Vikram വിക്രം:ആദ്യത്തെ 32 ബിറ്റ് സെമികണ്ടക്ടര്‍ പ്രൊസ്സസര്‍ ചിപ്പ്; നാലാമത്തെ രാജ്യമായി ഇന്ത്യ|Vikram India becomes fourth country to launch first 32-bit semiconductor processor chip | India
”ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്താല്‍ നയിക്കപ്പെടുന്ന ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ നമ്മള്‍ കണ്ടുമുട്ടിയിരുന്നു. തുടർന്ന് നമ്മള്‍ ഇന്ത്യയുടെ സെമികണ്ടക്ടര്‍ ദൗത്യം ആരംഭിച്ചു. 3.5 വര്‍ഷമെന്ന ഹ്രസ്വമായ കാലയളവിനുള്ളില്‍ ലോകം ഇന്ത്യയെ ആത്മവിശ്വാസത്തോടെ നോക്കുകയാണ്. ഇന്ന് അഞ്ച് സെമികണ്ടക്ടര്‍ യൂണിറ്റുകളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച ചിപ്പ് ഞങ്ങള്‍ പ്രധാനമന്ത്രി മോദിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്,” അശ്വിനി വൈഷ്ണവ് പറഞ്ഞു.
”നമ്മള്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ആഗോളതലത്തില്‍ നയപരമായ പ്രതിസന്ധി വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുന്നു. ഈ പ്രക്ഷുബ്ധമായ കാലഘട്ടത്തില്‍ സ്ഥിരതയുടെയും വളര്‍ച്ചയുടെയും ഒരു ദീപസ്തംഭമായി ഇന്ത്യ നിലകൊള്ളുന്നു. അനിശ്ചിതത്വം നിറഞ്ഞ ഈ കാലഘട്ടത്തില്‍ നിങ്ങള്‍ ഇന്ത്യയിലേക്ക് വരണം, കാരണം ഞങ്ങളുടെ നയങ്ങള്‍ സ്ഥിരതയുള്ളതാണ്,” കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ സെമികണ്ടക്ടര്‍ ലാബ് വികസിപ്പിച്ചെടുത്തതാണ് വിക്രം. ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 32 ബിറ്റ് മൈക്രോപ്രൊസസ്സറാണ് ഇത്. കഠിനമായ വിക്ഷേപണ വാഹന സാഹചര്യങ്ങളിലും ഇത് പ്രവര്‍ത്തനക്ഷമമാണെന്ന് കണ്ടെത്തിയിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത്തരം ചിപ്പ് നിർമിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറി.
പഞ്ചാബിലെ മൊഹാലിയിലെ സെമികണ്ടക്ടര്‍ ഹബ്ബിലാണ് ചിപ്പുകളുടെ നിര്‍മാണവും പാക്കേജിംഗും നടന്നത്. ഗുജറാത്തിലെ സാനന്ദിലുള്ള ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റ് (OSAT) പൈലറ്റ് സൗകര്യത്തില്‍ നിന്ന് സെമികണ്ടക്ടര്‍ കമ്പനിയായ CG-Semi ആദ്യത്തെ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ചിപ്പ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാനന്ദില്‍ ഒരു സെമികണ്ടക്ടര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് 2023ലാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.
ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (ഡിഎല്‍ഐ) പദ്ധതിയിലൂടെ, സ്റ്റാര്‍ട്ടപ്പുകളെയും ഇന്നൊവേറ്റേഴ്‌സിനെയും പിന്തുണച്ചുകൊണ്ട് 23 ചിപ്പ് ഡിസൈന്‍ പ്രോജക്ടുകള്‍ അനുവദിച്ചു. വെര്‍വെസെമി മൈക്രോ ഇലക്ട്രോണിക്‌സ് പോലെയുള്ള കമ്പനികള്‍ പ്രതിരോധമേഖല, എയറോസ്‌പേസ്, ഇലക്ട്രിക് വാഹനങ്ങള്‍, ഊര്‍ജസംവിധാനങ്ങള്‍ എന്നിവയ്ക്കായി നൂതനമായ ചിപ്പുകള്‍ നിര്‍മിക്കുന്നു. ഇന്ത്യ ഇനി ചിപ്പുകളുടെ ഒരു ഉപഭോക്താവ് മാത്രമല്ല, മറിച്ച് നിര്‍മാതാക്കള്‍ കൂടിയാണ് എന്ന് ഇത് എടുത്തു കാണിക്കുന്നു.
2021ലാണ് ഇന്ത്യാ സെമികണ്ടക്ടര്‍ മിഷന്‍ (ഐഎസ്എം) കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്. വെറും മൂന്നര വര്‍ഷത്തിനുള്ളില്‍ ഈ ദൗത്യം ഫലം കണ്ടു.
ഗുജറാത്ത്, ആസാം, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലായി 1.60 ലക്ഷം കോടി രൂപയിലധികം നിക്ഷേപമുള്ള 10 സെമി കണ്ടക്ടര്‍ നിര്‍മാണ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അംഗീകാരം നല്‍കി.
ആധുനിക സാങ്കേതികവിദ്യയുടെ കാതലായ ഘടകമാണ് സെമികണ്ടക്ടറുകള്‍. ആരോഗ്യസംരക്ഷണം, ഗതാഗതം, ആശയവിനിമയം, പ്രതിരോധം, ബഹിരാകാശം എന്നീ മേഖലകളിലെ ആവശ്യഘടകമാണ് ചിപ്പുകള്‍. ലോകം കൂടുതല്‍ ഡിജിറ്റലൈസേഷനിലേക്കും ഓട്ടോമേഷനിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് സെമികണ്ടക്ടറുകള്‍ സാമ്പത്തിക ഭദ്രതയ്ക്കും തന്ത്രപരമായ സ്വയം പര്യാപ്തതയ്ക്കും അവിഭാജ്യഘടകമായി മാറിയിരിക്കുന്നു.
New Delhi,New Delhi,Delhi
September 03, 2025 9:53 AM IST