കര്‍ണാടക നിയമസഭയില്‍ ആര്‍എസ്എസ് പ്രാര്‍ത്ഥനാ ഗീതം ആലപിച്ച ഡികെ ശിവകുമാറിനെ പിന്തുണച്ച് കോണ്‍ഗ്രസ് എംഎല്‍എ | Karnataka Congress MLA backs DK Shivakumar’s RSS anthem recital | India
Last Updated:
ആര്‍എസ്എസ് പ്രാര്‍ത്ഥനാ ഗീതം സഭയില്‍ പാടിയതില്‍ തൊറ്റൊന്നുമില്ലെന്ന് പറഞ്ഞു
നിയമസഭയില്‍ ആര്‍എസ്എസ് പ്രാര്‍ത്ഥനാ ഗീതം ആലപിച്ച കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ പിന്തുണച്ച് കോണ്‍ഗ്രസ് എംഎല്‍എ. കുനിഗല്‍ കോണ്‍ഗ്രസ് എംഎല്‍എ എച്ച്ഡി രംഗനാഥ് ആണ് ഈ പ്രവൃത്തിയെ പിന്തുണച്ച് രംഗത്തെത്തിയത്. ആര്‍എസ്എസ് പ്രാര്‍ത്ഥനാ ഗീതം സഭയില്‍ പാടിയതില്‍ തൊറ്റൊന്നുമില്ലെന്നും എംഎല്‍എ പറഞ്ഞു. തുമകുരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശാഖകളില്‍ ചൊല്ലുന്ന ‘നമസ്‌തേ സദാ വത്സലേ മാതൃഭൂമേ…’ എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനാ ഗീതമാണ് ഡികെ ശിവകുമാര്‍ സഭയില്‍ പാടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്. കര്‍ണാടക നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍എസ്എസ് ഗാനം ചൊല്ലിയത്.
“നമസ്‌തേ സദാ വത്സലേ എന്ന ഗാനം വളരെ മനോഹരമാണ്. ഡികെ ശിവകുമാര്‍ സാഹിബ് അത് ആലപിച്ചതിനുശേഷം ഞാന്‍ അത് വായിച്ചു. നിങ്ങള്‍ ജനിച്ച മണ്ണിനെ നമിക്കാന്‍ അതില്‍ പറയുന്നു. അതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല”, രംഗനാഥ് പറഞ്ഞു. കോണ്‍ഗ്രസ് ഒരു മതേതര പാര്‍ട്ടിയായി തുടരുമെന്നും പക്ഷേ, രാഷ്ട്രീയ ബന്ധങ്ങള്‍ പരിഗണിക്കാതെ നല്ല ആശയങ്ങള്‍ വിലമതിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വലതുപക്ഷ ബിജെപി ജാതി-മത വിഭജനം സൃഷ്ടിക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഞങ്ങള്‍ അതിനെ ശക്തമായി അപലപിക്കുന്നുവെന്നും രംഗനാഥ് വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച നിയമസഭയില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തെക്കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചയ്ക്കിടെ ശിവകുമാര്‍ അപ്രതീക്ഷിതമായി ആര്‍എസ്എസ് ഗാനം ആലപിക്കുകയായിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ നിശബ്ദത പാലിച്ചപ്പോള്‍ ബിജെപി അംഗങ്ങള്‍ ശിവകുമാറിന്റെ നീക്കത്തെ സ്വാഗതം ചെയ്തു.
തന്റെ പ്രവൃത്തിക്ക് പിന്നില്‍ പരോക്ഷമോ നേരിട്ടോ ഉള്ള സന്ദേശമൊന്നുമില്ലെന്ന് ഉപമുഖ്യമന്ത്രി പിന്നീട് വ്യക്തമാക്കുകയും കോണ്‍ഗ്രസിനോടുള്ള തന്റെ പ്രതിബദ്ധത ആവര്‍ത്തിക്കുകയും ചെയ്തു. എന്നിരുന്നാലും ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായി. ശിവകുമാര്‍ പാര്‍ട്ടിക്കുള്ളില്‍ തന്റെ അഭിലാഷങ്ങളെ കുറിച്ച് സൂചന നല്‍കുകയാണോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചു.
അതേസമയം, രംഗനാഥ് ശിവകുമാറിന്റെ പ്രവൃത്തിയെ പിന്തുണച്ചെങ്കിലും പ്രാര്‍ത്ഥനാ ഗാനത്തിനും ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനും ഇടയില്‍ കൂടുതല്‍ വ്യക്തമായ ഒരു രേഖ വരച്ചു. ” അവരുടെ പ്രത്യയശാസ്ത്രവും നമ്മുടെ പ്രത്യയശാസ്ത്രവും ഒരിക്കലും പൊരുത്തപ്പെടില്ല. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പക്ഷേ, ആര്‍എസ്എസിന്റെ ഭാഗമായ ഒരു ഗാനം ആരെങ്കിലും ആലപിച്ചാല്‍ എന്താണ് തെറ്റ്?”, അദ്ദേഹം പറഞ്ഞു.
Bangalore,Karnataka
August 25, 2025 6:49 PM IST
കര്‍ണാടക നിയമസഭയില്‍ ആര്‍എസ്എസ് പ്രാര്‍ത്ഥനാ ഗീതം ആലപിച്ച ഡികെ ശിവകുമാറിനെ പിന്തുണച്ച് കോണ്‍ഗ്രസ് എംഎല്‍എ