Exclusive:സിന്ധു നദീജല കരാര്‍; നെഹ്‌റു പാക്കിസ്ഥാനുമായി ഉടമ്പടിയുണ്ടാക്കിയത് പാര്‍ലമെന്റ് അനുമതിയില്ലാതെ | Nehru made Indus Waters Treaty signed without parliament nod | India
ഓഗസ്റ്റ് 15-ന് ചെങ്കോട്ടയില്‍ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി സിന്ധു നദീജല കരാറിനെ കുറിച്ച് വീണ്ടും പരാമര്‍ശിച്ചു. 1960-ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പാക്കിസ്ഥാനുമായി ഒപ്പുവെച്ച സിന്ധു നദീജല ഉടമ്പടി അന്യായവും ഏകപക്ഷീയവുമായിരുന്നുവെന്നാണ് നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഈ കരാര്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് സങ്കല്‍പ്പിക്കാനാകാത്ത നഷ്ടം വരുത്തിവച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഉടമ്പടി വീണ്ടും ചർച്ചയായിരിക്കുകയാണ്.
പാര്‍മെന്റിലെ മിക്ക എംപിമാരും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ഈ ഉടമ്പടിയെ വിമര്‍ശിച്ചു. എന്നാല്‍ ആ വാക്കുകള്‍ ഭരണകൂടം ചെവികൊണ്ടില്ല. അന്ന് നടന്ന ചര്‍ച്ചകള്‍ എന്താണെന്നറിയാന്‍ സിഎന്‍എന്‍-ന്യൂസ് 18 പാര്‍ലമെന്റ് ആര്‍ക്കൈവുകള്‍ പരിശോധിച്ചു. എന്താണ് അന്ന് നടന്നതെന്ന് നോക്കാം.
1960 സെപ്റ്റംബര്‍ 19-ന് കറാച്ചിയില്‍ വച്ച് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാക്കിസ്ഥാന്‍ സൈനിക ഭരണാധികാരി പ്രസിഡന്റ് അയൂബ് ഖാനും ലോക ബാങ്ക് ഗ്യാരണ്ടറായി നിന്ന് സിന്ധു നദീജല ഉടമ്പടിയില്‍ ഒപ്പുവെച്ചുകഴിഞ്ഞിരുന്നു.
ഒരു ദശാബ്ദത്തിലേറെ നീണ്ട തര്‍ക്കത്തിനുശേഷം ലോകബാങ്ക് ഒരു പങ്കാളിയായി നിന്നാണ് ഇന്ത്യയും പാക്കിസ്ഥാനും സിന്ധു നദീജല കരാറില്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം മൂന്ന് കിഴക്കന്‍ നദികള്‍ രവി, ബിയാസ്, സജ്‌ലജ് എന്നിവയിലെ ജലം ഇന്ത്യയും മൂന്ന് പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് നദിയിലെ ജലം പാക്കിസ്ഥാനും കൊണ്ടുപോകും. എന്നാല്‍ പാക്കിസ്ഥാനിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ 83 കോടി രൂപ നല്‍കും. ഇതായിരുന്നു കരാറിന്റെ ഉള്ളടക്കം.
1960 നവംബര്‍ 30-നാണ് ലോക്‌സഭ സിന്ധു നദീജല കരാര്‍ ചര്‍ച്ചയ്ക്കായി വെച്ചത്. അത് വളരെ കുറഞ്ഞ സമയം മാത്രം നീണ്ടുനിന്ന ഒരു ചർച്ചയായിരുന്നു. ചർച്ചയുടെ ഉള്ളടക്കം ശക്തവും തീവ്രവുമായിരുന്നു. കരാറിനെ പാക്കിസ്ഥാനെതിരെയുള്ള പ്രായോഗിക രാഷ്ട്രതന്ത്രമായാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകൂടം പ്രതിരോധിച്ചത്. എന്നാല്‍ ഇന്ത്യ പാക്കിസ്ഥാനുവേണ്ടി വളരെയധികം ത്യാഗം ചെയ്തുവെന്ന് കരുതുന്ന കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ എംപിമാര്‍ കരാറിനെ ശക്തമായി എതിര്‍ത്തു. നെഹ്‍റുവിനെതിരെ ശക്തമായ ഭാഷയിൽ വിമർശനങ്ങളെയ്തു.
