‘നിയമവിരുദ്ധമായി മരങ്ങള്‍ മുറിച്ചുമാറ്റുന്നു’; പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ് | Supreme Court expresses concern over illegal tree felling in Flood-Hit Northern States | India
Last Updated:
നിയമവിരുദ്ധമായി മരം മുറിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതി പറഞ്ഞു
നിയമവിരുദ്ധമായി മരങ്ങള്‍ മുറിച്ചുമാറ്റുന്നുവെന്ന് കാട്ടി പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. അനധികൃതമായി മരം മുറിക്കുന്നതാണ് ഇത്തരത്തിലുള്ള പ്രകൃതിദുരന്തങ്ങള്‍ക്ക് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരു പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഈ വര്‍ഷം അഭൂതപൂര്‍വമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
ഈ സംസ്ഥാനങ്ങളില്‍ നിയമവിരുദ്ധമായി മരം മുറിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതി പറഞ്ഞു.
ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഇക്കഴിഞ്ഞ ആഴ്ചകളില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയമുണ്ടായിരുന്നു. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തത്.
”ഇവിടങ്ങളില്‍ പ്രാഥമിക അന്വേഷണത്തില്‍ നിയമവിരുദ്ധമായി മരം മുറിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം,” ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.
പഞ്ചാബിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 37പേരാണ് മരിച്ചത്. ജമ്മു കശ്മീരില്‍ 4000ലധികം ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. യമുന നദി കരകവിഞ്ഞ് ഒഴുകിയതോടെ ന്യൂഡല്‍ഹിയില്‍ 8018 പേരെ ടെന്റുകളിലും 2030 പേരെ 13 സ്ഥിരം ഷെല്‍ട്ടറുകളിലേക്കും മാറ്റി പാര്‍പ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ഏകദേശം 10,000 പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.
September 04, 2025 4:46 PM IST
‘നിയമവിരുദ്ധമായി മരങ്ങള്‍ മുറിച്ചുമാറ്റുന്നു’; പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
