Operation Akhal | ജമ്മു കശ്മീരിലെ കുൽഗാമിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു Two soldiers martyred in encounter with terrorists in Jammu and Kashmirs Kulgam during Operation Akhal | India
Last Updated:
കഴിഞ്ഞ 9 ദിവസമായി തുടരുന്ന ഭീകരവിരുദ്ധ ഓപ്പറേഷൻ അഖാലിന്റെ ഭാഗമായാണ് ഏറ്റുമുട്ടലുണ്ടായത്
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ലാൻസ്/നായിക് പ്രീത്പാൽ സിംഗ്, ശിപായി ഹർമീന്ദർ സിംഗ് എന്നീ രണ്ട് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടതായി കരസേനയുടെ ചിനാർ കോർപ്സ് അറിയിച്ചു. കഴിഞ്ഞ 9 ദിവസമായി തുടരുന്ന ഭീകരവിരുദ്ധ ഓപ്പറേഷൻ അഖലിന്റെ ഭാഗമായാണ് വെടിവെയ്പ്പുണ്ടായത്. രാജ്യത്തിനുവേണ്ടിയുള്ള കർത്തവ്യനിർവ്വഹണത്തിൽ വീരമൃത്യു വരിച്ച രണ്ട് സൈനികരുടെയും പരമോന്നത ത്യാഗത്തെ ചിനാർ കോർപ്സ് ആദരിക്കുന്നുവെന്നും അവരുടെ ധൈര്യവും സമർപ്പണവും നമ്മെ എന്നും പ്രചോദിപ്പിക്കുമെന്നും സൈന്യം എക്‌സിൽ പോസ്റ്റ് ചെയ്തു.
ഓപ്പറേഷൻ ആരംഭിച്ചതിനുശേഷം പതിനൊന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു .കശ്മീർ താഴ്‌വരയിലെ ഏറ്റവും ദൈർഘ്യമേറിയ ഭീകരവിരുദ്ധ ദൌത്യങ്ങളിൽ ഒന്നാണിത്. തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച പ്രത്യേക വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ഓഗസ്റ്റ് ഒന്നിനാണ് ദക്ഷിണ കശ്മീരിലെ അഖാലില്‍ സുരക്ഷാ സേന ദൌത്യം ആരംഭിച്ചത്. ഓഗസ്റ്റ് ഒന്നിന് അഖാലിൽ ഒരു വനമേഖലയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനെ തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ഇതുൾപ്പെടെ ഓപ്പറേഷന്‍ അഖാലിന്റെ ഭാഗമായി ഇതുവരെ അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു. ഇതില്‍ മൂന്നുപേര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഭീകരവാദികളായിരുന്നു.
വനപ്രദേശത്ത് ഭീകരരെ കണ്ടെത്താനായി ഡ്രോണുകളും ഹെലികോപ്റ്ററുകളും നിരീക്ഷിക്ഷണം നടത്തുന്നുണ്ട്. ഒളിച്ചിരിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം പാരാ കമാൻഡോകളും നടത്തുന്നുണ്ട് .ജമ്മു കശ്മീർ പോലീസ് മേധാവി നളിൻ പ്രഭാത്, കരസേനയുടെ വടക്കൻ കമാൻഡർ ലഫ്റ്റനന്റ് ജനറൽ പ്രതീക് ശർമ്മ എന്നിവരുൾപ്പെടെ മുതിർന്ന പോലീസ്, സൈനിക ഉദ്യോഗസ്ഥർ ഓപ്പറേഷൻ നിരീക്ഷിക്കുന്നുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു .
New Delhi,Delhi
August 09, 2025 11:09 AM IST