പാര്‍ലമെന്റിനെയോ പ്രതിപക്ഷ പാര്‍ട്ടികളെയോ വിശ്വാസത്തിലെടുക്കാതെ പാര്‍ലമെന്റ് അനുമതിയില്ലാതെയാണ് കരാര്‍ ഒപ്പുവെച്ചത്. പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു എത്തുമ്പോഴേക്കും കരാര്‍ അംഗീകരിക്കപ്പെട്ടിരുന്നു.
നെഹ്‌റു ഭരണകൂടം നേരിട്ട ഏറ്റവും രൂക്ഷമായ വിമര്‍ശനങ്ങളില്‍ ഒന്നായിരുന്നു ഇത്. മിക്കവാറും എല്ലാ അംഗങ്ങളും കരാറിനെ പാര്‍ലമെന്റില്‍ അപലപിച്ചു. കരാര്‍ അന്യായമാണെന്നും വിറ്റുതീര്‍ക്കലാണെന്നും ഒരു ‘രണ്ടാം വിഭജനം’ പോലെ ആണെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി. ശാശ്വതമായ സൗഹൃദം കൊണ്ടുവരാത്ത അപകടകരമായ ഇളവായി ബല്‍റാംപൂരില്‍ നിന്നുള്ള എംപിയായ അടല്‍ ബിഹാരി വാജ്‌പേയി കരാറിനെ ചിത്രീകരിച്ചു.
പത്ത് അംഗങ്ങള്‍ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ചു. വെറും രണ്ട് മണിക്കൂര്‍ മാത്രമാണ് എംപിമാർക്ക് ചർച്ചയ്ക്ക് അനുവദിച്ചത്. ഉടമ്പടി രൂപപ്പെടുത്തുന്നതില്‍ പാര്‍ലമെന്റിന് ഒരു പങ്കും നല്‍കിയിട്ടില്ലെന്ന് തുടക്കം മുതല്‍ തന്നെ വ്യക്തമായിരുന്നു. ഒരു വിധിന്യായത്തോടുള്ള പ്രതികരണത്തിനുള്ള അവസരം മാത്രമാണ് അന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ലഭിച്ചത്.
സഹകരണത്തിന്റെ മാതൃകയായാണ് ഉടമ്പടിയെ നെഹ്‌റു പ്രശംസിച്ചത്. അതേസമയം, എല്ലാ മേഖലകളില്‍ നിന്നുമുള്ള എംപിമാര്‍ ഇതിന് നിരാശയോടെ പ്രതികരിച്ചു. ധെങ്കനലില്‍ നിന്നുള്ള എംപി സുരേന്ദ്ര മൊഹന്തിയാണ് (അഖിലേന്ത്യ ഗണതന്ത്ര പരിഷത്ത്) ചര്‍ച്ച തുടങ്ങിയത്. പ്രധാനമന്ത്രി തന്നെ സന്നിഹിതനാകണമെന്ന് അദ്ദേഹം പറഞ്ഞു. “അദ്ദേഹം കരാറില്‍ ഒപ്പുവെച്ചയാളാണ്. ഈ കരാര്‍ ഉണ്ടാക്കിയതിന്റെ കാരണം അദ്ദേഹത്തിന് മാത്രമേ വിശദീകരിക്കാന്‍ കഴിയൂ”, സുരേന്ദ്ര മൊഹന്തി പാര്‍ലമെന്റില്‍ പറഞ്ഞു.
രാജ്യത്തെ സംബന്ധിച്ച് കരാര്‍ ഒരു വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് ഫിറോസാബാദില്‍ നിന്നുള്ള സ്വതന്ത്ര എംപി ബ്രജ് രാജ് സിംഗ് പറഞ്ഞു. കേന്ദ്ര ജലസേചന വകുപ്പ് മന്ത്രി ഹാഫിസ് മുഹമ്മദ് ഇബ്രാഹിം സഭയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പ്രധാനമന്ത്രി സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, കരാറിനെയും ഏകപക്ഷീയമായി ഇക്കാര്യത്തില്‍ നിലപെടടുത്ത നെഹ്‌റുവിനെയും വിമര്‍ശിക്കാന്‍ വേദിയൊരുങ്ങിയിരുന്നു. തുടര്‍ന്ന് ഓരോരുത്തരായി വിമര്‍ശനങ്ങള്‍ എയ്തു.
