നിമിഷപ്രിയക്ക് വേണ്ടി സർക്കാർ പണം പിരിക്കുന്നില്ല; പാസ്റ്റർ കെ.എ പോളിന്റെ പ്രചാരണം വ്യാജമെന്ന് കേന്ദ്രം | Fund raising in the name of Nimisha priya is fake says ministry of external affairs | India
Last Updated:
മോചനത്തിനായി 8.3 കോടി സർക്കാര്‍ പിരിക്കുന്നവെന്ന് കാണിച്ചാണ് ഇയാൾ പോസ്റ്റ് പങ്കുവച്ചത്
ഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയ്ക്കായിപണം ശേഖരിക്കുന്നുവെന്ന പ്രചാരണം വ്യാജമെന്ന് കേന്ദ്ര സർക്കാർ. വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിൽ പണം അയയ്ക്കണമെന്ന് ഗ്ലോബല്‍പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനായ പാസ്റ്റർ കെ.എ. പോള്‍ ആവശ്യപ്പെടുന്ന എക്സ് പോസ്റ്റിലാണ് മന്ത്രാലയം വിശദീകരണം നൽകിയത്.
എക്സ് പ്ലാറ്റ്ഫോമിലൂടെ അക്കൗണ്ട് നമ്പർ സഹിതം ഉൾപ്പെടുത്തിയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. മോചനത്തിനായി 8.3 കോടി സർക്കാര്‍ പിരിക്കുന്നവെന്ന് കാട്ടിയാണ് ഇയാൾ പോസ്റ്റ് ഇട്ടിരുന്നത്. വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള പോസ്റ്റ് വ്യാജമാണെന്നാണ് സ്ഥീരീകരിച്ചിരിക്കുന്നത്. വിദേശകാര്യമന്ത്രാലയത്തിന്റെ ഫാക്ട് ചെക്കിങ് വിഭാഗമാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്.
2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൗരൻ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു.
താലാലിൻറെ മൃതദേഹം ഇവരുടെ ക്ലിനിക്കിൽ നിന്നും ലഭിച്ചതോടെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. യെമനിലെ വിചാരണ കോടതിയെ യാഥാർത്ഥ്യം ബോധ്യപ്പെടുത്താൻ നിമിഷപ്രിയയ്ക്ക് കഴിയാത്തതിനാൽ വധശിക്ഷയ്ക്ക് വിധിച്ചു. യെമനി വനിതയ്ക്ക് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചിരുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ ആഴ്ചകൾക്ക് മുമ്പാണ് സ്ഥിരീകരിച്ചത്.
യെമനിൽ ഔദ്യോഗിക നയതന്ത്ര സാന്നിധ്യമില്ലാത്തതിനാൽ, ഇന്ത്യ മൂന്നാം കക്ഷി സഖ്യകക്ഷികളിലൂടെ അനുരഞ്ജന ചർച്ചകൾക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്ലാമിക നിയമപ്രകാരമുള്ള ദയാധനം നൽകി പ്രതിക്ക് മാപ്പ് നൽകാൻ കുടുംബത്തിന് അവസരമുണ്ട്. എന്നാൽ തലാലിന്റെ കുടുംബം ഇതുവരെ ഇക്കാര്യത്തിന് സമ്മതം അറിയിച്ചിട്ടില്ല.
August 19, 2025 9:39 PM IST
നിമിഷപ്രിയക്ക് വേണ്ടി സർക്കാർ പണം പിരിക്കുന്നില്ല; പാസ്റ്റർ കെ.എ പോളിന്റെ പ്രചാരണം വ്യാജമെന്ന് കേന്ദ്രം