Leading News Portal in Kerala

നയതന്ത്രബന്ധം മെച്ചപ്പെട്ടു; 10 മാസത്തിനുശേഷം സ്ഥാനപതിമാരെ നിയമിച്ച് ഇന്ത്യയും കാനഡയും | India and Canada appoint ambassadors after 10 months | India


പട്‌നായിക്കിനെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിച്ച വിവരം കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ചയാണ് അറിയിച്ചത്. ”നിലവില്‍ കിംഗ്ഡം ഓഫ് സ്‌പെയിന്‍ അംബാസഡറായ ദിനേശ് കെ. പട്‌നായിക്കിനെ കാനഡയിലെ ഇന്ത്യയുടെ അടുത്ത സ്ഥാനപതിയായി നിയമിച്ചിട്ടുണ്ട്. വൈകാതെ തന്നെ അദ്ദേഹം തന്റെ ചുമതല ഏറ്റെടുക്കും,” വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യയിലെ തങ്ങളുടെ അടുത്ത സ്ഥാനപതിയായി ക്രിസ്റ്റഫര്‍ കൂട്ടറിനെ നിയമിച്ചതായി കാനഡ വിദേശകാര്യമന്ത്രി അനിത ആനന്ദും അറിയിച്ചു. നയതന്ത്ര ഇടപെടല്‍ കൂടുതല്‍ ആഴത്തിലാക്കുന്നതിനും ന്യൂഡല്‍ഹിയുമായുള്ള ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കാനഡയുടെ സമീപനത്തെ പുതിയ നിയമനം പ്രതിഫലിപ്പിക്കുന്നതായി അവര്‍ പറഞ്ഞു.

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 1990 ബാച്ച് ഉദ്യോഗസ്ഥനാണ് പട്‌നായിക്ക്. ലോകമെമ്പാടുമായി വിവിധ പദവികൾ വഹിച്ചിട്ടുള്ള പട്‌നായിക്കിന് 25 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുണ്ട്. ബെയ്ജിംഗ്, ധാക്ക, വിയന്ന, ജനീവ എന്നിവടങ്ങളിലെ ഇന്ത്യയുടെ ദൗത്യങ്ങളില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ട്. മൊറോക്കോ, കംബോഡിയ എന്നിവടങ്ങളിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും ലണ്ടനിലെ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈകമ്മീഷണറുമായിരുന്നു അദ്ദേഹം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ ഡയറക്ടര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ പുതിയ സ്ഥാനപതിയെ നിയമിച്ച് കാനഡ

”പുതിയ ഹൈകമ്മീഷണറുടെ നിയമനം നയന്ത്രബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള കാനഡയുടെ ഘട്ടം ഘട്ടമായുള്ള സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കാനഡയുടെ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം കനേഡിയന്‍ പൗരന്മാര്‍ക്കുള്ള സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന നടപടിയാണിത്,” സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അനിത ആനന്ദ് പറഞ്ഞു.

ഈ വര്‍ഷം ജൂണില്‍ കാനഡയിലെ ആര്‍ബെര്‍ട്ടയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സ്ഥാനപതിയെ നിയമിക്കുന്നതിനുള്ള നടപടി ആരംഭിച്ചതെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് ഒട്ടാവ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞത്.

ഇന്ത്യ-കാനഡ ബന്ധം

2023 ജൂണില്‍ നടന്ന നിജ്ജറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ ബന്ധം ഉലഞ്ഞത്. കനേഡിയന്‍ മണ്ണില്‍ നടന്ന നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് 2023 സെപ്റ്റംബറില്‍ അന്നത്തെ കനേഡിയന്‍ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചു.

ഈ ആരോപണങ്ങള്‍ ഇന്ത്യ ആവര്‍ത്തിച്ച് നിഷേധിക്കുകയും ഖലിസ്ഥാന്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ കാനഡ പുലര്‍ത്തുന്ന ഗൗരവമില്ലായ്മയ്‌ക്കെതിരേ നിര്‍ണായ നിലപാട് സ്വീകരിക്കുകയും ചെ്തു.

അന്നത്തെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന സഞ്ജയ് കുമാര്‍ വര്‍മയെ കേസില്‍ പേര് പരാമര്‍ശിക്കാതെ അന്വേഷണത്തില്‍ താത്പര്യമുള്ള വ്യക്തിയായി ട്രൂഡോ പരാമര്‍ശിച്ചതോടു കൂടി ബന്ധം കൂടുതല്‍ വഷളായി. താത്പര്യമുള്ള വ്യക്തിയെന്നാല്‍ സംശയിക്കപ്പെടുന്ന വ്യക്തിയെന്നാണ് അര്‍ത്ഥമാക്കുന്നത്.

ട്രൂഡോയുടെ അവകാശവാദങ്ങള്‍ തള്ളിയ കേന്ദ്ര വിദേശകാര്യമന്ത്രാലയം അവയെ ‘അപവാദപരമായ ആരോപണങ്ങളെന്ന്’ വിശേഷിപ്പിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ഇന്ത്യ ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കുകയും 2024 ഒക്ടോബര്‍ 19നോ അതിനു മുമ്പോ ഇന്ത്യ വിടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇത് കൂടാതെ ഇന്ത്യന്‍ സ്ഥാനപതിയെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.

സാധാരണഗതിയില്‍ പുതിയ സ്ഥാനപതി നിയമിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കാനഡ 120 ദിവസത്തെ പ്രക്രിയയാണ് പിന്തുടരുന്നത്. എന്നാല്‍ പട്‌നായിക്കിന്റെ കാര്യത്തില്‍ ഇത് വേഗത്തിലാക്കി. ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയിലെ വലിയ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഇതുവരെയും പരിഹാരമായിട്ടില്ലെങ്കിലും സ്ഥാനപതിമാരെ പുനഃസ്ഥാപിക്കുന്നത് ഇരുരാജ്യങ്ങളും ബന്ധം സ്ഥിരപ്പെടുത്താനും സാധാരണ നിലയിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നുണ്ടെന്നതിന്റെയും സൂചനയാണ് നല്‍കുന്നതെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്തു.