രാജസ്ഥാനില്‍ നിന്നും ലോക്‌സഭയിലെത്തിയ കോണ്‍ഗ്രസ് എംപിയായിരുന്ന ഹരീഷ് ചന്ദ്ര മാത്തൂര്‍ ഒരു പ്രതിപക്ഷ അംഗത്തെ പോലെ നെഹ്‌റുവിനെതിരെ സംസാരിച്ചു. സിന്ധു നദീജലത്തെ വളരെയധികം ആശ്രയിച്ചിരുന്ന രാജസ്ഥാന്‍ സംസ്ഥാനത്തിന്റെ വികാരമാണ് അദ്ദേഹം പാര്‍ലമെന്റില്‍ പ്രതിഫലിപ്പിച്ചത്. ഉടമ്പടിയെ പാക്കിസ്ഥാന്റെ നേട്ടമായും ഇന്ത്യയുടെ കോട്ടമായും അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യ പാക്കിസ്ഥാന് വളരെയധികം വഴങ്ങിക്കൊടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. “നമ്മുടെ സ്വന്തം ജനങ്ങളെ നഷ്ടപ്പെടുത്തി അമിതമായ ഔദാര്യം കാണിക്കുന്നത് രാഷ്ട്രതന്ത്രമല്ല”, മാത്തൂര്‍ അഭിപ്രായപ്പെട്ടു.
ഉടമ്പടിയെ അപലപിച്ചുകൊണ്ട് ഇന്ത്യയിലുടനീളമുള്ള പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ തലക്കെട്ടുകളും മാത്തൂര്‍ സഭയില്‍ വായിച്ചു. അഞ്ച് ദശലക്ഷം ഏക്കര്‍ അടി വെള്ളം നഷ്ടമാകുന്നതുവഴി രാജസ്ഥാനില്‍ 70-80 കോടി രൂപയുടെ സ്ഥിരമായ വാര്‍ഷിക നഷ്ടമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കരാര്‍ രാജസ്ഥാനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണുണ്ടാക്കുകയെന്നും അദ്ദേഹം അറിയിച്ചു.
കോണ്‍ഗ്രസുകാരനായ മാത്തൂര്‍ തന്റെ വിമര്‍ശനം അവിടെയും അവസാനിപ്പിച്ചില്ല. അദ്ദേഹം തുടര്‍ന്നു. 1948 മുതല്‍ ഇന്ത്യ പടിപടി കീഴടങ്ങുകയായിരുന്നുവെന്നും പാക്കിസ്ഥാന്‍ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുമ്പോഴും ഇന്ത്യ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നും അദ്ദേഹം വാദിച്ചു.
ജല ഉടമ്പടിയെ കശ്മീരുമായി ബന്ധിപ്പിക്കാത്തതിലും കോണ്‍ഗ്രസ് എംപി നെഹ്‌റുവിനെ വിമര്‍ശിച്ചു. “അവര്‍ക്ക് വെള്ളം ഉറപ്പാക്കിയാല്‍ കശ്മീര്‍ പ്രശ്‌നം അവസാനിപ്പിക്കണം. കശ്മീര്‍ പ്രശ്‌നം അവസാനിച്ചോ?”, മാത്തൂര്‍ ചോദിച്ചു. മാത്തൂറിന്റെ വാക്കുകള്‍ സഭയില്‍ ശക്തമായി പ്രതിധ്വനിച്ചു. നെഹ്‌റുവിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസില്‍ നിന്നുള്ള കൂടുതല്‍ എംപിമാര്‍ മുന്നോട്ടുവന്നു.
