യോഗി ആദിത്യനാഥിനെ പ്രശംസിച്ച എംഎൽഎയെ അഖിലേഷ് യാദവ് പുറത്താക്കി Akhilesh Yadav expels MLA who praised Yogi Adityanath for delivering justice in her husbands murder case | India
Last Updated:
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഗുരുതരമായ അച്ചടക്ക ലംഘനം നടത്തുകയും ചെയ്തെന്നാരോപിച്ചാണ് എംഎൽഎയെ പുറത്താക്കിയത്
ഭർത്താവിന്റെ കൊലപാതകക്കേസിൽ നീതി നടപ്പാക്കിയതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നന്ദി പറയുകയും കുറ്റവാളികൾക്കെതിരെ സഹിഷ്ണുതയില്ലാത്ത നയങ്ങൾ കൊണ്ടുവന്നതിന് അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തതിന് സമാജ്‌വാദി പാർട്ടി (എസ്പി) എംഎൽഎ പൂജ പാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി എസ് പി മേധാവി അഖിലേഷ് യാദവ്. യോഗി ആദിത്യനാഥിനെ പ്രശംസിച്ച് മണിക്കൂറുകൾക്കകമാണ് നടപടി.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഗുരുതരമായ അച്ചടക്ക ലംഘനം നടത്തുകയും മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിട്ടും അത് തുടരുകയും പാർട്ടിക്ക് കാര്യമായ ദോഷം വരുത്തുകയും ചെയ്തതിനാലാണ് പൂജ പാലിനെ പാർട്ടിയിൻ നിന്ന് പുറത്താക്കുന്നതെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. പൂജയ്ക്ക് ഇനി ഒരു പാർട്ടി പരിപാടികളിലും പങ്കെടുക്കാൻ അനുവാദമില്ലെന്നും ഭാവിയിൽ പാർട്ടി പരിപാടികളിലേക്ക് ക്ഷണിക്കുകയുമില്ലെന്നും അഖിലേഷ് യാദവ് തന്റെ പ്രസ്താവനയിൽ പറഞ്ഞു.പൂജാ പാലനിനെ പുറത്താക്കിയത് വലിയ രാഷ്ടീയ കോളിളക്കമാണ് സംസ്ഥാനത്തുണ്ടാക്കിയത്. ഭരണകക്ഷിയായ ബിജെപി, പ്രതിപക്ഷം ദളിത് വിരുദ്ധർ ആണെന്ന് ആരോപിച്ചു.
2005 ജനുവരി 25 ന് പൂജയെ വിവാഹം കഴിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മുൻ എംഎൽഎ രാജു പാൽ വെടിയേറ്റ് കൊല്ലപ്പെടുന്നത്.2004-ൽ പ്രയാഗ്‌രാജ് വെസ്റ്റ് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ രാജു പരാജയപ്പെടുത്തിയ ഗുണ്ടാസംഘത്തലവൻ ആതിക് അഹമ്മദിന്റെ സഹോദരൻ അഷ്‌റഫുമായുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഫലമായാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. പിന്നീട് പൊലീസ് ആതിഖിനെയും അഷ്‌റഫിനെയും അറസ്റ്റ് ചെയ്തിരുന്നു. 2023 ഏപ്രിലിൽ ആതിഖ് അഹമ്മദും സഹോദരനും പോലീസ് സുരക്ഷയ്ക്കിടയിൽ വെടിയേറ്റ് മരിച്ചു. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു മൂന്ന് പേർ ആതിഖിനെയും അഷ്‌റഫിനെയും വെടിവച്ച് കൊന്നത്.
ഉത്തർപ്രദേശ് നിയമസഭയിൽ ‘വിഷൻ ഡോക്യുമെന്റ് 2047’ എന്ന വിഷയത്തിൽ 24 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചയിൽ സംസാരിക്കവെയാണ് പൂജ യോഗി ആദിത്യ നാഥിനെ പ്രശംസിച്ചത്.ആതിഖ് അഹമ്മദിനെപ്പോലുള്ള കുറ്റവാളികളെ കൊല്ലുന്നതിലേക്ക് നയിച്ച സീറോ ടോളറൻസ് പോലുള്ള നയങ്ങൾ കൊണ്ടുവന്നുകൊണ്ട് പ്രയാഗ്‌രാജിൽ എന്നെപ്പോലെയുള്ള നിരവധി സ്ത്രീകൾക്ക് മുഖ്യമന്ത്രി നീതി നൽകി. ഇന്ന്, മുഴുവൻ സംസ്ഥാനവും അദ്ദേഹത്തെ വിശ്വാസത്തോടെയാണ് നോക്കുന്നതെന്ന് പൂജ പറഞ്ഞു.ആതിഖ് അഹമ്മദിനെപ്പോലുള്ള കുറ്റവാളികൾക്കെതിരെ പോരാടാൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ ശബ്ദം ഉയർത്തി. ഈ പോരാട്ടത്തിൽ ഞാൻ തളർന്നുപോയപ്പോൾ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എനിക്ക് നീതി നൽകി അവർ കൂട്ടിച്ചേർത്തു.
August 14, 2025 8:09 PM IST