ഹൈദരാബാദിൽ പാക് വംശജനായ ഭര്‍ത്താവ് നിര്‍ബന്ധിത മതപരിവർത്തനം നടത്തിയതായി ഭാര്യ Wife alleges Pakistani-origin husband forced religious conversion in Hyderabad | India
Last Updated:
ഭാര്യയുടെ പരാതിയിൽ പൊലീസ് ഭർത്താവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു
ഹൈദരാബാദില്‍ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് പാക്കിസ്ഥാന്‍ വംശജനായ ഭര്‍ത്താവിനെ ലങ്കര്‍ ഹൗസ് പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ഫഹദ് തന്നെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന് ആരോപിച്ച് ഭാര്യ കീര്‍ത്തി നല്‍കിയ വഞ്ചനാ കേസിലാണ് നടപടി.
2016-ലാണ് പാക്കിസ്ഥാനില്‍ നിന്നുള്ള മുസ്ലീം യുവാവായ ഫഹദിനെ കീര്‍ത്തി വിവാഹം കഴിക്കുന്നത്. നേരത്തെ കീര്‍ത്തി മറ്റൊരു വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയാണ് ഫഹദിനെ വിവാഹം ചെയ്തത്. ആദ്യ ബന്ധത്തില്‍ കീർത്തിക്ക് ഒരു കുട്ടിയുണ്ടായിരുന്നു.
ഫഹദുമായുള്ള വിവാഹശേഷം അവര്‍ ഇസ്ലാം മതം സ്വീകരിച്ച് സോഹ ഫാത്തിമ എന്ന് പേര് മാറ്റിയതായാണ് റിപ്പോര്‍ട്ട്. അടുത്തിടെയാണ് കീര്‍ത്തി ഫഹദിനെതിരെ വഞ്ചനാ കേസ് നല്‍കിയത്. ആദ്യം അവര്‍ ബഞ്ചാര ഹില്‍സ് പോലീസിനെയാണ് പരാതിയുമായി സമീപിച്ചത്. എന്നാല്‍, ദമ്പതികള്‍ ലങ്കര്‍ ഹൗസ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നതിനാല്‍ അവിടെ പരാതി നല്‍കാന്‍ ബഞ്ചാര പോലീസ് നിര്‍ദ്ദേശിച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആരോപിച്ചാണ് കീര്‍ത്തി കേസ് നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഫഹദിനെ അറസ്റ്റു ചെയ്തു. മതപരിവര്‍ത്തന കുറ്റം അന്വേഷിക്കുകയാണ്. എന്നാല്‍ പരാതിയില്ലാതെ ദമ്പതികൾ വര്‍ഷങ്ങളോളം ഒരുമിച്ച് താമസിച്ചിരുന്നതിനാല്‍ കീര്‍ത്തി ഇതില്‍ രാഷ്ട്രീയ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
“ഫഹദിന്റെ പിതാവ് പാക്കിസ്ഥാനില്‍ നിന്നുള്ളയാളാണ്. എന്നാല്‍ അമ്മ ഇന്ത്യക്കാരിയാണ്. പിതാവിന്റെ മരണശേഷം കുടുംബം ഇന്ത്യയിലേക്ക് മാറുകയായിരുന്നു. 1998 മുതല്‍ ഇവര്‍ ഇന്ത്യയിലാണ് താമസിക്കുന്നത്. 1990-ല്‍ സൗദി അറേബ്യയില്‍വെച്ചാണ് ഫഹദിന്റെ മാതാപിതാക്കള്‍ വിവാഹിതരായത്. എട്ട് വര്‍ഷത്തിനുശേഷം പിതാവ് മരണപ്പെട്ടു. പിന്നീട് നാല് കുട്ടികളുമായി ഫഹദിന്റെ അമ്മ ഇന്ത്യയിലേക്ക് താമസം മാറി. ഫഹദ് ഇന്ത്യയില്‍ തന്നെയാണ് പഠിച്ചതും വളര്‍ന്നതും. അദ്ദേഹത്തിന് സഹോദരങ്ങള്‍ക്കും ഇന്ത്യന്‍ പൗരത്വവും പാസ്‌പോര്‍ട്ടും ഉണ്ട്. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല”, പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, ഫഹദ് തന്റെ ഔദ്യോഗിക രേഖകള്‍ വ്യാജമായി നേടിയതാണെന്നും അദ്ദേഹത്തെ വിവാഹം കഴിക്കുന്നതിന് മുമ്പ് അദ്ദേഹം ഒരു പാകിസ്ഥാനിയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും കീര്‍ത്തി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ് ഫഹദ് ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി നേടിയതെന്നും അവര്‍ ആരോപിച്ചിട്ടുണ്ട്.
New Delhi,Delhi
August 16, 2025 4:07 PM IST