Leading News Portal in Kerala

സി പി രാധാകൃഷ്ണൻ‌: മോദിയുടെ വിശ്വസ്തൻ‌ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വരുമ്പോൾ ഡിഎംകെ പിന്തുണയ്ക്കുമോ? | India


Last Updated:

മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുമായി അടുത്ത ബന്ധം. എന്നാൽ പിന്തുടരുന്ന പ്രവർത്തനശൈലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതും

സി പി രാധാകൃഷ്ണനും നരേന്ദ്ര മോദിയും (ഫയൽ ചിത്രം)സി പി രാധാകൃഷ്ണനും നരേന്ദ്ര മോദിയും (ഫയൽ ചിത്രം)
സി പി രാധാകൃഷ്ണനും നരേന്ദ്ര മോദിയും (ഫയൽ ചിത്രം)
ന്യൂഡൽഹി: പറഞ്ഞുകേട്ട പേരുകളെല്ലാം ഒഴിവാക്കി, തമിഴ്നാട്ടിൽ നിന്നുള്ള സി പി രാധാകൃഷ്ണനെയാണ് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ബിജെപി തിരഞ്ഞെടുത്തത്. തികച്ചും ആകസ്മികമായി രാജിപ്രഖ്യാപിച്ച ജഗ്ധീപ് ധൻഖറിന് പകരക്കാരനായി തലമുതിർന്ന നേതാവിനെ തന്നെയാണ് ബിജെപി നിശ്ചയിച്ചിരിക്കുന്നത്. ഇതിനുപുറമെ ദക്ഷിണേന്ത്യയിൽനിന്ന്, പ്രത്യേകിച്ച് തമിഴ്നാട്ടിൽനിന്നുള്ള നേതാവിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിയോഗിക്കുമ്പോൾ മോദി നൽകുന്ന രാഷ്ട്രീയ സന്ദേശവും വ്യക്തമാണ്.
ഡിഎംകെ പിന്തുണയ്ക്കുമോ?

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽ‌ക്കെ, ബിഹാറിൽനിന്നുള്ളയാളാകും അടുത്ത ഉപരാഷ്ട്രപതിയെന്ന അഭ്യൂഹം ശക്തമായിരുന്നു. നിലവിലെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവൻഷിനെ പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ബിജെപി തിരഞ്ഞെടുത്തത് തമിഴ്നാട്ടിൽ‌ നിന്നുള്ള മുതിർന്ന നേതാവ് സി പിരാധാകൃഷ്ണനെയായിരുന്നു. അടുത്ത വർഷം തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. അണ്ണാഡിഎംകെയുമായി വീണ്ടും സഖ്യം രൂപീകരിച്ച ബിജെപി, തമിഴ്നാട്ടിൽ മികച്ച പ്രകടനം നടത്താനുള്ള ഒരുക്കത്തിലാണ്. ഭരണകക്ഷിയായ ഡിഎംകെയ്‌ക്കും നടൻ വിജയ്‌യുടെ ടിവികെയ്ക്കുമെതിരെയാണ് അണ്ണാഡിഎംകെ- ബിജെപി പോരാട്ടം. തമിഴ്നാട്ടിൽ നിന്നുള്ള നേതാവ് ഉപരാഷ്ട്രപതി കസേരയിൽ‌ എത്തുന്നതിനോട് ഡിഎംകെ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയേണ്ടത്.

ആർഎസ്എസിൽ നിന്ന് ബിജെപിയിലേക്ക്

2004 മുതൽ 2007 വരെ ബിജെപി തമിഴ്നാട് ഘടകം പ്രസിഡന്റായിരുന്നു രാധാകൃഷ്ണൻ. ഈ സമയത്താണ് 93 ദിവസം നീണ്ടുനിന്ന 19,000 കിലോമീറ്റർ ‘രഥയാത്ര’ നടത്തിയത്. ഇന്ത്യയിലെ നദികളെ ബന്ധിപ്പിക്കുക, ഭീകരത ഇല്ലാതാക്കുക, ഏക സിവിൽ കോഡ് നടപ്പിലാക്കുക, തൊട്ടുകൂടായ്മ ഇല്ലാതാക്കുക, ലഹരിമരുന്നുകൾക്കെതിരെ പോരാടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു യാത്ര.

1957 ഒക്ടോബർ 20ന് തിരുപ്പൂരിൽ ജനിച്ച രാധാകൃഷ്ണൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരിയാണ്. ആർഎസ്എസ്, ജനസംഘം എന്നിവയിലൂടെയാണ് പൊതുരംഗത്ത് പ്രവേശിച്ചത്. 1974ൽ ജനസംഘത്തിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി. 1996ൽ തമിഴ്‌നാട് ബിജെപിയുടെ സെക്രട്ടറിയായി നിയമിതനായി. 1998ൽ കോയമ്പത്തൂരിൽനിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട് ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1999ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ഇക്കാലയളവിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി (ടെക്സ്റ്റൈൽസ്) ചെയർമാനായി രാധാകൃഷ്ണൻ സേവനമനുഷ്ഠിച്ചു. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങൾക്കായുള്ള പാർലമെന്ററി കമ്മിറ്റിയിലും (പി‌എസ്‌യു) ധനകാര്യത്തിനായുള്ള കൺസൽട്ടേറ്റീവ് കമ്മിറ്റിയിലും അംഗമായിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ച് കുംഭകോണം അന്വേഷിക്കുന്ന പ്രത്യേക പാർലമെന്ററി കമ്മിറ്റിയുടെയും ഭാഗമായിരുന്നു. 2004ൽ ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി അദ്ദേഹം യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തു. തായ്‌വാനിലേക്കുള്ള ആദ്യത്തെ ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘത്തിലും അംഗമായിരുന്നു.

കേരള പ്രഭാരി, പിന്നാലെ ഗവർണർ

മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുമായി അടുത്ത ബന്ധം. എന്നാൽ പിന്തുടരുന്ന പ്രവർത്തനശൈലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതും. ഒന്നാം മോദി സർ‌ക്കാരിന്റെ കാലത്ത് കൊച്ചി ആസ്ഥാനമായ കയർ ബോർഡിന്റെ ചെയർമാനായിരുന്നു. ഇന്ത്യയുടെ കയർ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 2,532 കോടി രൂപയിലെത്തിയത് രാധാകൃഷ്ണൻ ചെയർമാനായിരുന്ന സമയത്താണ്.

2020 മുതൽ രണ്ടു വർഷം കേരള ബിജെപിയുടെ ചുമതല (പ്രഭാരി) വഹിച്ചു. 2023 ഫെബ്രുവരി 18ന് ജാർഖണ്ഡ് ഗവർണറായി നിയമിച്ചു. അധികാരമേറ്റ് നാല് മാസത്തിനുള്ളിൽ അദ്ദേഹം സംസ്ഥാനത്തെ 24 ജില്ലകളിലും സഞ്ചരിച്ച് പൗരന്മാരുമായും ഉദ്യോഗസ്ഥരുമായും നേരിട്ട് സംവദിച്ചു. തെലങ്കാന ഗവർണറായും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായും അധിക ചുമതലയും വഹിച്ചു. 2024 ജൂലൈ 31നാണ് രാധാകൃഷണൻ മഹാരാഷ്ട്ര ഗവർണറായി സത്യപ്രതിജ്ഞ ചെയ്തത്. ഒരു വർഷത്തിനു ശേഷം ഇപ്പോൾ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിത്വവും തേടിയെത്തി.

Summary: Maharashtra Governor CP Radhakrishnan has been officially declared as the candidate of the ruling NDA for the Vice Presidential election, nearly a month after Jagdeep Dhankhar resigned from his position. Radhakrishnan’s candidate was announced by BJP national president JP Nadda at a press conference after the conclusion of the party’s parliamentary board meeting, chaired by Prime Minister Narendra Modi.

മലയാളം വാർത്തകൾ/ വാർത്ത/India/

സി പി രാധാകൃഷ്ണൻ‌: മോദിയുടെ വിശ്വസ്തൻ‌ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വരുമ്പോൾ ഡിഎംകെ പിന്തുണയ്ക്കുമോ?