Actor Vijay വിജയ് മധുര ഈസ്റ്റിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും; ബിജെപിയും ഡിഎംകെയുമായി സഖ്യമില്ല TVK chief Vijay to contest 2026 Tamil Nadu polls from Madurai East | India
Last Updated:
ഭരണകക്ഷിയായ ഡിഎംകെ തന്റെ പാർട്ടിയുടെ രാഷ്ട്രീയ ശത്രുവാണെന്നും വിജയ് പറഞ്ഞു
2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മധുര ഈസ്റ്റിൽ നിന്ന് മത്സരിക്കുമെന്ന് നടനും തമിഴക വെട്രി കഴകം( ടിവികെ) പ്രസിഡന്റുമായ വിജയ്. മധുരയിൽ നടന്ന ടിവികെയുടെ രണ്ടാമത്തെ സമ്മേളനത്തെിലായിരുന്നു പ്രഖ്യാപനം. ബിജെപിയുമായും ഡിഎംകെയുമായും സഖ്യമുണ്ടാക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു. ഭരണകക്ഷിയായ ഡിഎംകെ തന്റെ പാർട്ടിയുടെ രാഷ്ട്രീയ ശത്രുവാണെന്നും ബിജെപി നയപരമായ ശത്രു ആണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.ഡിഎംകെയും ടിവികെയും തമ്മിലാണ് മത്സരം എന്ന് പറഞ്ഞ വിജയ്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വോട്ട് ചെയ്യാൻ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തു.എല്ലാ രാഷ്ട്രീയക്കാരും ബുദ്ധിമാന്മാരല്ലെന്നും എല്ലാ സിനിമാതാരങ്ങളും വിഡ്ഢികളുമല്ലെന്നും അദ്ദേഹം പറഞ്ഞു.
“സിംഹം എപ്പോഴും സിംഹം തന്നെയാണ്. ഒരു കാട്ടിൽ ധാരാളം കുറുക്കന്മാരും മറ്റ് മൃഗങ്ങളും ഉണ്ടാകും, പക്ഷേ ഒരു സിംഹം മാത്രമേ ഉണ്ടാകൂ, അത് ഒറ്റയ്ക്കാണെങ്കിൽ പോലും, അത് കാട്ടിലെ രാജാവായിരിക്കും. സിംഹം വേട്ടയാടാൻ ഇവിടെയുണ്ട്,” വിജയ് പറഞ്ഞു.
“ടിവികെ ബിജെപിയുമായി കൈകോർക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. ഞങ്ങൾ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നില്ല. ഞങ്ങളുടെ പാർട്ടി ഒരു മതത്തിനും എതിരല്ല. ഞങ്ങളുടെ പാർട്ടി ജനങ്ങളുടെ പാർട്ടിയാണ്. തമിഴ്‌നാട് ജനങ്ങൾ ബിജെപിയെ തള്ളിക്കളയും.ഞങ്ങൾ തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാണ്. ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ കാരണം നിങ്ങളോടെല്ലാം നന്ദിയുള്ളതുകൊണ്ടാണ്. കഴിഞ്ഞ 30 വർഷമായി നിങ്ങൾ എന്റെ കൂടെയുണ്ട്, എന്നെ നിങ്ങളുടെ കുടുംബത്തെപ്പോലെയാണ് കാണുന്നത്. ഞാൻ ജനങ്ങളെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. മുന്നോട്ട് പോകുമ്പോൾ എന്റെ ഒരേയൊരു പങ്ക് ജനങ്ങളെ സേവിക്കുക എന്നതാണ്. ഞാൻ നിങ്ങളോടൊപ്പവും നിങ്ങൾക്കുവേണ്ടിയും ഞാൻ ഉണ്ടാകും. ഇത് വെറുമൊരു പ്രസ്താവനയല്ല,” അദ്ദേഹം പറഞ്ഞു.
നീറ്റ് വിഷയവും തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ അധികൃതർ അറസ്റ്റ് ചെയ്തതും പ്രസംഗത്തിൽ പരാമർശിച്ചു. കഴിഞ്ഞ വർഷം വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിൽ വെച്ചാണ് തമിഴക വെട്രി കഴകത്തിന്റെ കന്നി സംസ്ഥാന സമ്മേളനം.
August 21, 2025 6:50 PM IST