ദുരഭിമാനക്കൊലകള്‍ തടയാന്‍ പ്രത്യേക നിയമം വേണമെന്നാവശ്യപ്പെട്ട് വിജയ്യുടെ ടിവികെ സുപ്രീംകോടതിയില്‍ actor Vijays TVK moves Supreme Court demanding special law to prevent honour killings | India
Last Updated:
നിലവിലുള്ള നിയമം ദുരഭിമാനക്കൊല പോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി
ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാനക്കൊലകള്‍ തടയാന്‍ പ്രത്യേക നിയമം വേണമെന്നാവശ്യപ്പെട്ട് നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) സുപ്രീംകോടതിയില്‍ ഹർജി സമർപ്പിച്ചു. നിലവിലുള്ള നിയമ വ്യവസ്ഥകൾ അത്തരം കുറ്റകൃത്യങ്ങൾ തടയാൻ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
27 കാരനായ ദളിത് സോഫ്റ്റ്വെയർ എഞ്ചിനീയർ കവിൻ സെൽവഗണേഷിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ടിവികെയുടെ തിരഞ്ഞെടുപ്പ് ജനറൽ സെക്രട്ടറി ആധവ് അർജുന ഹർജി സമർപ്പിച്ചത്. ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാനക്കൊലകള്‍ തടയുന്നതിന് വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ), സിപിഐ, സിപിഐഎം തുടങ്ങിയ പാര്‍ട്ടികളും പ്രത്യേക നിയമനിര്‍മാണം നടത്തണമെന്ന് തമിഴ്നാട് സർക്കാരിനോട് ആവശ്യമുന്നയിച്ചിരുന്നു.
ജൂലൈ 27 ന് തിരുനെൽവേലിയിലെ പാളയംകോട്ടൈയിലുള്ള ഒരു ആശുപത്രിക്ക് പുറത്ത് വച്ചാണ് കവിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. കവിനുമായി പ്രണയത്തിലായിരന്ന തേവർ സമുദായത്തിൽപ്പെട്ട യുവതിയുടെ സഹോദരൻ സുർജിത്ത് ആണ് കവിനെ കൊലപ്പെടുത്തിയത്.
സംസ്ഥാന പോലീസിലെ സബ് ഇൻസ്പെക്ടർമാരായ സുർജിത്തിന്റെ മാതാപിതാക്കളുടെ പേരും കേസിൽ എഫ്ഐആറിൽ ഉൾപ്പെടുത്തിയിരുന്നു. ഇരവരെയും പിന്നീട് സസ്പെൻഡ് ചെയ്തു. സുർജിത്തിന്റെ പിതാവ് ശരവണനെയും കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
കവിന്റെ കേസ് ഒറ്റപ്പെട്ടതല്ലെന്ന് ആക്ടിവിസ്റ്റുകൾ പറയുന്നു. മധുര ആസ്ഥാനമായുള്ള ഒരു ദളിത് അവകാശ സംഘടനയായ എവിഡൻസ്, 2015 മുതൽ സംസ്ഥാനത്ത് കുറഞ്ഞത് 80 ജാതി അടിസ്ഥാനമാക്കിയുള്ള ദുരഭിമാന കൊലപാതകങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുള്ളതായി പറയുന്നു. അതേസമയം ശിക്ഷാ നിരക്കുകൾ വളരെ കുറവാണ്. കൃത്യമായ ഡാറ്റ ശേഖരണം, വേഗത്തിലുള്ള വിചാരണ, സാക്ഷി സംരക്ഷണം, ദുരഭിമാന കുറ്റകൃത്യങ്ങളെ ഒരു പ്രത്യേക തരം അക്രമമായി അംഗീകരിക്കൽ എന്നിവയ്ക്ക് ഒരു സമർപ്പിത നിയമം അനുവദിക്കുമെന്നാണ് ആവശ്യം.
New Delhi,Delhi
August 29, 2025 1:33 PM IST
ദുരഭിമാനക്കൊലകള്‍ തടയാന്‍ പ്രത്യേക നിയമം വേണമെന്നാവശ്യപ്പെട്ട് വിജയ്യുടെ ടിവികെ സുപ്രീംകോടതിയില്‍