കോണ്‍ഗ്രസിലെ ആദരണീയനായ ബുദ്ധിജീവിയായ അശോക് മെഹ്തയാണ് നെഹ്‌റുവിനെതിരെ ഏറ്റവും മൂര്‍ച്ചയുള്ള വിമര്‍ശനം നടത്തിയ മറ്റൊരാള്‍. സിന്ധു നദീജല കരാറിനെ ‘രണ്ടാം വിഭജനം’ എന്നാണ് അദ്ദേഹം താരതമ്യം ചെയ്തത്. 1947-ല്‍ ഉണ്ടായ മുറിവുകള്‍ വീണ്ടും തുറക്കുകയാണെന്നും അത് പ്രധാനമന്ത്രിയുടെ ഒപ്പോടെ വീണ്ടും ചെയ്യുകയാണെന്നും മെഹ്ത സഭയില്‍ പറഞ്ഞു. 12 വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കുശേഷം ഇന്ത്യ നീതിയായി ന്യായീകരിക്കാന്‍ കഴിയാത്ത നിബന്ധനകളില്‍ ഒത്തുതീര്‍പ്പിലെത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
കരാര്‍ വ്യവസ്ഥകളിലെ സൂക്ഷ്മ നിരീക്ഷണവും അദ്ദേഹം നടത്തി. “കരാര്‍ 80 ശതമാനം വെള്ളം പാക്കിസ്ഥാനും 20 ശതമാനം മാത്രം വെള്ളം ഇന്ത്യയ്ക്കും നല്‍കുന്നു. നേരത്തെയുള്ള 75:25 എന്ന നിര്‍ദ്ദേശത്തേക്കാള്‍ ഏറ്റവും മോശമായ അവസ്ഥ. ഒരു സര്‍ക്കാരിനും രണ്ട് തവണ തെറ്റ് വരുത്താന്‍ അവകാശമില്ല. അതുകൊണ്ടാണ് രാജ്യം ഇത്രയധികം രോഷം പ്രകടിപ്പിക്കുന്നത്. ഈ ഉടമ്പടിക്കുശേഷമുള്ള ജല വിതരണത്തോടെ വിലപ്പെട്ട ജലം പാക്കിസ്ഥാന്‍ കടലിലേക്ക് ഒഴുക്കും”, ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ നെഹ്‌റു കാണിച്ച തിടുക്കത്തെ വിമര്‍ശിച്ചുകൊണ്ട് അശോക് മെഹ്ത പറഞ്ഞു.
വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ വെറും രണ്ട് മണിക്കൂര്‍ മാത്രം സമയം അനുവദിച്ചതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ബംഗാളില്‍ നിന്നുള്ള മറ്റൊരു കോണ്‍ഗ്രസ് എംപി എസി ഗുഹയും അശോക് മെഹ്തയെ പിന്തുണച്ചു.
സാമ്പത്തികമായി കരാര്‍ ഉണ്ടാക്കുന്ന അസന്തുലിതാവസ്ഥയിലേക്കാണ് ഗുഹ വിരല്‍ ചൂണ്ടിയത്. സിന്ധു നദീതടത്തില്‍ ഇന്ത്യയ്ക്ക് 26 ദശലക്ഷം ഏക്കറുണ്ട്. പക്ഷ, 19 ശതമാനം മാത്രമേ ജലസേചനമുള്ളൂ. അതേസമയം, പാക്കിസ്ഥാന് 39 ദശലക്ഷം ഏക്കറുണ്ടെന്നും 54 ശതമാനം ജലസേചനമുണ്ടെന്നും ഗുഹ പറഞ്ഞു.
“ഭൂമി വിഹിതം നോക്കിയാല്‍ ഇന്ത്യയ്ക്ക് ജലത്തിന്റെ 40 ശതമാനം ലഭിക്കണം. പകരം ഉടമ്പടി പ്രകാരം 20 ശതമാനമാണ് ലഭിക്കുന്നത്. പാക്കിസ്ഥാന് 400 കോടി രൂപയിലധികം ധനസഹായവും ഇന്ത്യയ്ക്ക് 27 കോടി രൂപ മാത്രം വായ്പയും ലഭിച്ചു. ഇന്ത്യയ്ക്ക് വളരെയധികം ആവശ്യമുള്ള വെള്ളം ഉപയോഗിക്കാതെ കടലിലേക്ക് ഒഴുകാന്‍ അനുവദിക്കുകയും ആ വെള്ളം ഉപയോഗിച്ച് നമ്മുടെ സ്വന്തം ഭൂമി വികസിപ്പിക്കാനുള്ള അവസരം നമുക്ക് നിഷേധിക്കപ്പെടുകയും ചെയ്യും എന്നതാണ് ഏറ്റവും ഖേദകരമായ കാര്യം”, ഗുഹ ചൂണ്ടിക്കാട്ടി.
