പാർക്കിലെ ജീപ്പ് സഫാരിക്കിടെ ഫോട്ടോയെടുക്കാൻ കൈ പുറത്തിട്ട 12 കാരനെ പുള്ളിപ്പുലി ആക്രമിച്ചു Leopard attacks 12-year-old boy who reached out to take a photo during jeep safari In Bengaluru | India
Last Updated:
റോഡിൽ നിന്ന പുലി ചാടി വാഹനത്തിൽ കയറാൻ ശ്രമിക്കുകയും കുട്ടിയെ ആക്രമിക്കുകയുമായിരുന്നു
ജീപ്പിലെ സഫാരിക്കിടെ ഫോട്ടോ എടുക്കാൻ കൈ പുറത്തിട്ട 12 വയസുകാരനെ പുള്ളിപ്പുലി ആക്രമിച്ചു.ബെംഗളൂരു ബെന്നാർഘട്ട ബയളോജിക്കൽ പാർക്കിലെ ജീപ്പ് സഫാരിക്കിടെയായിരുന്നു സംഭവം. കുടുംബത്തോടൊപ്പം എത്തിയ ബൊമ്മസാന്ദ്രയിൽ താമസിക്കുന്ന സുഹാസ് എന്ന കുട്ടി ജീപ്പിലെ സഫാരിക്കിടെ കൈ പുറത്തേക്കിട്ടപ്പോഴായിരുന്നു പുള്ളപ്പുലി ആക്രമിച്ചത്. റോഡിൽ നിന്നിരുന്ന പുലി ചാടി വാഹനത്തിൽ കയറാൻ ശ്രമിക്കുകയും കുട്ടിയുടെ കയ്യിൽ മാന്തുകയുമായിരന്നു. ഉടൻ തന്നെ വാഹനം വേഗത്തിൽ മുന്നോട്ടെടുത്തതോടെ പുലി മാറിപ്പോവുകയായിരുന്നു.പുള്ളിപ്പുലിയുടെ നഖങ്ങൾ ആഴത്തിലുള്ള പോറലുകൾ ഉണ്ടാക്കി. സുഹാസിനെ ഉടൻ തന്നെ പാർക്ക് ജീവനക്കാർ പരിശോധിച്ചു, തുടർന്ന് വൈദ്യചികിത്സയ്ക്കായി ഒരു പ്രാദേശിക സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്തു.
സംഭവത്തെത്തുടർന്ന് സഫാരിക്ക് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെ ജനലുകളും ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന വിടവും ഇരുമ്പ് വലകൊണ്ട് മറയ്ക്കാൻ വനം മന്ത്രി ഈശ്വർ ഖൺഡ്രെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.കഴിഞ്ഞ വർഷമാണ് പാർക്കിൽ പുള്ളിപ്പുലി സഫാരി ആരംഭിച്ചത്. സിംഹം, കടുവ, കരടി സഫാരികൾ നേരത്തെയുണ്ട്. . എസി, നോൺ എസി ബസുകളിലും എസി, നോൺ എസി ജീപ്പുകളിലുമാണു സഫാരി നടത്തുന്നത്.
ബന്നാർഘട്ട ദേശീയോദ്യാനത്തെയും അതിനെ ചുറ്റിപ്പറ്റിയുള്ള നിരവധി വിവാദങ്ങൾ അടുത്തിടെ ഉയർന്നുവന്നിരുന്ന സാഹചര്യത്തിലാണ് ഈ സംഭവം. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് പുള്ളിപ്പുലികളും ആനകളും അലഞ്ഞുതിരിയുന്ന സംഭവങ്ങൾ പതിവായി നടക്കുന്നതിനാൽ, ഈ പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം വർദ്ധിച്ചുവരികയാണ്.
Bangalore [Bangalore],Bangalore,Karnataka
August 17, 2025 9:59 AM IST