ഇനി 11-ാം ക്ലാസിന് പൊതു പരീക്ഷയില്ല; ദേശീയ വിദ്യാഭ്യാസ നയത്തിന് ബദലായി തമിഴ്‌നാടിന്റെ വിദ്യാഭ്യാസ നയം Chief Minister Mk Stalin announced Tamil Nadus own education policy as an alternative to the National Education Policy | India
Last Updated:
കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയം സാമൂഹിക നീതിക്ക് വിരുദ്ധമാണെന്നും ഹിന്ദി അടിച്ചേൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നുമാരോപിച്ചാണ് തമിഴ്നാടിന്റെ നീക്കം
കേന്ദ്രസർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന് ( NEP ) ബദലായി തമിഴ്‌നാടിന്റെ സ്വന്തം വിദ്യാഭ്യാസ നയം പുറത്തിറക്കി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കേന്ദ്രത്തിന്റെ നയം സാമൂഹിക നീതിക്ക് വിരുദ്ധമാണെന്നും ഹിന്ദി അടിച്ചേൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നുമാരോപിച്ചാണ് തമിഴ്നാടിന്റെ നീക്കം. പുതിയ വിദ്യാഭ്യാസ നയ പ്രകാരം ഇനി 11-ാം ക്ലാസിന് പൊതു പരീക്ഷ ഉണ്ടാകില്ല.
തമിഴും ഇംഗ്ലീഷും എന്ന ദ്വിഭാഷാ നയം പിന്തുടരുന്നതിൽ തമിഴ്‌നാട് ഉറച്ചുനിൽക്കുന്നുവെന്നും വിദ്യാർത്ഥികളെ ഭാവിയിലേക്ക് സജ്ജരാക്കാൻ വേണ്ടിയാണ് സർക്കാർ പുതിയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയിരിക്കുന്നതെന്നും ചെന്നൈയിലെ അണ്ണാ സെൻട്രൽ ലൈബ്രറിയിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു
പുരോഗമനപരമായ ആദർശങ്ങളിൽ ആഴത്തിൽ വേരൂന്നിയതാണ് തമിഴ് നാടിന്റെ പുതിയ വിദ്യാഭ്യാസ നയം. കേവലം മനഃപാഠമാക്കി പഠിക്കുന്നതിനു പകരം ചിന്തിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികളെ സൃഷ്ടിക്കുക എന്നതാണ് നയത്തിന്റെ ലക്ഷ്യം. ശാരീരിക പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകാനും നയത്തിൽ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാടിന് എല്ലാത്തിലും ഒരു സവിശേഷ സ്വഭാവമുണ്ട്. പുരോഗമന ചിന്തയുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ, ഭാവിക്ക് ആവശ്യമായ കാഴ്ചപ്പാടോടെയാണ് ഈ വിദ്യാഭ്യാസ നയം തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് ഡി മുരുകേശൻ അധ്യക്ഷനായ 14 അംഗ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ നയം തമിഴ്‌നാട് സർക്കാർ രൂപീകരിച്ചത്. സ്വന്തമായി വിദ്യാഭ്യാസ നയം അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമാണ് തമിഴ്‌നാട്.
August 09, 2025 1:12 PM IST
ഇനി 11-ാം ക്ലാസിന് പൊതു പരീക്ഷയില്ല; ദേശീയ വിദ്യാഭ്യാസ നയത്തിന് ബദലായി തമിഴ്‌നാടിന്റെ വിദ്യാഭ്യാസ നയം