത്തുടനീളം 13 എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്യുകയും 10 വ്യാജ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു പ്രതി നിലവില്‍ ഒളിവിലാണ്.

ഗ്രാമീണ, നഗര പ്രദേശങ്ങളിലെ താഴ്ന്ന, ഇടത്തരം വരുമാനക്കാരായ രോഗികളെ ലക്ഷ്യമിട്ടാണ് മിക്കവരും പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മാസം നാഗോണ്‍, ജോര്‍ഹട്ട് എന്നിവടങ്ങളില്‍ നിന്നുള്ള നാല് വ്യാജ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തിരുന്നു. നാലുപേരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.