Leading News Portal in Kerala

തമിഴ്നാട്ടില്‍ ഇനി റേഷന്‍ വീട്ടിലെത്തും; തുടക്കം ഓഗസ്റ്റ് 12ന് | India


Last Updated:

റേഷന്‍ കടകളുമായി ബന്ധപ്പെട്ട സഹകരണ വകുപ്പിലെ ജീവനക്കാര്‍ എല്ലാമാസവും രണ്ടാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കും

എം.കെ. സ്റ്റാലിൻഎം.കെ. സ്റ്റാലിൻ
എം.കെ. സ്റ്റാലിൻ

തമിഴ്‌നാട്ടില്‍ 70 വയസ്സു കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കും വികലാംഗര്‍ക്കും റേഷന്‍ ഉത്പന്നങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതി ഓഗസ്റ്റ് 12ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും. അരി, പഞ്ചസാര, ഗോതമ്പ്, പാമോയില്‍, തുവര പരിപ്പ് തുടങ്ങിയ അവശ്യവസ്തുക്കളാണ് വീട്ടിലെത്തിച്ച് നല്‍കുക. ചീഫ് മിനിസ്റ്റേഴ്‌സ് തായുമനവര്‍ സ്‌കീം എന്നാണ് ഇത് അറിയപ്പെടുക. സംസ്ഥാന വ്യാപകമായി ഈ സംരംഭം നടപ്പിലാക്കാന്‍ ജൂണ്‍ 17ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതായി ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംസ്ഥാനത്തെ ഏഴ് കോടി ജനസംഖ്യയ്ക്ക് 2.26 കോടി റേഷന്‍ കാര്‍ഡാണുള്ളത്. ഇതില്‍ 16.73 ലക്ഷം റേഷന്‍ കാര്‍ഡുകള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 21.7 ലക്ഷം ഗുണഭോക്താക്കള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടും. ഇതില്‍ 70 വയസ്സിന് മുകളില്‍ പ്രായമുള്ള ഒന്നോ അതിലധികമോ അംഗങ്ങള്‍ അടങ്ങിയ 15.81 ലക്ഷം കുടുംബ റേഷന്‍ കാര്‍ഡുകളും ഉള്‍പ്പെടുന്നു. ഇതിലൂടെ 20.42 ലക്ഷം ആളുകള്‍ക്കും പ്രയോജനമുണ്ടാകും. ഇതിന് പുറമെ 91,969 റേഷന്‍ കാര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1.27 ലക്ഷം ആളുകളെയും-ഇതില്‍ വികലാംഗരായവര്‍ ഉണ്ടെങ്കില്‍- ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

റേഷന്‍ കടകളുമായി ബന്ധപ്പെട്ട സഹകരണ വകുപ്പിലെ ജീവനക്കാര്‍ എല്ലാമാസവും രണ്ടാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കും. പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) മെഷീനുകളും തൂക്കം നോക്കുന്ന സ്‌കെയിലുകളും ഘടിപ്പിച്ച മിനി വാനിലും മറ്റ് വാഹനങ്ങളിലുമാണ് സാധനങ്ങള്‍ എത്തിച്ചു നല്‍കുക. “ആധാര്‍ ഒതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയശേഷം ജീവനക്കാര്‍ക്ക് ഗുണഭോക്താക്കള്‍ക്ക് അര്‍ഹതപ്പെട്ട സാധനങ്ങള്‍ വീട്ടുവാതില്‍ക്കല്‍ എത്തിച്ചു നല്‍കും,” സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു.

70 വയസ്സിനു മുകളിലുള്ള അംഗങ്ങള്‍ അടങ്ങിയ 18 വയസ്സിന് മുകളിലുള്ള ഒരു അംഗവുമില്ലാത്ത റേഷന്‍ കാര്‍ഡുകള്‍, എല്ലാ അംഗങ്ങളും വികലാംഗരോ, അല്ലെങ്കില്‍ ഒരാള്‍ മാത്രം വികലാംഗരോ ആയിട്ടുള്ള കാര്‍ഡുകള്‍, 18 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള മറ്റ് മുതിര്‍ന്ന അംഗങ്ങള്‍ ഇല്ലാത്ത കാര്‍ഡുകള്‍ എന്നിവയെയാണ് ഈ പദ്ധതിയിലൂടെ പ്രത്യേകമായി ലക്ഷ്യമിടുന്നത്.