Leading News Portal in Kerala

ഭർത്താവിന്റെ തൊഴിലില്ലായ്മയെ പരിഹസിക്കുന്നത് മാനസിക പീഡനം: ഹൈക്കോടതി Chhattisgarh High Court has ruled that mocking a husband’s unemployment constitutes mental torture | India


Last Updated:

കോവിഡ്-19 മഹാമാരി സമയത്ത് വരുമാന സ്രോതസ്സ് നഷ്ടപ്പെട്ട തന്നെ ഭാര്യ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തതായി ഭർത്താവ് ഹർജിയിൽ പറഞ്ഞു

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

തൊഴിൽ രഹിതനാണ് എന്ന കാരണത്താൽ ഭർത്താവിനെ പരിഹസിക്കുന്നതും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ അന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുന്നതും മാനസിക പീഡനമാണെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി.ഭർത്താവിന്റെ വിവാഹമോചന ഹർജി നേരത്തെ നിരസിച്ച കുടുംബ കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് രജനി ദുബെ, ജസ്റ്റിസ് അമിതേന്ദ്ര കിഷോർ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

പിഎച്ച്ഡി നേടി സ്കൂൾ പ്രിൻസിപ്പലായി ജോലി നേടിയതിന് ശേഷം ഭാര്യ, കോവിഡ്-19 മഹാമാരി സമയത്ത് വരുമാന സ്രോതസ്സ് നഷ്ടപ്പെട്ട തന്നെ അപമാനിക്കുകയും വഴക്കിടുകയും ചെയ്തതായി ഭർത്താവ് ആരോപിച്ചു. പിഎച്ച്.ഡി. ബിരുദം നേടി പ്രിൻസിപ്പലായി ഉയർന്ന ശമ്പളമുള്ള ജോലി നേടിയ ശേഷം ഭർത്താവിനോടുള്ള ഭാര്യയുടെ പെരുമാറ്റത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് വ്യക്തമായതായും കോവിഡ്-19 മഹാമാരി സമയത്ത് തൊഴിൽരഹിതനെന്നാരോപിച്ച് ഭാര്യ ഭർത്താവിനെ പലപ്പോഴും പരിഹസിക്കുകയും നിസ്സാരകാര്യങ്ങൾക്ക് ആവർത്തിച്ചുള്ള വാക്ക് തർക്കങ്ങളിൽ ഏർപ്പെടുകയും ചെയ്തെന്നും ഈ പ്രവൃത്തികൾ മാനസിക പീഡനത്തിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.

ദമ്പതികൾക്ക് ഒരു മകനും മകളുമാണുള്ളത്. ഭാര്യ മകളെ അച്ഛനെതിരെ നിറുത്തിയെന്നും 2020 ഓഗസ്റ്റിൽ ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് വീടുവിട്ട് മകളെയും കൂട്ടിപ്പോയതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭർത്താവും മകനുമായുള്ള ബന്ധം വിച്ഛേദിക്കാനും സ്വമേധയാ പോകാനുമുള്ള തീരുമാനമെടുത്തിരുന്നു എന്ന് ഭാര്യ ഒരു കത്തിൽ വ്യക്തമാക്കിയിരുന്നു.

സത്യവാങ്മൂലവും ഭാര്യയുടെ കത്തും ഉൾപ്പെടെയുള്ള തെളിവുകൾ ഭർത്താവ് കോടതിയിൽ ഹാജരാക്കി. നോട്ടീസ് അയച്ചിട്ടും ഭാര്യ കോടതിയിൽ ഹാജരാകുകയോ മറുപടി നൽകുകയോ ചെയ്തില്ല. തുടർന്ന് ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13(1)(ia) ഉം (ib) ഉം പ്രകാരം ഭാര്യയുടെ പ്രവൃത്തി ക്രൂരതയും ഉപേക്ഷിക്കലും ആണെന്ന് വിധിച്ച ഛത്തീസ്ഗഢ് ഹൈക്കോടതി ഭർത്താവിന് അനുകൂലമായി വിവാഹമോചനം അനുവദിച്ചു.