‘നക്സലിസത്തെ പിന്തുണയ്ക്കാൻ സുപ്രീം കോടതിയെ ഉപയോഗിച്ചു’; ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സുദർശൻ റെഡ്ഡിക്കെതിരെ അമിത് ഷാ used Supreme Court to support Naxalism Amit Shah attacks Oppositions vice-presidential candidate sc judge Sudarshan Reddy | India
Last Updated:
സാൽവാ ജുഡും വിധിയെ പരാമർശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ വിമർശനം
പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയും മുൻ സുപ്രീം കോടതി ജഡ്ജിയുമായ സുദർശൻ റെഡ്ഡിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നക്സലിസത്തെ പിന്തുണയ്ക്കാൻ സുദർശൻ റെഡ്ഡി സുപ്രീം കോടതിയെ ഉപയോഗിച്ചു എന്നായിരുന്നു അമിത് ഷായുടെ വിമർശനം.സാൽവാ ജുഡും വിധിയെ പരാമർശിച്ചുകൊണ്ടായിരുന്നു അമിത് ഷാ സുദർശൻ റെഡ്ഡിയെ വിമർശിച്ചത്.
കൊച്ചിയിൽ മനോരമയുടെ ഒരു കോൺക്ലേവിനെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ഇടതുപക്ഷത്തിന്റെ സമ്മർദ്ദം മൂലമാണ് കോൺഗ്രസ് സുദർശൻ റെഡ്ഡിയെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സാൽവ ജുദൂമിൽ ഇടതുപക്ഷ തീവ്രവാദത്തെയും നക്സലിസത്തെയും പിന്തുണച്ച് വിധി പറഞ്ഞ അതേ വ്യക്തിയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സുദർശൻ റെഡ്ഡി . ഇത് ചെയ്തില്ലായിരുന്നുവെങ്കിൽ, 2020 ആകുമ്പോഴേക്കും തീവ്രവാദം തുടച്ചുനീക്കപ്പെടുമായിരുന്നു. ഇടതുപക്ഷ തീവ്രവാദത്തെയും നക്സലിസത്തെയും പിന്തുണയ്ക്കാൻ സുപ്രീം കോടതി പോലുള്ള ഒരു വേദി ഉപയോഗിച്ച വ്യക്തിയെ ആണ് ഇടതുപക്ഷക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ് സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നതെന്നുള്ള കാര്യം കേരളത്തിലെ ജനങ്ങൾ തീർച്ചയായും മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2011-ൽ ജസ്റ്റിസുമാരായ സുദർശൻ റെഡ്ഡിയും എസ്.എസ്. നിജ്ജാറും അടങ്ങുന്ന രണ്ടംഗ ബെഞ്ച്, മാവോയിസ്റ്റ് കലാപത്തെ നേരിടാൻ ഛത്തീസ്ഗഢ് സർക്കാർ ആദിവാസി യുവാക്കളെ സ്പെഷ്യൽ പോലീസ് ഓഫീസർമാരായി (എസ്.പി.ഒ) നിയമിച്ചിരുന്ന സാൽവ ജുദും എന്ന സായുധ സംഘടന പിരിച്ചുവിടാൻ ഉത്തരവിട്ടു. സായുധ സംഘടന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പറഞ്ഞായിരുന്നു ബെഞ്ചിന്റെ ഉത്തരവ്.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഇന്ത്യാ ബ്ലോക്കിന്റെ പിന്തുണയുള്ള ജസ്റ്റിസ് സുദർശൻ റെഡ്ഡിയും എൻഡിഎയുടെ നോമിനി സിപി രാധാകൃഷ്ണനും തമ്മിൽ നേരിട്ടുള്ള മത്സരം നടക്കും. സെപ്റ്റംബർ 9 നാണ് തിരഞ്ഞെടുപ്പ്. അതേ ദിവസം തന്നെ വോട്ടെണ്ണലും നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആയിരുന്നു, സ്ഥാനാർത്ഥികൾക്ക് ഓഗസ്റ്റ് 25 വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാം.
പാർലമെന്റിന്റെ ഇരുസഭകളിലെയും എംപിമാർ ഉൾപ്പെടുന്ന ഒരു ഇലക്ടറൽ കോളേജാണ് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 64, 68 പ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ചാണ് വൈസ് പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. 1952 ലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിയമം പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വൈസ് പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യുന്നത്.
Kochi [Cochin],Ernakulam,Kerala
August 22, 2025 4:42 PM IST
‘നക്സലിസത്തെ പിന്തുണയ്ക്കാൻ സുപ്രീം കോടതിയെ ഉപയോഗിച്ചു’; ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സുദർശൻ റെഡ്ഡിക്കെതിരെ അമിത് ഷാ