പാർലമെൻ്റിൽ ഗോമാതാവിന്റെ പ്രതിമ പറ്റുമെങ്കിൽ പശുവിനെയും കയറ്റണം; ഇല്ലെങ്കിൽ പശുക്കളെയും കൊണ്ടുവരുമെന്ന് ജ്യോതിർ മഠ് ശങ്കരാചാര്യ | Shankaracharya Avimukteshwaranand on letting a cow into the parliament | India
Last Updated:
പ്രധാനമന്ത്രിക്കും പാര്‍ലമെന്റ് കെട്ടിടത്തിനും ഗോമാതാവിന്റെ അനുഗ്രഹം ലഭിക്കുമെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മുംബൈ: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ ഒരു പശുവിനെ പ്രവേശിപ്പിക്കണമായിരുന്നുവെന്ന് ഉത്തരാഖണ്ഡിലെ ജ്യോതിർ മഠ് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് (Shankaracharya Avimukteshwaranand). “ഗോമാതാവിന്റെ പ്രതിമ പാര്‍ലമെന്റില്‍ കയറ്റാമെങ്കില്‍ ജീവനുള്ള ഗോവിനെയും അകത്തേക്ക് കയറ്റാം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ കയ്യിൽ ഉണ്ടായിരുന്ന ചെങ്കോലില്‍ ഗോമാതാവിന്റെ രൂപം കൊത്തിയിരുന്നു. അതിനാൽ യഥാര്‍ത്ഥ പശുവിനെയും അനുഗ്രഹം തേടാനായി അവിടേക്ക് കൊണ്ടുപോകണമായിരുന്നു. ഇതിന് കാലതാമസമുണ്ടായാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഞങ്ങള്‍ പശുക്കളെ പാര്‍ലമെന്റിലേക്ക് കൊണ്ടുവരും,” അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രധാനമന്ത്രിക്കും പാര്‍ലമെന്റ് കെട്ടിടത്തിനും ഗോമാതാവിന്റെ അനുഗ്രഹം ലഭിക്കുമെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശുവിനെ ആദരിക്കുന്നതിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു പ്രോട്ടോക്കോള്‍ ഉടന്‍ തന്നെ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഗോമാതാവിനെ എങ്ങനെയാണ് ബഹുമാനിക്കേണ്ടതെന്ന് സംസ്ഥാനം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ആളുകള്‍ക്ക് പിന്തുടരാന്‍ കഴിയുന്ന വിധത്തില്‍ ഒരു പ്രോട്ടോക്കോള്‍ തയ്യാറാക്കുകയും അത് ലംഘിക്കുന്നവര്‍ക്ക് ശിക്ഷകള്‍ നിശ്ചയിക്കുകയും വേണം,” അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 100 പശുക്കളെ ഉള്‍ക്കൊള്ളുന്ന ഒരു ഗോശാല വേണമെന്നും ശങ്കരാചാര്യര്‍ ആവശ്യപ്പെട്ടു. “രാജ്യത്ത് 4123 ഗോശാലകള്‍ നിര്‍മിക്കണം. ദിവസേനയുള്ള പശുപരിപാലനം, സംരക്ഷണം, തദ്ദേശീയ ഇനങ്ങളെ പ്രോത്സാഹിപ്പിക്കല്‍ എന്നിവയില്‍ ഈ ഷെല്‍ട്ടറുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം,” അദ്ദേഹം പറഞ്ഞു.
“ഗോമാതാവിനെ പ്രോട്ടോക്കോള്‍ പാലിച്ച് കൃത്യമായി പരിപാലിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും. 100 പശുക്കളെ പരിപാലിക്കുന്നവർക്ക് പ്രതിമാസം രണ്ട് ലക്ഷം രൂപ വീതം നല്‍കണം,” അദ്ദേഹം ആവശ്യപ്പെട്ടു.
പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട ഹോഷംഗാബാദ് എംപി ദര്‍ശന്‍ സിംഗ് ചൗധരിയെ പിന്തുണച്ച് ധര്‍മ സന്‍സദ് അഭിനന്ദന പ്രമേയം പാസാക്കിയെന്നും ശങ്കരാചാര്യര്‍ പറഞ്ഞു.
പശുക്കളെ സംരക്ഷിക്കുകയും അവയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയമനിര്‍മാണത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ഥാനാര്‍ഥികളെ മാത്രമെ ജനങ്ങള്‍ പിന്തുണയ്ക്കാവൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ഇപ്പോഴത്തെ ഭരണകൂടം ഇതുവരെ ഞങ്ങളെ തൃപ്തിപ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ ഗോവധം പൂര്‍ണമായും നിര്‍ത്തണം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “നമുക്ക് പാല്‍ തരുന്ന പശുക്കളെ കശാപ്പ് ചെയ്യുമ്പോള്‍ സര്‍ക്കാര്‍ അമൃതകാലം ആഘോഷിക്കുന്നത് പരിഹാസ്യമായ കാര്യമാണ്. ഗോമാതാവിനെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമായവരെ നമ്മുടെ സഹോദരങ്ങള്‍ എന്ന് വിളിക്കാന്‍ പറ്റില്ല,” അദ്ദേഹം പറഞ്ഞു.
“ഭരണപരമായ കാര്യങ്ങള്‍ക്ക് വേണ്ടി ഹിന്ദി ഭാഷയെയാണ് ആദ്യം അംഗീകരിച്ചിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മറാത്തി സംസാരിക്കുന്ന സംസ്ഥാനം 1960ലാണ് രൂപീകരിച്ചത്. പിന്നീടാണ് മറാത്തി അംഗീകരിച്ചത്. ഹിന്ദി നിരവധി ഭാഷകളെ പ്രതിനിധീകരിക്കുന്നു. മറാത്തിക്കും ഇത് ബാധകമാണ്. ഏതൊരു അക്രമത്തെയും ക്രിമിനല്‍ കുറ്റമായി കണക്കാക്കണം,” ശങ്കരാചാര്യര്‍ പറഞ്ഞു.
Thiruvananthapuram,Kerala
August 06, 2025 12:08 PM IST
പാർലമെൻ്റിൽ ഗോമാതാവിന്റെ പ്രതിമ പറ്റുമെങ്കിൽ പശുവിനെയും കയറ്റണം; ഇല്ലെങ്കിൽ പശുക്കളെയും കൊണ്ടുവരുമെന്ന് ജ്യോതിർ മഠ് ശങ്കരാചാര്യ