മഹാരാഷ്ട്രയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി സമയം പത്ത് മണിക്കൂറാക്കി വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്|Working hours in private companies in Maharashtra to be increased to 10 hours | India
Last Updated:
2017ലെ നിയമത്തില്‍ അഞ്ച് വലിയ മാറ്റങ്ങള്‍ വരുത്താനാണ് തൊഴില്‍ വകുപ്പ് ആലോചിക്കുന്നത്
സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി സമയം പത്ത് മണിക്കൂറാക്കി വര്‍ധിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തുടനീളമുള്ള കടകള്‍, ഹോട്ടലുകള്‍, വിനോദ സ്ഥാപനങ്ങൾ, മറ്റ് ജോലി സ്ഥലങ്ങള്‍ എന്നിവയിലെ ജോലി സമയവും മറ്റ് നിയമങ്ങളും നിശ്ചിക്കുന്ന 2017ലെ മഹാരാഷ്ട്ര ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ തൊഴില്‍ വകുപ്പ് ഈ ആശയം അവതരിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഈ നിര്‍ദേശത്തില്‍ മന്ത്രിസഭ കൂടുതല്‍ വ്യക്തത തേടിയിട്ടുണ്ട്.2017ലെ നിയമത്തില്‍ അഞ്ച് വലിയ മാറ്റങ്ങള്‍ വരുത്താനാണ് തൊഴില്‍ വകുപ്പ് ആലോചിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് തൊഴില്‍ സമയം വര്‍ധിപ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായപൂര്‍ത്തിയായ ഒരു തൊഴിലാളിയുടെ ഒരു ദിവസത്തെ ജോലി സമയം 10 മണിക്കൂറില്‍ കൂടുതലാക്കാന്‍ അനുവദിക്കുകയില്ലെന്ന് സെക്ഷന്‍ 12ലെ നിര്‍ദിഷ്ട ഭേദഗതിയില്‍ പറയുന്നുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ആറ് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ജോലി ചെയ്താല്‍ അര മണിക്കൂര്‍ ഇടവേള നല്‍കണമെന്നും ഭേദഗതിയില്‍ നിര്‍ദേശിക്കുന്നു. ജീവനക്കാര്‍ക്ക് നിലവില്‍ ഒരു ഇടവേളയ്ക്ക് മുമ്പ് തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ വരെ മാത്രമെ ജോലി ചെയ്യാന്‍ കഴിയൂ. ജീവനക്കാരുടെ ഓവര്‍ടൈം പരിധി മൂന്ന് മാസത്തേക്ക് 125ല്‍ നിന്ന് 144 മണിക്കൂറായി ഉയര്‍ത്താനും വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലെ നിയമം അനുസരിച്ച് ഓവര്‍ ടൈം ഉള്‍പ്പെടെ ഒരു ദിവസത്തെ ആകെ ജോലി സമയം 10.5 മണിക്കൂറില്‍ കൂടാന്‍ പാടില്ല. ഇത് 12 മണിക്കൂറായി ഉയര്‍ത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അടിയന്തര സ്വഭാവമുള്ള ജോലികള്‍ക്ക് നിലവിലുള്ള 12 മണിക്കൂര്‍ ദൈനംദിന ജോലി സമയപരിധി നീക്കം ചെയ്യാനും സാധ്യതയുണ്ട്.
പത്തോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങളെയാണ് നിലവിലുള്ള നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പകരം 20 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ള ബിസിനസുകള്‍ക്ക് മാത്രം ഈ നിയമം ബാധകമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വ്യവസ്ഥകളെക്കുറിച്ചും അവയുടെ സ്വാധീനത്തെക്കുറിച്ചും മന്ത്രിമാര്‍ കൂടുതല്‍ വ്യക്തത ആഗ്രഹിക്കുന്നതായി ഒരു മുതിര്‍ന്ന മന്ത്രി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. സ്വകാര്യമേഖലയില്‍ ദീര്‍ഘകാലമായി ഈ ആവശ്യം നിലനില്‍ക്കുന്നുണ്ടെന്നും തുടര്‍ന്നാണ് ഈ നിർദേശം മുന്നോട്ട് വെച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
August 27, 2025 4:19 PM IST
മഹാരാഷ്ട്രയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി സമയം പത്ത് മണിക്കൂറാക്കി വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്