Leading News Portal in Kerala

നാട്ടിലേക്ക് തിരികെ എത്തുന്ന ബംഗാളി തൊഴിലാളികൾക്ക് മാസം 5000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി|cm mamata banerjee promises bengali migrant workers to receive monthly aid of 5000 on return to state | India


”ഈ പദ്ധതി ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് മാത്രമുള്ളതാണ്. സംസ്ഥാനത്തേക്ക് മടങ്ങുന്നവര്‍ക്ക് യാത്രാ സഹായത്തിനൊപ്പം 5000 രൂപയുടെ ഒറ്റത്തവണ പേയ്‌മെന്റും ലഭിക്കും. ഇത് ഒരു പുനരധിവാസ അലവന്‍സാണ്. പുതിയ ഒരു ജോലി ലഭിക്കുന്നത് വരെ ഒരു വര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപയുടെ സഹായധനവും നല്‍കും,” മമത ബാനര്‍ജി പറഞ്ഞു.

പശ്ചിമബംഗാള്‍ തൊഴില്‍ വകുപ്പാണ് ഈ പദ്ധതിയുടെ നോഡല്‍ വകുപ്പായി പ്രവര്‍ത്തിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ഉത്കര്‍ഷ ബംഗ്ലാ പദ്ധതിയിലൂടെ തൊഴിലാളികൾക്ക് നൈപുണ്യ പരിശീലനവും നല്‍കും.

”സംസ്ഥാനത്തേക്ക് മടങ്ങുന്ന തൊഴിലാളികളുടെ കഴിവുകള്‍ ഞങ്ങള്‍ വിലയിരുത്തും. അവര്‍ക്ക് മതിയായ നൈപുണ്യമുണ്ടെങ്കില്‍ ആവശ്യാനുസരണം പരിശീലനം നല്‍കി ഞങ്ങള്‍ തൊഴില്‍ നല്‍കും. ഇതിന് പുറമെ അവര്‍ക്ക് തൊഴില്‍ കാര്‍ഡുകളും നല്‍കും. കര്‍മശ്രീ പദ്ധതി പ്രകരാം 78 ലക്ഷം തൊഴില്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും” മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

”കുടിയേറ്റ തൊഴിലാളികള്‍ക്ക് വീടില്ലെങ്കില്‍ കമ്മ്യൂണിറ്റി കോച്ചിംഗ് സെന്ററുകളില്‍ അവര്‍ക്ക് താമസ സൗകര്യമൊരുക്കും. അവരുടെ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം ഒരുക്കുമെന്നും കന്യാശ്രീ, ശിക്ഷശ്രീ എന്നിവയുടെ ആനൂകൂല്യങ്ങളും നല്‍കും,” മമത പറഞ്ഞു.

”ബംഗാളിന് പുറത്തുള്ള 22.40 ലക്ഷം തൊഴിലാളികള്‍ക്കും ശ്രമശ്രീയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. ശ്രമശ്രീ പാര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ അവര്‍ക്ക് ഒരു ഐ-കാര്‍ഡ് (I-card) നല്‍കും. ഇതിലൂടെ അവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സൗകര്യങ്ങള്‍ ലഭിക്കും,” മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മറ്റ് സംസ്ഥാനങ്ങളില്‍ ‘പീഡനമേല്‍ക്കേണ്ടി’ വന്ന 2700 കുടുംബങ്ങള്‍ ബംഗാളിലേക്ക് തിരികെ എത്തിയതായി അവര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ 10,000ലധികം ആളുകളെ തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

‘ഡബിള്‍ എഞ്ചിന്‍’ സര്‍ക്കാര്‍ ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ബംഗാളി ഭാഷയ്ക്കും ബംഗാളി സ്വത്വത്തിനും നേരെ ആക്രമണം നടന്നിട്ടുണ്ടൈന്ന് അവര്‍ ആരോപിച്ചു.

”ഒരാള്‍ ബംഗാളി സംസാരിച്ചാല്‍ അവരെ കുറ്റവാളിയായി മുദ്രകുത്തുന്നു. അവരെ ബംഗ്ലാദേശിലേക്ക് കൊണ്ടുവന്ന് തള്ളുന്നു. അവരെ ഏതെങ്കിലും ജയിലില്‍ അടയ്ക്കുന്നു. ഏതെങ്കിലും പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി ഉപദ്രവിക്കുന്നു,” മമത ബാനര്‍ജി ആരോപിച്ചു.

ബംഗാളില്‍ നിന്നുള്ള ഏകദേശം 22 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ബംഗാളി സംസാരിച്ചതിന് പീഡിപ്പിക്കപ്പെട്ടതായും അവര്‍ അവകാശപ്പെട്ടു.

അതേസമയം, മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള ഏകദേശം 1.5 കോടി ആളുകള്‍ പശ്ചിമബംഗാളില്‍ ജോലി ചെയ്യുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മലയാളം വാർത്തകൾ/ വാർത്ത/India/

നാട്ടിലേക്ക് തിരികെ എത്തുന്ന ബംഗാളി തൊഴിലാളികൾക്ക് മാസം 5000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി