Leading News Portal in Kerala

ആധാര്‍ കാര്‍ഡ് തർക്കത്തിൽ ആശുപത്രി ചികിത്സ വൈകിപ്പിച്ചു; രാജസ്ഥാനില്‍ അധ്യാപകന്‍ മരിച്ചു | Rajasthan Teacher dies as Hospital delays treatment over Aadhaar | India


Last Updated:

അധ്യാപകന്റെ മരണത്തില്‍ രോഷം പ്രകടിപ്പിച്ച് ബന്ധുക്കള്‍ ആശുപത്രിക്കുനേരെ പ്രതിഷേധ പ്രകടനം നടത്തി

News18News18
News18

രാജസ്ഥാനില്‍ കാര്‍ അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിയ അധ്യാപകന്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരണപ്പെട്ടു. മഹല്‍ ചൗക്കിലെ സര്‍ക്കാര്‍ ഗാന്ധി സ്‌കൂളില്‍ ഹിന്ദി അധ്യാപകനായ ഉമേഷ് യാദവാണ് മരണപ്പെട്ടത്. സംഭവത്തിൽ ആശുപത്രിക്കെതിരെ വന്‍ പ്രതിഷേധമുയർന്നു.

ആല്‍വാറിലെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിലെ ട്രോമ വാര്‍ഡിലാണ് വൈദ്യസഹായം കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് ഉമേഷ് യാദവ് മരിച്ചത്. വൈദ്യസഹായം നല്‍കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ആധാര്‍ കാര്‍ഡ് വേണമെന്ന് പറഞ്ഞ് ആശുപത്രി ജീവനക്കാര്‍ നിര്‍ബന്ധം പിടിക്കുകയും ചികിത്സ വൈകിപ്പിച്ചതുമാണ് മരണത്തിന് ഇടയാക്കിയതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.

പാഡിസലില്‍ താമസിക്കുന്ന ഉമേഷ് യാദവ് പട്‍വാരി റിക്രൂട്ട്‌മെന്റ് പരീക്ഷയെഴുതി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. നൗറംഗബാദിനടുത്ത് അദ്ദേഹത്തിന്റെ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. ബന്ധുക്കള്‍ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലെ ട്രോമ വാര്‍ഡിലേക്ക് എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ അരങ്ങേറിയ സംഭവങ്ങള്‍ കുടുംബത്തെയാകെ രോഷം കൊള്ളിച്ചു.

ഗുതരമായി പരിക്കേറ്റ് എത്തിയ രോഗിക്ക് എത്രയും പെട്ടെന്ന് വൈദ്യസഹായം നല്‍കുന്നതിനു പകരം ആശുപത്രി ജീവനക്കാര്‍ അദ്ദേഹത്തിന്റെ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ആദ്യം അടിയന്തര ചികിത്സ നല്‍കാനും ബാക്കി ഔപചാരിക ആശുപത്രി നടപടികള്‍ പിന്നീട് പൂര്‍ത്തിയാക്കാനും ഡോക്ടര്‍മാരോട് അപേക്ഷിച്ചതായി കുടുംബം പറയുന്നു. എന്നാല്‍ ചികിത്സിക്കുന്നതിന് മുമ്പ് രോഗിയുടെ ആധാര്‍ കാര്‍ഡ് നല്‍കണമെന്ന് ആശുപത്രി ജീവനക്കാര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഈ തര്‍ക്കം നടക്കുന്നതിനടയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഉമേഷ് യാദവ് മരണത്തിന് കീഴടങ്ങി.

സംഭവത്തെ തുടര്‍ന്ന് ആശുപത്രിക്ക് പുറത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. അധ്യാപകന്റെ മരണത്തില്‍ രോഷം പ്രകടിപ്പിച്ച് ബന്ധുക്കള്‍ ആശുപത്രിക്കുനേരെ പ്രതിഷേധ പ്രകടനം നടത്തി. ആശുപത്രി മാനേജ്‌മെന്റിനെതിരെ കടുത്ത അനാസ്ഥ ആരോപിച്ചു. ഉമേഷിന് ഉടന്‍ ചികിത്സ ഉറപ്പാക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നെങ്കില്‍ അദ്ദേഹത്തെ രക്ഷിക്കാമായിരുന്നുവെന്നും സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

യാദവിന്റെ പെട്ടെന്നുള്ള മരണം സഹപ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും ദുഃഖത്തിലാഴ്ത്തി. മകളുടെ ഭാവിക്കായി അദ്ദേഹം തയ്യാറെടുക്കുകയായിരുന്നു. സമൂഹത്തില്‍ പ്രതിബദ്ധതയുള്ള അധ്യാപകനുമായിരുന്നു യാദവ്. സംഭവത്തില്‍ ആശുപത്രി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇത് പൊതുജനങ്ങളുടെ രോഷം വര്‍ദ്ധിപ്പിച്ചു.