വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കുന്നില്ലെങ്കില്‍ മോട്ടോര്‍ വാഹന നികുതി ചുമത്തരുതെന്ന് സുപ്രീം കോടതി | India
Last Updated:
1963-ലെ ആന്ധ്രാപ്രദേശ് മോട്ടോര്‍ വാഹന നികുതി നിയമത്തിന്റെ സെക്ഷന്‍ 3-യിൽ ‘പൊതുസ്ഥലം’ എന്ന പ്രയോഗം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ടെന്നും കോടതി
ഒരു വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കുകയോ പൊതുസ്ഥലത്ത് ഉപയോഗിക്കുന്നതിനായി സൂക്ഷിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ആ നിശ്ചിത കാലയളവില്‍ അതിന്റെ ഉടമയ്ക്ക് മോട്ടോര്‍ വാഹന നികുതി ചുമത്തരുതെന്ന് സുപ്രീം കോടതി. റോഡ്, ഹൈവേ തുടങ്ങിയ പൊതുസൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനു പണം നല്‍കുകയെന്നാണ് മോട്ടോര്‍ വാഹന നികുതി ചുമത്തുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് മനോജ് മിശ്ര, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന സിംഗിൾ ബെഞ്ചിന്റേതാണ് വിധി.
മോട്ടോര്‍ വാഹന നികുതി നഷ്ടപരിഹാര സ്വഭാവമുള്ളതാണെന്നും, ഒരു വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന കാലയളവില്‍ നികുതി ചുമത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. 1963-ലെ ആന്ധ്രാപ്രദേശ് മോട്ടോര്‍ വാഹന നികുതി നിയമത്തിന്റെ സെക്ഷന്‍ 3-യിൽ ‘പൊതുസ്ഥലം’ എന്ന പ്രയോഗം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മോട്ടേര്‍ വാഹനങ്ങള്‍ക്ക് നികുതി ചുമത്തുന്നതിനെ കുറിച്ചുള്ള വ്യവസ്ഥകളാണ് സെക്ഷന്‍-3യില്‍ പറഞ്ഞിരിക്കുന്നത്.
രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് (ആര്‍ഐഎന്‍എല്‍) എന്ന സ്ഥാപനത്തിന്റെ വളപ്പില്‍ മാത്രം ഉപയോഗിക്കുന്ന വാഹനത്തിന് ആന്ധ്രാ സര്‍ക്കാര്‍ നികുതി ചുമത്തിയതിനെ ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പ്രസ്ഥാവിച്ചിരിക്കുന്നത്. ആര്‍ഐഎന്‍എല്ലിനു കീഴിലുള്ള കോര്‍പ്പറേറ്റ് സ്ഥാപനമായ വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിനകത്തെ സെന്‍ട്രല്‍ ഡിസ്പാച്ച് യാര്‍ഡിനകത്തു മാത്രം ഉപയോഗിക്കുന്ന 36 വാഹനങ്ങള്‍ക്ക് നികുതി ചുമത്തിയതുമായി ബന്ധപ്പെട്ടതാണ് കേസ്.
1985 മുതല്‍ ലോജിസ്റ്റിക്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ആര്‍ഐഎന്‍എല്ലിന്റെ വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിലെ സെന്‍ട്രല്‍ ഡിസ്പാച്ച് യാര്‍ഡില്‍ ഇരുമ്പ്, സ്റ്റീല്‍ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനും സംഭരിക്കുന്നതിനുമായി 2020 നവംബറില്‍ തങ്ങള്‍ക്ക് കരാര്‍ നല്‍കിയതായി കമ്പനി അപ്പീലില്‍ ചൂണ്ടിക്കാട്ടി. ഇത് സുപ്രീം കോടതി ശരിവച്ചു.
ആര്‍ഐഎന്‍എല്‍ പരിസരത്ത് മാത്രം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നികുതി ഒഴിവാക്കി നല്‍കണമെന്ന കമ്പനിയുടെ ആവശ്യം ആന്ധ്രാപ്രദേശ് അധികൃതര്‍ തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പൊതുസ്ഥലമല്ലെന്ന വാദം അംഗീകരിച്ച സിംഗിള്‍ ബെഞ്ചില്‍ നിന്ന് കമ്പനിക്ക് അനുകൂല ഉത്തരവ് ലഭിച്ചു. നികുതിയിനത്തില്‍ പിരിച്ച 22,71,700 രൂപ തിരികെ നല്‍കാനും സിംഗിള്‍ ജഡ്ജി സംസ്ഥാന അധികാരികളോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് അധികാരികള്‍ ഈ ഉത്തരവിനെ ചോദ്യം ചെയ്യുകയും റദ്ദാക്കുകയും ചെയ്തു. ഇതോടെയാണ് കമ്പനി അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.
അടച്ചിട്ട പ്രദേശത്ത് മാത്രം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നികുതി ബാധ്യതയില്ലെന്ന് വാദം കേട്ട ശേഷം സുപ്രീം കോടതി വിലയിരുത്തി. ഈ കേസില്‍ ചോദ്യം ചെയ്യപ്പെടുന്ന മോട്ടോര്‍ വാഹനങ്ങള്‍ ആര്‍ഐഎന്‍എല്ലിന്റെ നിയന്ത്രിത പരിസരത്ത് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്നും അത് ‘പൊതുസ്ഥലം’ അല്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. അതുകൊണ്ട് മോട്ടോര്‍ വാഹന നികുതി ചുമത്താന്‍ ബാധ്യതയില്ലെന്നും അപ്പീല്‍ അനുവദിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞു.
Thiruvananthapuram,Kerala
September 01, 2025 11:16 AM IST