മഹാത്മാഗാന്ധിയുടെ ഘാതകരുടെ പിന്മുറക്കാർ തന്നെയും കൊല്ലുമെന്ന് രാഹുൽ ഗാന്ധി; ജീവൻ അപകടത്തിലെന്ന് കോടതിയിൽ|Rahul Gandhi in court says descendants of Mahatma Gandhi killers will kill him too | India
Last Updated:
സ്വാതന്ത്ര്യ സമര സേനാനിയും ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞനുമായ വി ഡി സവർക്കറിനെതിരെ രാഹുൽ ഗാന്ധി നടത്തിയതായി ആരോപിക്കപ്പെടുന്ന ചില പരാമർശങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്
മഹാത്മാഗാന്ധിയുടെ ഘാതകരുടെ പിന്മുറക്കാർ തന്നെയും കൊല്ലുമെന്ന് രാഹുൽ ഗാന്ധി. തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളും തനിക്കെതിരായ മാനനഷ്ടക്കേസിലെ പരാതിക്കാരനായ സത്യകി സവർക്കറുടെ വംശപരമ്പരയും കണക്കിലെടുക്കുമ്പോൾ, ജീവന് ഭീഷണി നേരിടുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൂനെ കോടതിയെ അറിയിച്ചു.
വിനായക് ദാമോദർ സവർക്കറുടെ അനന്തരവനായ സത്യകി സവർക്കർ രാഹുൽ ഗാന്ധിക്കെതിരെ നൽകിയ മാനനഷ്ടക്കേസിന്റെ വാദം കേൾക്കുന്നതിനിടെ, എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകൾക്കായുള്ള പ്രത്യേക കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് ഇക്കാര്യം ഉന്നയിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
സ്വാതന്ത്ര്യ സമര സേനാനിയും ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞനുമായ വി ഡി സവർക്കറിനെതിരെ രാഹുൽ ഗാന്ധി നടത്തിയതായി ആരോപിക്കപ്പെടുന്ന ചില പരാമർശങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്. വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല.
വിനായക് ദാമോദർ സവർക്കറിനെതിരായ പരാമർശത്തിന് തന്റെ മുത്തശ്ശി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അതേ വിധി താനും നേരിടേണ്ടിവരുമെന്ന് ചില ബിജെപി എംപിമാർ തന്നെ ഭീഷണിപ്പെടുത്തിയതായി രാഹുൽ ഗാന്ധി ആരോപിച്ചു.
രാഹുലിന്റെ അഭിഭാഷകൻ അഡ്വ. മിലിന്ദ് പവാർ ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഫസ്റ്റ് ക്ലാസ്) അമോൽ ഷിൻഡെ മുമ്പാകെ സമർപ്പിച്ച അപേക്ഷയിൽ, പരാതിക്കാരനായ സത്യകി സവർക്കർ, മഹാത്മാഗാന്ധിയുടെ വധത്തിലെ പ്രധാന പ്രതികളായ നാഥുറാം ഗോഡ്സെയുടെയും ഗോപാൽ ഗോഡ്സെയുടെയും മാതൃപരമ്പരയിലൂടെയുള്ള നേരിട്ടുള്ള പിൻഗാമിയാണെന്ന് സമ്മതിച്ചതായി പറയുന്നു.
അതേസമയം കേസിൽ ഗാന്ധിക്ക് കോടതി ഇതിനകം ജാമ്യം അനുവദിച്ചിട്ടുണ്ട്. ഹർജിയോട് പ്രതികരിച്ച സത്യകി സവർക്കർ, ഇത് ബാലിശമാണെന്നും വിചാരണ വൈകിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫയൽ ചെയ്തതെന്നും പറഞ്ഞു. അപേക്ഷയിൽ പരാമർശിച്ചിരിക്കുന്ന വസ്തുതകൾക്ക് ഇപ്പോഴത്തെ കേസുമായി യാതൊരു ബന്ധവുമില്ലെന്നും സത്യകി സവർക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
New Delhi,Delhi
August 13, 2025 8:22 PM IST
മഹാത്മാഗാന്ധിയുടെ ഘാതകരുടെ പിന്മുറക്കാർ തന്നെയും കൊല്ലുമെന്ന് രാഹുൽ ഗാന്ധി;ജീവൻ അപകടത്തിലെന്ന് കോടതിയിൽ