രാത്രി പത്ത് മണിക്കുശേഷം ട്രെയിനിലിരുന്ന് റീല്‍ കാണാമോ?|Watching reels on train after 10 pm could land you in trouble | India
Last Updated:
രാത്രി യാത്ര സുഖകരമാക്കുന്നതിനായി യാത്രക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വെ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി
ഇനി മുതല്‍ രാത്രി പത്ത് മണിക്ക് ശേഷം ട്രെയിനിലിരുന്ന് ഉയര്‍ന്ന ശബ്ദത്തില്‍ റീല്‍ കണ്ടാല്‍ പിടിവീഴും. രാത്രി യാത്ര സുഖകരമാക്കുന്നതിനായി യാത്രക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വെ ‘രാത്രി പത്ത് മണിക്ക് ശേഷം യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശം’ പുറത്തിറക്കി. പുതിയ മാര്‍ഗ്ഗനിര്‍ദേശത്തിൽ രാത്രി പത്ത് മണിക്ക് ശേഷം എല്ലാവരും ട്രെയിനിനുള്ളില്‍ നിശബ്ദത പാലിക്കണമെന്ന് കര്‍ശനനിര്‍ദേശമുണ്ട്.
രാത്രി യാത്രയില്‍ മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന യാതൊരു പ്രവര്‍ത്തനവും നടത്തരുതെന്ന് ഇന്ത്യന്‍ റെയില്‍വെ ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്രെയിന്‍ യാത്രക്കിടെ ഓരോ യാത്രക്കാരനും ഉറങ്ങാനും വിശ്രമിക്കാനും പൂര്‍ണമായും അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
1989ലെ റെയില്‍വെ നിയമത്തിലെ സെക്ഷന്‍ 145 പ്രകാരം ഏതെങ്കിലും യാത്രക്കാരന്‍ ട്രെയിനിനുള്ളില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുകയോ, ശബ്ദമുണ്ടാക്കുകയോ, മറ്റുള്ളവരെ ശല്യപ്പെടുത്തുകയോ ചെയ്താല്‍ അത് കുറ്റകൃത്യമായി കണക്കാക്കും. ഇതില്‍ ഭംഗം വരുത്തുന്ന യാത്രക്കാര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കുകയോ അല്ലെങ്കില്‍ പിഴ ചുമത്തുകയോ ചെയ്യും. പിഴയായി ഈടാക്കുന്ന തുക 500 രൂപ മുതല്‍ 1000 രൂപ വരെയാകാം.
ഇന്ത്യന്‍ റെയില്‍വെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം അനുസരിച്ച് ഉച്ചത്തില്‍ പാട്ടുകേള്‍ക്കുന്നത് നിയമങ്ങളുടെ ലംഘനമാണ്. നിയമം അനുസരിച്ച് ഒരു യാത്രക്കാരനും ട്രെയിനുകളില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുകള്‍ കേള്‍ക്കാനോ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കാനോ പാടില്ല. നിങ്ങളുടെ പ്രവര്‍ത്തികള്‍ സഹയാത്രികര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുകയോ അവരെ ശല്യപ്പെടുത്തുകയോ ചെയ്താല്‍ അത് നിയമങ്ങളുടെ ലംഘനമായി കണക്കാക്കും.
രാത്രിയില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ സൗകര്യത്തിനും രാത്രിയില്‍ സമാധാനം നിലനിര്‍ത്തുന്നതിനുമായിട്ടാണ് ഇന്ത്യന്‍ റെയില്‍വെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതനുസരിച്ച് രാത്രി പത്തിന് ശേഷം യാത്രക്കാര്‍ ഹെഡ്‌ഫോണുകള്‍ ഇല്ലാതെ ഉച്ചത്തില്‍ സംസാരിക്കാനോ പാട്ടുകള്‍ കേള്‍ക്കാനോ പാടില്ല. മാത്രമല്ല, രാത്രി മെയിൻ ലൈറ്റ് ഒഴികെയുള്ള എല്ലാ ലൈറ്റുകളും ഓഫ് ചെയ്യുകയും വേണം. ആരെങ്കിലും ഇത് ലംഘിച്ചാല്‍ റെയില്‍വേ അധികൃതര്‍ അവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും.
New Delhi,New Delhi,Delhi
September 05, 2025 10:47 AM IST