ഇന്ത്യ വിദേശനാണ്യ പ്രതിസന്ധി നേരിട്ടപ്പോള്‍ പാക്കിസ്ഥാന് 83 കോടി രൂപ നല്‍കിയതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഏറ്റവും വലിയ മണ്ടത്തരം എന്നാണ് ഗുഹ ഇതിനെ വിശേഷിപ്പിച്ചത്. പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തിയപ്പോഴെല്ലാം അവരെ സമാധാനിപ്പിക്കാന്‍ നമ്മുടെ താല്‍പ്പര്യങ്ങള്‍ ബലിയര്‍പ്പിക്കപ്പെടുന്നുവെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം നെഹ്‌റുവിനെ കൂടുതല്‍ വിമര്‍ശിച്ചു.
30കളിലെത്തിയ യുവ നേതാവായിരുന്നു അക്കാലത്ത് വാജ്‌പേയി. 1962 ഓടെ പാക്കിസ്ഥാന് വെള്ളം നിഷേധിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്നും ഇപ്പോള്‍ സ്ഥിരമായ അവകാശം വിട്ടുകൊടുത്തിരിക്കുകയാണെന്നും വാജ്‌പേയി മൂര്‍ച്ചയുള്ള വാക്കുകള്‍കൊണ്ട് വിമര്‍ശിച്ചു. “ഒന്നുകില്‍ അന്നത്തെ പ്രഖ്യാപനം തെറ്റാണ്, അല്ലെങ്കില്‍ ഈ ഉടമ്പടി തെറ്റാണ്”, അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാന്റെ പ്രസ്താവന അദ്ദേഹം ഉദ്ധരിച്ചു. സംയുക്ത നിയന്ത്രണം എന്നാല്‍ സംയുക്ത ഉടമസ്ഥത എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വാജ്‌പേയി മുന്നറിയിപ്പ് നല്‍കി. ഇത്തരം കരാറുകള്‍ ഉണ്ടാക്കുമ്പോള്‍ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നെഹ്‌റുവിന്റെ ഉദ്ദേശ്യങ്ങളെയും വാജ്‌പേയി ചോദ്യം ചെയ്തു. “നെഹ്‌റു ഇത്ര ദൂരം പോയത് എന്തിനാണ്? ഐക്യം കെട്ടിപ്പടുക്കാനുള്ള വഴി ഇതല്ല. നീതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ നല്ല ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കഴിയൂ, പ്രീണനത്തിലൂടെയല്ല”, വാജ്‌പേയി പറഞ്ഞു. സുരക്ഷയുടെയും സമ്പദ് വ്യവസ്ഥയുടെയും വിഷയങ്ങളില്‍ പാര്‍ലമെന്റിനെ മറികടന്നതില്‍ സര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിച്ചു.
