അമിത് ഷായുടെ തല വെട്ടണമെന്ന് മഹുവ മൊയ്ത്ര; മറുപടിയുമായി ബിജെപി | Mahua Moitra’s comments on Amit Shah sparks political row | India
Last Updated:
മൊയ്ത്രയുടെ പരാമര്‍ശങ്ങള്‍ വെറുപ്പുളവാക്കുന്നതും അപമാനകരവുമാണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ അനധികൃത കുടിയേറ്റ പ്രശ്‌നത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മഹുവ മൊയ്ത്ര വിവാദ പരാമര്‍ശം നടത്തിയത്. അതിര്‍ത്തിയിലെ സുരക്ഷയുടെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രാലയത്തിനാണെന്ന് അവര്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റം നടക്കുന്നുണ്ടെങ്കില്‍ അമിത്ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണമെന്നാണ് അവര്‍ പറഞ്ഞ്. പശ്ചിമബംഗാള്‍ പോലെയുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍ അനധികൃത കുടിയേറ്റം വര്‍ധിച്ചു വരുന്നതിന് കേന്ദ്ര നേതൃത്വത്തെ അവര്‍ കുറ്റപ്പെടുത്തി.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിരാശയാണ് മൊയ്ത്രയുടെ പരാമര്‍ശങ്ങള്‍ തുറന്നുകാട്ടുന്നതെന്ന് ബിജെപിയുടെ ബംഗാള്‍ യൂണിറ്റ് സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ടിഎംസിയുടെ നിരാശയെയും ബംഗാളിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയും സംസ്ഥാനത്തെ പിറകിലേക്ക് വലിച്ചിടുകയും ചെയ്യുന്ന അക്രമാസക്തമായ സംസ്‌കാരത്തെയും ഇത് തുറന്നു കാട്ടുന്നതായി പോസ്റ്റില്‍ പറഞ്ഞു.
ഓഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റം നടത്തുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ ജനസംഖ്യാശാസ്ത്രത്തില്‍ മാറ്റം വരുത്തുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നതായി മൊയ്ത്ര പറഞ്ഞു. ”ആഭ്യന്തര മന്ത്രിക്കും ആഭ്യന്തരമന്ത്രാലയത്തിലും ഇന്ത്യയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പുറത്തുനിന്നുള്ള ആളുകള്‍ നമ്മുടെ അമ്മമാരെയും സഹോദരിമാരെയും നോക്കുന്നുണ്ടെന്നും നമ്മുടെ ഭൂമി തട്ടിയെടുക്കുന്നുണ്ടെന്നും പ്രധാനമന്ത്രി തന്നെ പറയുകയാണെങ്കില്‍ അത് ആരുടെ തെറ്റാണ്? ഇത് നമ്മുടെയും നിങ്ങളുടെയും തെറ്റാണ്. ഇവിടെ ബിഎസ്എഫ് ഉണ്ട്. ഞങ്ങളും അവരെ ഭയന്നാണ് ജീവിക്കുന്നത്. ബംഗ്ലാദേശ് നമ്മുടെ സുഹൃത്താണ്. പക്ഷേ, നിങ്ങള്‍ കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ സാഹചര്യത്തില്‍ മാറ്റം വന്നിട്ടുണ്ട്, അവര്‍ പറഞ്ഞു.
അതേസമയം, മൊയ്ത്രയുടെ പരാമര്‍ശങ്ങള്‍ വെറുപ്പുളവാക്കുന്നതും അപമാനകരവുമാണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ”മഹുവ മൊയ്ത്രയുടെ ആ പരാമര്‍ശം രാഷ്ട്രീയത്തിനപ്പുറമാണ്. ഇത് വിദ്വേഷപ്രസംഗമാണ്. വിഷം കലര്‍ന്നതാണ്. മമത ബാനര്‍ജിയുടെ ടിഎംസിയുടെ കീഴില്‍ അവരുടെ നിലവാരം താഴ്ന്നിരിക്കുന്നു,” എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
പ്രധാനമന്ത്രി മോദിക്കും അദ്ദേഹത്തിന്റെ അന്തരിച്ച അമ്മയ്ക്കുമെതിരേ ഒരാള്‍ മോശം പരാമര്‍ശങ്ങള്‍ നടത്തി ഒരു ദിവസത്തിന് ശേഷമാണ് മൊയ്ത്രയുടെ വാക്കുകള്‍ പുറത്തുവന്നത്. ഇന്‍ഡി സഖ്യത്തിന്റെ വോട്ട് അധികാര്‍ റാലിയില്‍ പങ്കെടുക്കവെയാണ് ഇയാള്‍ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അമ്മയെയും അവഹേളിച്ച് സംസാരിച്ചത്. തുടര്‍ന്ന് ഇയാള്‍ക്കെതിരേ ബിജെപി നിയമനടപടി സ്വീകരിക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
August 30, 2025 9:04 AM IST