വാതുവയ്പ്പ് ; കർണാടക കോൺഗ്രസ് എംഎൽഎ ‘പപ്പി’ അറസ്റ്റിൽ ;12 കോടി രൂപയും ആഡംബര കാറുകളും പിടിച്ചെടുത്തു Betting case ED arrests Congress MLA Virendra Pappy Rs 12 crore and luxury cars seized | India
Last Updated:
കർണാടകയിലെ ചിത്രദുർഗ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് 50 കാരനായ വീരേന്ദ്ര പപ്പി
ഓൺലൈൻ, ഓഫ്‌ലൈൻ വാതുവെപ്പ് കേസിൽ കർണാടക കോൺഗ്രസ് എംഎൽഎ കെ.സി.വീരേന്ദ്ര പപ്പിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശനിയാഴ്ച അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം സിക്കിമിൽ നിന്നാണ് വീരേന്ദ്ര പപ്പി അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഒന്നിലധികം സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡുകളിൽ നിന്ന് 12 കോടി രൂപയും (ഏകദേശം കോടി രൂപ വിദേശ കറൻസി ഉൾപ്പെടെ), 6 കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളും, ഏകദേശം 10 കിലോ വെള്ളിയും, നാല് വാഹനങ്ങളും പിടിച്ചെടുത്തതായി അന്വേഷണ ഏജൻസി അറിയിച്ചു. അതേസമയം എംഎൽഎയുടെ അറസ്റ്റിൽ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചില്ല.
കർണാടകയിലെ ചിത്രദുർഗ നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് 50 കാരനായ വീരേന്ദ്ര പപ്പി. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്നാണ് പപ്പിയെ കസ്റ്റഡിയിലെടുത്തതെന്ന് ഇഡി അറിയിച്ചു.ഒരു കാസിനോ പാട്ടത്തിനെടുക്കാൻ ബിസിനസ് സന്ദർശനത്തിനായാണ് എംഎൽഎയും കൂട്ടാളികളും ഗാങ്‌ടോക്കിലേക്ക് പോയതെന്ന് ഏജൻസി അറിയിച്ചു.സിക്കിമിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പപ്പിയെ ഉടൻ ബെംഗളൂരുവിലെത്തിക്കും.ഇ.ഡി.യുടെ ബെംഗളൂരു സോൺ ആണ് കേസ് അന്വേഷിക്കുന്നത്.
വീരേന്ദ്രയുടെ സഹോദരൻ കെ സി നാഗരാജിന്റെയും മകൻ പൃഥ്വി എൻ രാജിന്റെയും വീടുകളിൽ നിന്ന് സ്വത്തുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. മറ്റൊരു സഹോദരൻ കെ.സി. തിപ്പസ്വാമി ദുബായിൽ നിന്ന് ഓൺലൈൻ ഗെയിമിംഗിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇഡി പറഞ്ഞു. കർണാടകയിലെ ചിത്രദുർഗ, ഹുബ്ബള്ളി, ബെംഗളൂരു, ജോധ്പൂർ (രാജസ്ഥാൻ), സിക്കിം, മുംബൈ, ഗോവ എന്നിവ ഉൾപ്പെടെ 31 സ്ഥലങ്ങളിലാണ് റെയ്ഡുകൾ നടന്നത്. ഗോവയിലെ പപ്പീസ് കാസിനോ ഗോൾഡ്, ഓഷ്യൻ റിവേഴ്‌സ് കാസിനോ, പപ്പീസ് കാസിനോ പ്രൈഡ്, ഓഷ്യൻ 7 കാസിനോ, ബിഗ് ഡാഡി കാസിനോ എന്നീ അഞ്ച് കാസിനോകളിലും റെയ്ഡ് നടന്നു.
കിംഗ് 567, രാജ 567, പപ്പീസ് 003, രത്‌ന ഗെയിമിംഗ് തുടങ്ങിയ ഓൺലൈൻ വാതുവെപ്പ് സൈറ്റുകൾ നടത്തിയതായി വീരേന്ദ്രയ്‌ക്കെതിരെ കുറ്റമുണ്ടെന്നും അദ്ദേഹത്തിന്റെ സഹോദരൻ കെ.സി. തിപ്പസ്വാമി ദുബായിൽ നിന്ന് ഡയമണ്ട് സോഫ്റ്റ്‌ടെക്, ടിആർഎസ് ടെക്‌നോളജീസ്, പ്രൈം9 ടെക്‌നോളജീസ് എന്നീ മൂന്ന് ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്നതായും ഇ.ഡി പറയുന്നു. ഈ സ്ഥാപനങ്ങൾ വീരേന്ദ്രയുടെ കോൾ സെന്റർ സേവനങ്ങളുമായും ഗെയിമിംഗ് ബിസിനസുമായും ബന്ധപ്പെട്ടതാണെന്ന് ഇഡി വ്യക്തമാക്കി.പരിശോധനയ്ക്കിടെ ഏകദേശം 17 ബാങ്ക് അക്കൗണ്ടുകളും 2 ലോക്കറുകളും മരവിപ്പിച്ചതായി ഏജൻസി അറിയിച്ചു. ആഡംബര വാഹനങ്ങളുടെ ഉടമസ്ഥാവകാശവും ഫണ്ടിന്റെ ഉറവിടവും അന്വേഷിച്ചു വരികയാണ്.
August 23, 2025 5:17 PM IST