കരാര്‍ ഇന്ത്യയുടെ താല്‍പ്പര്യത്തിന് വേണ്ടിയല്ലെന്നും ഇതുവഴി ശാശ്വത സൗഹൃദം പാക്കിസ്ഥാനുമായുണ്ടാക്കാന്‍ കഴിയില്ലെന്നും വാജ്‌പേയി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ അഭിമാനം വില്‍ക്കുകയാണെന്ന് ആരോപിച്ച സ്വതന്ത്ര എംപി ബ്രജ് രാജ് സിംഗ് വാജ്‌പേയിയെ പിന്തുണച്ചു. നദികളുടെ മുകള്‍ഭാഗം പാക്കിസ്ഥാന്‍ നിയന്ത്രിക്കണമെന്ന അയൂബ് ഖാന്റെ പ്രകോപനപരമായ പ്രസ്താവനയും സിംഗ് ഉദ്ധരിച്ചു. ഉടമ്പടി അംഗീകരിക്കപ്പെട്ടത് പാര്‍ലമെന്റിനെ അറിയിച്ചില്ലെന്നും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുള്ള എംപിയായ കെടികെ തങ്കമണിയും വിഷയത്തില്‍ കൂടിയാലോചനയുടെ അഭാവം ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ 9 വരെ പാര്‍ലമെന്റ് സമ്മേളനം നടന്നിരുന്നുവെന്നും കരാര്‍ സെപ്റ്റംബര്‍ 19-ന് ഒപ്പിട്ടതിനാല്‍ തീര്‍ച്ചയായും സഭയെ വിശ്വാസത്തിലെടുക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കരാര്‍ ഏകപക്ഷീയമായി പാക്കിസ്ഥാനുവേണ്ടി ചെയ്ത വിട്ടുവീഴ്ചയായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
സഭയിലെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ നെഹ്‌റു സംസാരിക്കാന്‍ എഴുന്നേറ്റു. അദ്ദേഹത്തിന്റെ സ്വരം ക്ഷീണിച്ചിരുന്നു. മുഖത്ത് വിഷാദവും കാണാമായിരുന്നു. എന്നാല്‍ ഉറച്ച ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു. ഉടമ്പടി ഇന്ത്യയ്ക്ക് നല്ലതാണെന്ന്. തന്റെ സഹ കോണ്‍ഗ്രസുകാരുടെ ‘രണ്ടാം വിഭജനം’ എന്ന വിമര്‍ശനത്തെ ശിഥിലവും അര്‍ത്ഥശൂന്യവുമായ ഭാഷയെന്നാണ് നെഹ്‌റു വിളിച്ചത്. “എന്തിന്റെ വിഭജനം? ഒരു പാത്രത്തിലെ വെള്ളം?” , നെഹ്‌റു ചോദിച്ചു.
പാര്‍ലമെന്റിന്റെ നിരന്തരമായ അംഗീകാരത്തിലൂടെ ഇത്തരം അന്താരാഷ്ട്ര ഉടമ്പടികള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. “പല കടലാസുകളും ഒരു ഡസന്‍ സമീപനങ്ങളും പത്ത് വര്‍ഷത്തെ സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് തീരുമാനം എടുക്കേണ്ടി വന്നു”, നെഹ്‌റു വാദിച്ചു.
നഷ്ടപ്പെട്ട വെള്ളം മാറ്റിസ്ഥാപിക്കാന്‍ ഇന്ത്യ പാക്കിസ്ഥാന് പണം നല്‍കണമെന്നും അദ്ദേഹം ന്യായീകരിച്ചു. അങ്ങനെ ഒത്തുതീര്‍പ്പിലെത്തിയെന്നും സമാധാനമുണ്ടാക്കിയെന്നും നെഹ്‌റു അവകാശപ്പെട്ടു. പാക്കിസ്ഥാന്‍ 300 കോടി രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ത്യ 83 കോടി രൂപയ്ക്ക് ഒത്തുതീര്‍പ്പിലെത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.
കരാര്‍ നിരസിക്കുന്നത് പശ്ചിമ പഞ്ചാബിനെ ഒരു മരുഭൂമിയാക്കി മാറ്റുമെന്നും ഉപഭൂഖണ്ഡത്തെ അസ്ഥിരപ്പെടുത്തുമെന്നും നെഹ്‌റു മുന്നറിയിപ്പ് നല്‍കി. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം പോലെ ശക്തമായ കാര്യങ്ങള്‍ കെകാര്യം ചെയ്യുമ്പോള്‍ ഇടുങ്ങിയ സമീപനം സ്വീകരിക്കരുതെന്നും നെഹ്‌റു അഭ്യര്‍ത്ഥിച്ചു.
