Leading News Portal in Kerala

ശുഭാംശു ശുക്ല ഇന്ത്യയിലെത്തി; വിമാനത്താവളത്തിൽ വൻ സ്വീകരണം | Spacefarer Shubhanshu Shukla lands in Delhi | India


Last Updated:

സ്വാതന്ത്ര്യദിന പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ശുക്ലയെക്കുറിച്ച് പരാമർശിച്ചിരുന്നു

News18News18
News18

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്ത ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല രാജ്യത്ത് തിരിച്ചെത്തി. ഇന്ന് പുലർച്ചെയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങളും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐ.എസ്.ആർ.ഒ. ചെയർമാൻ വി. നാരായണൻ എന്നിവരും സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

ശുഭാംശു ശുക്ലയെ സ്വീകരിയ്ക്കാൻ ദേശീയ പതാകയുമായി നിരവധി പേർ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു. കുടുംബത്തെയും കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ‘ഇതാണ് ജീവിതമെന്നാണ് ഞാൻ കരുതുന്നത്’- ശുഭാംശു ശുക്ല കുറിച്ചു.

ആക്സിയോം-4 ദൗത്യത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം ജൂൺ 26-നാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ എത്തിയത്. ജൂലൈ 15 ന് തിരികെ എത്തിയിരുന്നു. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു തുടങ്ങിയവരും ദൗത്യത്തിന്റെ ഭാഗമായിരുന്നു.

പ്രധാനമന്ത്രി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും. സ്വാതന്ത്ര്യദിന പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ശുക്ലയെക്കുറിച്ച് പരാമർശിച്ചിരുന്നു. ഓഗസ്റ്റ് 23-ന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും.