ധർമസ്ഥല വെളിപ്പെടുലിന് പിന്നിൽ ക്ഷേത്രത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ഡി കെ ശിവകുമാർ| karnataka deputy cm dk shivakumar alleges major conspiracy behind Dharmasthala case | India
Last Updated:
‘ഇതിന് പിന്നിൽ ആരാണെന്ന് ഞാൻ പറയുന്നില്ല, എന്നാൽ ക്ഷേത്രത്തെ തകർക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് വെളിപ്പെടുത്തലിന് പിന്നിലുള്ളത്. മുഖം മറച്ചുകൊണ്ട് ഒരാൾ കോടതിയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. ഇതുവരെ നടത്തിയ പരിശോധനകളിൽ കാര്യമായി ഒന്നും കണ്ടെത്തിയിട്ടില്ല’
ബെംഗളൂരു: ധര്‍മസ്ഥലയിൽ നൂറോളം സ്ത്രീകളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. നൂറ്റാണ്ടുകൾ നീണ്ട പാരമ്പര്യത്തെ കളങ്കപ്പെടുത്താൻ ചിലർ ശ്രമിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. മതവിശ്വാസത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഒരു മതവികാരവും വ്രണപ്പെടുത്താൻ പാടില്ലെന്നും അടിസ്ഥാനരഹിതമായി ആരോപണം ഉന്നയിച്ചവർക്കെതിരേ നടപടിയുണ്ടാകുമെന്നും ശിവകുമാർ പറഞ്ഞു.
ഇതിന് പിന്നിൽ ആരാണെന്ന് ഞാൻ പറയുന്നില്ല, എന്നാൽ ക്ഷേത്രത്തെ തകർക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് വെളിപ്പെടുത്തലിന് പിന്നിലുള്ളത്. മുഖം മറച്ചുകൊണ്ട് ഒരാൾ കോടതിയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. ഇതുവരെ നടത്തിയ പരിശോധനകളിൽ കാര്യമായി ഒന്നും കണ്ടെത്തിയിട്ടില്ല. ധർമസ്ഥലയടക്കം ഒരു തീർഥാടനകേന്ദ്രത്തിന്റെയും ശ്രേഷ്ഠതയെ ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെളിപ്പെടുത്തലിന്റെപേരിൽ എസ്‌ഐടി രൂപവത്കരിച്ച് അന്വേഷണം നടത്തുന്നതിനെതിരേ കോൺഗ്രസിനുള്ളിൽനിന്നുതന്നെ എതിർപ്പുയർന്നിട്ടുണ്ട്. മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജനാർദന പൂജാരി കഴിഞ്ഞദിവസം ഇതിന്റെ പേരിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ശിവകുമാറും അന്വേഷണത്തിനെതിരേ രംഗത്തുവന്നിരിക്കുന്നത്.
“ഇതിനെക്കുറിച്ച് ആഭ്യന്തരമന്ത്രി സംസാരിക്കും. വസ്തുതകൾ എനിക്കറിയാം, പക്ഷേ വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ ഒരു പ്രൊഫഷണൽ അന്വേഷണം ഞങ്ങൾ ആഗ്രഹിക്കുന്നു. ഹിന്ദുമതമോ മറ്റേതെങ്കിലും മതമോ വികാരങ്ങളെ വ്രണപ്പെടുത്തരുത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, പക്ഷേ ആരെയും കാരണമില്ലാതെ ലക്ഷ്യം വയ്ക്കരുത്,” അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെതിരായ ബിജെപി ആരോപണങ്ങൾക്ക് മറുപടിയായി, രാഷ്ട്രീയ ഇടപെടലിന്റെ അവകാശവാദങ്ങൾ ഉപമുഖ്യമന്ത്രി തള്ളിക്കളഞ്ഞു. “ഇല്ല, അങ്ങനെയുള്ള ഒന്നുമില്ല. അത് ധർമസ്ഥലമായാലും മറ്റേതെങ്കിലും മതസ്ഥലമായാലും, അതിന്റെ അന്തസ്സിന് വിട്ടുവീഴ്ച ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങളുടെ നിലപാട് വ്യക്തമാണ്: എല്ലാ മതങ്ങളോടും നീതിയും ബഹുമാനവും ഒരുപോലെ. പാർട്ടിയും സർക്കാരും ഈ തത്വത്തിൽ പ്രതിജ്ഞാബദ്ധരാണ്,” അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
Bangalore [Bangalore],Bangalore,Karnataka
August 15, 2025 12:09 PM IST