സുപ്രീം കോടതിയുടെ തെരുവുനായ നിയന്ത്രണ ഉത്തരവിനെതിരെ രാഹുൽ ഗാന്ധി | Rahul Gandhi slams Supreme Court’s order on stray dogs | India
Last Updated:
തെരുവുനായകളെ പിടികൂടി മാറ്റുന്നത് ക്രൂരമാണെന്ന് രാഹുൽ ഗാന്ധി
ഡൽഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ രാഹുൽ ഗാന്ധി. നാം പതിറ്റാണ്ടുകളായി പിന്തുടരുന്ന മാനുഷികവും ശാസ്ത്രീയവുമായ സമീപനങ്ങളിൽനിന്നുള്ള പിൻമാറ്റമായിരിക്കും ഇതെന്ന് രാഹുൽ വിമർശിച്ചു. സോഷ്യൽമീഡിയയിലെ പോസ്റ്റിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
‘ഡൽഹി-എൻസിആറിൽ നിന്ന് എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്യാനുള്ള സുപ്രീം കോടതിയുടെ നിർദ്ദേശം നാം പതിറ്റാണ്ടുകളായി പിന്തുടരുന്ന മാനുഷികവും ശാസ്ത്രീയവുമായ സമീപനങ്ങളിൽനിന്നുള്ള പിൻമാറ്റമായിരിക്കും. ശബ്ദമില്ലാത്ത ഈ ആത്മാക്കൾ തുടച്ചുനീക്കപ്പെടേണ്ടതായ പ്രശ്നങ്ങളല്ല.
തെരുവ് നായകൾക്ക് ഷെൽട്ടറുകൾ, വന്ധ്യംകരണം, കുത്തിവെയ്പ്പ്, കമ്മ്യൂണിറ്റി കെയര്‍ എന്നിവ ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകണം. തെരുവുനായകളെ പിടികൂടി മാറ്റുന്നത് ക്രൂരമാണെന്നും സഹതാപം ഇല്ലാത്തതുമായ പ്രവൃത്തിയാണ്.
ക്രൂരതയില്ലാതെ തന്നെ തെരുവുനായകളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ട്. ഇത്തരം മാര്‍ഗങ്ങള്‍ ഏര്‍പ്പെടുന്നതിലൂടെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നും അതിനൊപ്പം മൃഗക്ഷേമവും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കും.’- രാഹുൽ ഗാന്ധി കുറിച്ചു.
ഡൽഹിയിൽ തെരുവുനായ ശല്യം രൂക്ഷമായിരുന്നു. കുട്ടികളെയടക്കമുള്ള ജനങ്ങളെ കടിക്കുകയും നിരവധി പേർ ആശുപത്രിയിലും നിരവധി പേർക്ക് പേവിഷബാധയേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കാനാണ് സുപ്രീം കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചത്. ഇതിനുവേണ്ടി എത്രയുംവേഗം നടപടികൾ ആരംഭിക്കണമെന്നും അധികൃതരോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് രാഹുൽഗാന്ധി പ്രതികരിച്ചത്.
August 12, 2025 10:24 PM IST