ജമ്മു കശ്മീരിൽ നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി നടത്തുന്ന 215 സ്‌കൂളുകൾ സർക്കാർ ഏറ്റെടുക്കും Government to take over 215 schools run by banned Jamaat-e-Islami in Jammu and Kashmir | India
Last Updated:
വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനായാണ് സ്കൂളുകളുടെ മാനേജിംഗ് കമ്മിറ്റികൾ ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു
നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയും (ജെഇഐ) അതിന്റെ അനുബന്ധ സ്ഥാപനമായ ഫലാഹ്-ഇ-ആം ട്രസ്റ്റും (എഫ്എടി) നടത്തുന്ന 215 സ്കൂളുകൾ ഏറ്റെടുക്കാൻ ജമ്മു കശ്മീർ സർക്കാർ ഉത്തരവിട്ടു . സ്കൂളുകളുടെ നടത്തിപ്പ് ജില്ലാ മജിസ്ട്രേറ്റുകൾ ഏറ്റെടുക്കുമെന്നും, തുടർന്ന് അവർ പുതിയ മാനേജ്മെന്റ് കമ്മിറ്റി നിർദ്ദേശിക്കുമെന്നും വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനായാണ് സ്കൂളുകളുടെ മാനേജിംഗ് കമ്മിറ്റികൾ ഏറ്റെടുക്കാൻ തീരുമാനിച്ചതെന്നും സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
2019 ഫെബ്രുവരി 28 നും തുടർന്ന് 2024 ഫെബ്രുവരി 27 നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം ജമാഅത്തെ ഇസ്ലാമിയെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ജമാഅത്ത്-ഇ-ഇസ്ലാമി/ഫലാഹ്-ഇ-ആം ട്രസ്റ്റ് എന്നിവയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള നിരവധി സ്കൂളുകൾ ഇന്റലിജൻസ് ഏജൻസികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇത്തരത്തിലുള്ള 215 സ്കൂളുകളുടെ മാനേജിംഗ് കമ്മിറ്റികളുടെ സാധുത കാലഹരണപ്പെട്ടു എന്നും ഉത്തരവിൽ പറയുന്നു.
സ്കൂളുകൾ ഏറ്റെടുക്കുമ്പോൾ ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റ്/ ഡെപ്യൂട്ടി കമ്മീഷണർ, സ്കൂൾ വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ചും ഏകോപിപ്പിച്ചും ഉചിതമായ നടപടികൾ കൈക്കൊള്ളേണ്ടതാണ്. സ്കൂളുകളിൽ ചേരുന്ന വിദ്യാർത്ഥികളുടെ പഠനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഉറപ്പാക്കണം.ഈ സ്കൂളുകളിൽ ദേശീയ വിദ്യാഭ്യാസ നയ മാനദണ്ഡങ്ങൾക്കനുസൃതമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും ഡെപ്യൂട്ടി കമ്മീഷണർമാർ സ്വീകരിക്കണമെന്നും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി രാം നിവാസ് ശർമ്മ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
New Delhi,Delhi
August 23, 2025 10:23 PM IST