Leading News Portal in Kerala

ഇന്ത്യ-യുഎസ് ബന്ധം; ട്രംപിന്റെ പോസിറ്റീവ് പരാമര്‍ശങ്ങളെ അഭിനന്ദിച്ച് മോദി|Modi appreciates Trump’s positive remarks on India-US ties | India


Last Updated:

എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപിനെയും മോദി ടാഗ് ചെയ്തിട്ടുണ്ട്

News18News18
News18

ഇന്ത്യയെയും നരേന്ദ്ര മോദിയുമായുള്ള സൗഹൃദത്തെയും കുറിച്ച് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശങ്ങളോട് ആദ്യമായി പ്രതികരിച്ച് നരേന്ദ്ര മോദി. ഇന്ത്യ-യുഎസ് ബന്ധത്തെ കുറിച്ചുള്ള ട്രംപിന്റെ പോസിറ്റീവ് വിലയിരുത്തലിനെ താന്‍ അഭിനന്ദിക്കുകയും പൂര്‍ണ്ണമായും അനുകൂലിക്കുകയും ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പറഞ്ഞു. ട്രംപിന്റെ പരാമര്‍ശങ്ങള്‍ വളരെ പോസിറ്റീവും ഭാവി വീക്ഷണത്തോടെയുള്ളതുമാണെന്ന് മോദി ചൂണ്ടിക്കാട്ടി.

സമീപകാലത്ത് ഇന്ത്യക്കെതിരെ സ്വരം കടുപ്പിച്ച ട്രംപ് കഴിഞ്ഞ ദിവസം വൈറ്റ്ഹൗസിൽ മാധ്യമ പ്രവര്‍ത്തകരുമായുള്ള സംവാദത്തില്‍ തന്റെ മയപ്പെട്ട നിലപാട് വ്യക്തമാക്കിയിരുന്നു. മോദിയുമായി എപ്പോഴും സൗഹൃദത്തിലായിരിക്കുമെന്ന് പറഞ്ഞ ട്രംപ് ഇന്ത്യയും യുഎസും തമ്മില്‍ പ്രത്യേക ബന്ധമുണ്ടെന്നും ഊന്നിപറഞ്ഞു. ഇതിനുപിന്നാലെയാണ് പ്രതികരണവുമായി നരേന്ദ്ര മോദിയും രംഗത്തെത്തിയത്. ട്രംപിന്റെ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് എക്‌സിലൂടെയാണ് മോദി തന്റെ അഭിപ്രായം പങ്കിട്ടത്.

ഇന്ത്യയുമായുള്ള വ്യാപാര സഹകരണത്തിന്റെ കാര്യത്തില്‍ നാളിതുവരെ പ്രതികാര നടപടിയുമായി മുന്നോട്ടുപോയ ട്രംപ് ഇന്ത്യ-റഷ്യ-ചൈന സഖ്യം രൂപപ്പെടുന്നതായുള്ള വാര്‍ത്തകള്‍ക്കു പിന്നാലെയാണ് തന്റെ സ്വരം ഒന്ന് മയപ്പെടുത്തിയത്. ഇതിനുശേഷമുള്ള മോദിയുടെ ആദ്യ പ്രതികരണമാണിത്. ഇന്ത്യയ്ക്കും യുഎസിനും വളരെ പോസിറ്റീവ് ആയതും ഭാവിയിലേക്കുള്ളതുമായ സമഗ്രവും ആഗോളവുമായ തന്ത്രപരമായ പങ്കാളിത്തമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപിനെയും മോദി ടാഗ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പോസ്റ്റിനോട് പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും എത്തി. അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് പ്രധാനമന്ത്രി വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് മന്ത്രി ജയശങ്കര്‍ പറഞ്ഞു. ഇന്ത്യ യുഎസുമായുള്ള ബന്ധം നിലനിര്‍ത്തുന്നുവെന്നും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രി മോദിക്ക് പ്രസിഡന്റ് ട്രംപുമായി എല്ലായ്‌പ്പോഴും വളരെ നല്ല വ്യക്തിപരമായ അടുപ്പമുണ്ടെന്നും. ഞങ്ങള്‍ യുഎസുമായി ബന്ധം പുലര്‍ത്തുന്നു എന്നതാണ് കാര്യമെന്നും ഇപ്പോള്‍, അതില്‍ കൂടുതല്‍ എനിക്ക് പറയാന്‍ കഴിയില്ലെന്നും ജയശങ്കര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയോട് പക്ഷം ചേര്‍ന്നതായും ദീര്‍ഘവും സമൃദ്ധവുമായ ഭാവി ഉണ്ടാകട്ടെയെന്നും ട്രംപ് കഴിഞ്ഞദിവസം ട്രൂത്ത്‌ സോഷ്യലില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഈ നിലപാട് ട്രംപ് മാറ്റി. മാത്രമല്ല ഇന്ത്യയുമായുള്ള സൗഹൃദത്തെ കുറിച്ചും ഊന്നിപറഞ്ഞു. റഷ്യയില്‍ നിന്നും ഇന്ത്യ ഇത്രയധികം എണ്ണ വാങ്ങുന്നതിലുള്ള നിരാശ സര്‍ക്കാരിനെ അറിയിച്ചുവെന്നും മോദിയുമായി അടുത്ത സൗഹൃദമുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

ഇന്ത്യയ്ക്കുമേല്‍ അധിക തീരുവ ഏര്‍പ്പെടുത്തികൊണ്ടുള്ള ട്രംപിന്റെ നയമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ അഭിമുഖങ്ങളിലും ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി. ഉക്രെയ്‌നിലെ റഷ്യയുടെ യുദ്ധ യന്ത്രത്തെ ഇന്ത്യ പോഷിപ്പിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു. റഷ്യയുടെ ആക്രമണം മോദിയുടെ യുദ്ധം ആണെന്ന് പറഞ്ഞു.

ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന് ട്രംപ് നിരവധി തവണ അകാശപ്പെട്ടു. ഇക്കാര്യം മോദി പലതവണ നിഷേധിച്ചിട്ടും ട്രംപ് അത് ആവര്‍ത്തിച്ചു. ഏഴ് വര്‍ഷത്തിനിടെ ആദ്യമായി മോദി എസ്‌സിഒ ഉച്ചക്കോടിയില്‍ പങ്കെടുക്കാന്‍ ചൈനയില്‍ സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ സ്വരംമാറ്റം. അവിടെ റഷ്യയും ഇന്ത്യയും ചൈനയും തമ്മിലുള്ള പുതിയ സഖ്യം ശ്രദ്ധനേടി. മൂന്ന് രാഷ്ട്രതലവന്മാരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ ആഗോള മാധ്യമങ്ങള്‍ പകര്‍ത്തി. ഇതോടെയാണ് തീരുവ യുദ്ധം പ്രഖ്യാപിച്ച് ഇന്ത്യയോട് ഭീഷണി മുഴക്കിയ ട്രംപ് സ്വരം താഴ്ത്തിയത്.