15 വയസ് കഴിഞ്ഞ മുസ്ലിം പെൺകുട്ടിക്ക് വിവാഹം കഴിക്കാമെന്ന് സുപ്രീംകോടതി; ബാലാവകാശ കമ്മീഷന്റെ അപ്പീൽ തള്ളി| Supreme Court upheld High Court order that a Muslim girl age of 15 has the right under personal law to marry the man of her choice | India
Last Updated:
മുസ്ലിം വ്യക്തി നിയമപ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ച് ഒപ്പം താമസിക്കാന്‍ മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ലെന്ന് 2022ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും ഡല്‍ഹി ഹൈക്കോടതിയും വിധിച്ചിരുന്നു. 16കാരിയും 21കാരനും വീട്ടുകാരില്‍നിന്ന് സുരക്ഷ തേടിയെത്തിയപ്പോഴായിരുന്നു ഇത്
ന്യൂഡല്‍ഹി: 15 വയസ് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ വ്യക്തിനിയമപ്രകാരം അവകാശമുണ്ടെന്ന പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. ഉത്തരവ് ചോദ്യംചെയ്ത് ദേശീയ ബാലാവകാശ കമ്മീഷന്‍ നല്‍കിയ അപ്പീല്‍ തള്ളി. പ്രായപൂര്‍ത്തിയാവാതെ വിവാഹം കഴിച്ചവരെ സംരക്ഷിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്യാന്‍ ബാലാവകാശ കമ്മീഷന് എന്തുകാര്യമെന്നും ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് ചോദിച്ചു.
18 വയസ് തികയാത്ത പെണ്‍കുട്ടിക്ക് നിയമപരമായി വിവാഹം കഴിക്കാനാവില്ലെന്നിരിക്കെ, വ്യക്തിനിയമത്തിന്റെ മാത്രം പിന്‍ബലത്തില്‍ അത് സാധിക്കുമോ എന്ന നിയമപ്രശ്‌നമെങ്കിലും തുറന്നുവെക്കണമെന്ന കമ്മീഷന്റെ ആവശ്യവും കോടതി തള്ളി. ഇതില്‍ നിയമപ്രശ്‌നമൊന്നും ബാക്കിനില്‍ക്കുന്നില്ലെന്നും അത് ഉചിതമായ കേസില്‍ ഉന്നയിച്ചുകൊള്ളാനും ജസ്റ്റിസ് ആർ മഹാദേവൻ കൂടി അംഗമായ ബെഞ്ച് നിര്‍ദേശിച്ചു.
പരസ്പര സമ്മതത്തോടെയുള്ള കൗമാര ബന്ധങ്ങളിൽ നിന്ന് ഉണ്ടാകുന്ന കേസുകൾ കൈകാര്യം ചെയ്യുമ്പോൾ കോടതികൾ ‘കഠിനമായ സാമൂഹിക യാഥാർത്ഥ്യങ്ങൾ’ മനസ്സിൽ സൂക്ഷിക്കണമെന്ന് വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ബി വി നാഗരത്ന നിരീക്ഷിച്ചു.
“യഥാർത്ഥ പ്രണയ കേസുകളിൽ, യുവാക്കൾ പരസ്പരം ഇഷ്ടപ്പെടുകയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, അത്തരം സംഭവങ്ങളെ മറ്റ് ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളുമായി തുലനം ചെയ്യണോ? സാമൂഹിക യാഥാർത്ഥ്യങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഇക്കാലത്ത്, വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരുമിച്ച് പഠിക്കുന്നു. പ്രണയത്തിലാകുന്നത് ഒരു കുറ്റകൃത്യമാണോ?” അവർ ചോദിച്ചു.
പങ്കാളികളിൽ നിന്ന് ബലമായി വേർപെടുത്തുമ്പോൾ പെൺകുട്ടികൾ അനുഭവിക്കുന്ന വൈകാരിക ക്ലേശങ്ങളിലേക്കും ജഡ്ജി ശ്രദ്ധ ക്ഷണിച്ചു. “ഇത്തരം സാഹചര്യങ്ങളിൽ, മാതാപിതാക്കൾ പലപ്പോഴും അവരുടെ ‘അന്തസ്സ്’ സംരക്ഷിക്കാൻ നിസ്സാരമായ പോക്സോ കേസുകൾ ഫയൽ ചെയ്യുന്നു, കാരണം അവരുടെ പെൺമക്കൾ ഒളിച്ചോടിയ കാര്യം വെളിപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നില്ല”, അവർ പറഞ്ഞു.
മുസ്ലിം വ്യക്തി നിയമപ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ച് ഒപ്പം താമസിക്കാന്‍ മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ലെന്ന് 2022ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും ഡല്‍ഹി ഹൈക്കോടതിയും വിധിച്ചിരുന്നു. 16കാരിയും 21കാരനും വീട്ടുകാരില്‍നിന്ന് സുരക്ഷ തേടിയെത്തിയപ്പോഴായിരുന്നു ഇത്.
മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളിലൊന്നായ, സര്‍ ദിന്‍ഷാ ഫര്‍ദുന്‍ജി മുല്ലയുടെ ‘പ്രിന്‍സിപ്പിള്‍സ് ഓഫ് മുഹമ്മദന്‍ ലോ’യുടെ 195-ാം അനുച്ഛേദപ്രകാരം പ്രത്യുത്പാദനശേഷി കൈവരുന്ന പ്രായമായാല്‍ വിവാഹിതരാകാമെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി പറഞ്ഞു. അത് തെളിയിക്കാനാവാത്തപക്ഷം 15 വയസ് തികഞ്ഞാല്‍മതി. 15കാരിയെ വിവാഹം കഴിച്ചയാള്‍ക്കെതിരേ വീട്ടുകാര്‍ നൽകിയിരുന്ന പോക്സോ കേസും കോടതി തള്ളിയിരുന്നു.
Summary: The Supreme Court dismissed a petition filed by the National Commission for Protection of Child Rights (NCPCR) challenging a 2022 judgment of the Punjab and Haryana High Court which held that, under Muslim personal law, a girl who had attained puberty or is aged 15 years and above could marry, notwithstanding the provisions of the Protection of Children from Sexual Offences (POCSO) Act, 2012.
New Delhi,New Delhi,Delhi
August 20, 2025 7:07 AM IST
15 വയസ് കഴിഞ്ഞ മുസ്ലിം പെൺകുട്ടിക്ക് വിവാഹം കഴിക്കാമെന്ന് സുപ്രീംകോടതി; ബാലാവകാശ കമ്മീഷന്റെ അപ്പീൽ തള്ളി