യുപി മതപരിവര്‍ത്തനം;ചങൂര്‍ ബാബയുടെ സഹായിയുടെ 13 കോടിയുടെ വസ്തുക്കള്‍ ഇഡി കണ്ടുകെട്ടി|ED Attaches Properties Worth Over Rs 13 Crore Linked To Chhangur Baba-s Aide | India
Last Updated:
കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിന് ജൂലൈ 28ന് ജലാലുദ്ദീന്‍ ഷാ എന്ന ചങൂര്‍ ബാബയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു
യുപിയില്‍ നിയമവിരുദ്ധമായി മതപരിവര്‍ത്തനം നടത്തിയ ചങൂര്‍ ബാബയുടെ സംഘത്തിനെതിരേ ശക്തമായ നടപടി സ്വീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2022ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം പ്രകാരം 13 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. ചങൂർ ബാബയുടെ സഹായിയായ നീതു നവീന്‍ റോഹ്‌റ എന്ന സ്ത്രീയുടെ പേരില്‍ ബല്‍റാംപൂരില്‍ 13.02 കോടി രൂപയുടെ വസ്തുവകകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിന് ജൂലൈ 28ന് ജലാലുദ്ദീന്‍ ഷാ എന്ന ചങൂര്‍ ബാബയെയും ഓഗസ്റ്റ് നാലിന് ഇയാളുടെ സഹായി നവീന്‍ റോഹ്‌റയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു.
കള്ളപ്പണം വെളുപ്പിക്കുന്നതിന് നവീനിന്റെ ദുബായ് ആസ്ഥാനമായുള്ള കമ്പനിയായ യുണൈറ്റഡ് മറൈന്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. അജ്ഞാത സ്രോതസ്സുകളില്‍ നിന്ന് വലിയ തുക യുണൈറ്റഡ് മറൈന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചതായി ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പിന്നീട് 21.08 കോടി രൂപ നവീന്‍ റോഹ്‌റയുടെ എന്‍ആര്‍ഇ/എന്‍ആര്‍ഒ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. ഈ പണം പിന്നീട് ദുബായില്‍ നിന്ന് ഇന്ത്യന്‍ അക്കൗണ്ടുകളിലേക്ക് മാറ്റി. ചങൂരും നവീന്‍ റോഹ്‌റയും ഈ പണം ഉപയോഗിച്ച് ബല്‍റാംപൂരില്‍ സ്ഥാവര വസ്തുക്കള്‍ വാങ്ങി. അവയെല്ലാം നവീന്റെ ഭാര്യ നീതു റോഹ്‌റയുടെ പേരിലാണ് വാങ്ങിയത്.
ലഖ്‌നൗവിലെ ഗോമതി നഗറിലെ പോലീസ് സ്‌റ്റേഷനില്‍ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ചേർത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചങൂര്‍ ബാബയ്‌ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
കള്ളപ്പണം വെളുപ്പിക്കുന്നതിന് ചങൂര്‍ ബാബയും നവീന്‍ റോഹ്‌റയും ആസൂത്രിതമായ ഗൂഢാലോചന നടത്തിയെന്നും അജ്ഞാതവും സംശയാസ്പദവുമായ ഉറവിടങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്നതിനായി നവീന്‍ റോഹ്‌റയുടെ ദുബായ് ആസ്ഥാനമായുള്ള യുണൈറ്റഡ് മറൈന്‍ എഫ്ഇസെഡ്ഇ എന്ന കമ്പനിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചെന്നും ഇഡി ആരോപിച്ചു. 21.08 കോടി രൂപ നവീന്‍ റോഹ്‌റയുടെ എന്‍ആര്‍ഇ അക്കൗണ്ടുകള്‍ വഴി ഇന്ത്യയിലേക്ക് എത്തിച്ചതായും ഇഡി അവകാശപ്പെട്ടു. ”ചങൂര്‍ ബാബയും നവീന്‍ റോഹ്‌റയും ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന പണം ഉത്രൗളയില്‍ നീതു റോഹ്‌റയുടെ പേരില്‍ നിരവധി സ്ഥാപര സ്വത്തുക്കള്‍ വാങ്ങുന്നതിന് ഉപയോഗിച്ചു,” ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
തെരുവുകളില്‍ മോതിരങ്ങള്‍ വിറ്റുനടന്നിരുന്നയാളാണ് ചങൂർ ബാബ. പെട്ടെന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ തുടങ്ങി. പണവും സഹായവും അത്ഭുത രോഗശാന്തിയും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ദരിദ്രരെയും പിന്നാക്ക മേഖലയില്‍ നിന്നുള്ളവരെയുമാണ് ഇയാള്‍ ആകര്‍ഷിച്ചിരുന്നത്. ഹിന്ദു പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് മതം മാറ്റാന്‍ നിര്‍ബന്ധിച്ചിരുന്നതായും ആരോപണമുണ്ട്. ഉത്തര്‍പ്രദേശില്‍ മാത്രമല്ല, നേപ്പാള്‍ അതിര്‍ത്തിയിലും ദുബായിലും ഇയാള്‍ക്ക് ബന്ധങ്ങളുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഇയാള്‍ക്ക് 106 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്ന് ഫസ്റ്റ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ 40ല്‍ അധികം ബാങ്ക് അക്കൗണ്ടുകളും ഇയാള്‍ക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയില്‍ പലതും വ്യാജ പേരുകളിലാണ് തുറന്നിരുന്നത്. ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇയാള്‍ പണം കൈമാറ്റം ചെയ്തതായി പോലീസ് കരുതുന്നു.
Balrampur,Uttar Pradesh
August 27, 2025 2:39 PM IST