വിമര്‍ശകര്‍ നഷ്ടങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഇന്ത്യയ്ക്ക് ഇതുവഴി ഗണ്യമായ നേട്ടങ്ങളുണ്ടെന്നും നെഹ്‌റു അവകാശപ്പെട്ടു. അദ്ദേഹം പാര്‍ലമെന്റ് ചര്‍ച്ചയ്ക്കിടെ സമയത്തിന്റെ കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തി. ജപ്പാന്‍ കിരീടാവകാശിയെ കാണാനായി അദ്ദേഹം ചേംബര്‍ വിട്ടുപോയി. അസംതൃപ്തിയോടെ ഒരു സഭ അവിടെ അവശേഷിച്ചു.
നെഹ്‌റുവിന്റെ പ്രതിരോധത്തിനുശേഷവും എംപിമാര്‍ക്ക് ഉടമ്പടിയെ കുറിച്ചുള്ള കാര്യങ്ങള്‍ ബോധ്യപ്പെട്ടില്ല. ഇന്ത്യ ഇത്തരമൊരു കരാറില്‍ ഒപ്പുവെച്ചത് എന്തിനാണെന്ന് മിക്ക അംഗങ്ങള്‍ക്കും ഇപ്പോഴും മനസ്സിലായിട്ടില്ലെന്ന് വാജ്‌പേയി അഭിപ്രായപ്പെട്ടു.
ഉടമ്പടി ചര്‍ച്ചയ്ക്കുമുമ്പ് തന്നെ ഒപ്പിട്ടതിനാല്‍ വോട്ടെടുപ്പില്ലാതെ ചര്‍ച്ച അവസാനിച്ചു. വിഷയത്തില്‍ നെഹ്‌റുവിനെതിരെ വിമര്‍ശനം ഉയര്‍ത്തുമ്പോള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ ഭരണ-പ്രതിപക്ഷ ഭിന്നത ഉണ്ടായിരുന്നില്ല. പകരം അപൂര്‍വമായ ഐക്യം ചര്‍ച്ചയില്‍ പ്രകടമായിരുന്നു. ധാര്‍മ്മികവും അന്താരാഷ്ട്രപരവുമായ കാരണങ്ങളാല്‍ നെഹ്‌റു സഭയില്‍ ഒറ്റപ്പെട്ടതായി കാണപ്പെട്ടു. ഉടമ്പടിയെ അദ്ദേഹം ന്യായീകരിച്ചു. അതേസമയം സഭ ദേശീയ താല്‍പ്പര്യത്തിന്റെയും പാക്കിസ്ഥാനോടുള്ള സംശയത്തിന്റെയും ഭാഷയിലാണ് സംസാരിച്ചത്.
വാജ്‌പേയിയെ പോലുള്ള യുവ നേതാക്കളെ സംബന്ധിച്ച് നെഹ്‌റുവിനോടുള്ള നിലപാടുറയ്ക്കുന്നതിന്റെ ആദ്യ ഘട്ടമായിരുന്നു ഇത്. നെഹ്‌റു വളരെ മൃദുവും വളരെ ആദര്‍ശവാദിയും ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ ത്യജിക്കാന്‍ തയ്യാറുള്ളവനുമാണ് എന്ന ആഖ്യാനം മെനയുന്നതിനുള്ള ആദ്യ ഘട്ടമായിരുന്നു ഇത്. മിക്ക എംപിമാരും കരാറിനെ ഒരു വിറ്റുതീര്‍പ്പ്, രണ്ടാം വിഭജനം, ഒരു പ്രീണനം എന്നിവയാണെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കരാര്‍ പ്രായോഗികവും, അത്യാവശ്യവും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് നല്ലതുമാണെന്ന് നെഹ്‌റു വാദിച്ചു.
ഒടുവില്‍ 65 വര്‍ഷത്തിനുശേഷം പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ആ ചരിത്ര കരാര്‍ നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചു.
Thiruvananthapuram,Kerala
August 18, 2025 4:03 PM IST
Exclusive:സിന്ധു നദീജല കരാര്‍; നെഹ്‌റു പാക്കിസ്ഥാനുമായി ഉടമ്പടിയുണ്ടാക്കിയത് പാര്‍ലമെന്റ് അനുമതിയില്ലാതെ