2038ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് EY റിപ്പോര്‍ട്ട്|India Could Become 2nd Largest Economy By 2038 EY Report | India
Last Updated:
2038 ഓടെ ഇന്ത്യയുടെ ജിഡിപി 34.2 ട്രില്യണ്‍ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്
ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യന്‍ ഉടന്‍ മാറുമെന്ന് റിപ്പോര്‍ട്ട്. ആഗോള കണ്‍സള്‍ട്ടന്‍സി സംരംഭമായ ഏണസ്റ്റ് ആന്‍ഡ് യംഗിന്റെ (ഇവൈ) 2025-ലെ ഇക്കോണമി വാച്ച് റിപ്പോര്‍ട്ടിലാണ് ഇന്ത്യ 2038 ഓടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് പ്രവചിച്ചിരിക്കുന്നത്.
2038 ഓടെ ഇന്ത്യയുടെ ജിഡിപി 34.2 ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അനുകൂലമായ ജനസംഖ്യാ കണക്കുകള്‍ മാത്രമല്ല ഇതിന് പിന്തുണയ്ക്കുന്ന ഘടകങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഘടനാപരമായ സാമ്പത്തിക പരിഷ്‌കരണങ്ങളും മാറ്റങ്ങള്‍ ഉള്‍കൊള്ളുന്ന സാമ്പത്തിക അടിസ്ഥാനസൗകര്യങ്ങളും ഇന്ത്യയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നുവെന്ന് കണ്‍സള്‍ട്ടന്‍സി ചൂണ്ടിക്കാട്ടി.
2030 ആകുമ്പോഴേക്കും ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ 20.7 ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) കണക്കുകള്‍ പറയുന്നതെന്ന് ഇവൈ ചൂണ്ടിക്കാട്ടി. യുഎസ് ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുന്നതിന്റെ ഫലമായി രാജ്യത്തെ ജിഡിപിയില്‍ 0.9 ശതമാനത്തിന്റെ ആഘാതം ഉണ്ടായേക്കും. എന്നാല്‍ കയറ്റുമതി വൈവിധ്യവല്‍ക്കരിക്കുക, ആഭ്യന്തര ആവശ്യം വര്‍ദ്ധിപ്പിക്കുക, മറ്റ് രാജ്യങ്ങളുമായും ബ്ലോക്കുകളുമായും വ്യാപാര പങ്കാളിത്തം മെച്ചപ്പെടുത്തുക തുടങ്ങിയ പ്രതിരോധ നടപടികള്‍ ഇന്ത്യ സ്വീകരിച്ചാല്‍ ജിഡിപി വളര്‍ച്ചയില്‍ അതിന്റെ ആഘാതം വെറും 0.1 ശതമാനം മാത്രമായി പരിമിതപ്പെടുത്താമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ലോകത്തിലെ മറ്റ് വലിയ സമ്പദ്‍വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയ്ക്ക് ചില അനുകൂല ഘടകങ്ങളുണ്ട്. ഉയര്‍ന്ന സമ്പാദ്യ-നിക്ഷേപ നിരക്കുകള്‍, താരതമ്യേന യുവ ജനസംഖ്യ, സുസ്ഥിരമായ സാമ്പത്തിക സ്ഥിതി എന്നിവ ഇന്ത്യയെ മുന്നോട്ടുനയിക്കാന്‍ അനുകൂലമായ പിന്തുണയൊരുക്കുന്നു. 2025-ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ആളുകളുടെ ശരാശരി പ്രായം 28.8 വയസ്സാണ്. അതായത് ഇന്ത്യയില്‍ തൊഴിലെടുക്കാന്‍ ശേഷിയുള്ള ആളുകളുടെ എണ്ണം കൂടുതലാണ്.
ആഗോള തലത്തില്‍ തന്നെ രണ്ടാമത്തെ ഉയര്‍ന്ന സമ്പാദ്യ നിരക്ക് ഇന്ത്യയിലാണ്. 2024-ല്‍ നിന്ന് 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ കടം-ജിഡിപി അനുപാതം 81.3 ശതമാനത്തില്‍ നിന്നും 75.8 ശതമാനമായി കുറയും. ഇതും ഇന്ത്യയ്ക്ക് ഗുണകരമാകും.
തീരുവ പ്രശ്‌നങ്ങളും വ്യാപരത്തിലെ മെല്ലെപോക്കും മറ്റ് സമ്പദ്‍വ്യവസ്ഥകളെ ബാധിക്കുമ്പോഴും ആഭ്യന്തര ആവശ്യകതയും ആധൂനിക സാങ്കേതികവിദ്യകളിലെ മുന്നേറ്റവും ഇന്ത്യയുടെ പ്രതിരോധ ശേഷി കൂട്ടുന്നു.
2030 ഓടെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ ചൈനയുടെ ജിഡിപി 42.2 ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പ്രായമാകുന്ന ജനസംഖ്യയും വര്‍ദ്ധിച്ചുവരുന്ന കടവും ചൈനയ്ക്ക് വെല്ലുവിളിയാകുന്നു. അമേരിക്കയിലും സ്ഥിതി മറിച്ചല്ല. അമേരിക്കയുടെ കടം ജിഡിപിയുടെ 120 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പ്രവചനം. വളര്‍ച്ച കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വികസിത രാജ്യങ്ങളായ ജപ്പാന്‍, ജര്‍മ്മനി എന്നിവയും ആഗോള വ്യാപാരത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്.
എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് ഘടനാപരമായ പരിഷ്‌കരണങ്ങള്‍ സമ്പദ്‍വ്യവസ്ഥയെ മുന്നോട്ടുനയിക്കുന്നു. ചരക്ക് സേവന നികുതി (ജിഎസ്ടി), പാപ്പരത്ത നിയമം, യുപിഐ വഴിയുള്ള കൂടുതല്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍, ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പിഎല്‍ഐ പദ്ധതി എന്നിവയുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളിലൂടെ ഇന്ത്യ വളര്‍ച്ച കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്ന് ഇവൈ പറഞ്ഞു.
New Delhi,New Delhi,Delhi
August 29, 2025 7:05 AM IST