Leading News Portal in Kerala

‘ജനങ്ങൾ പ്രശ്നങ്ങളിൽ നിൽക്കുമ്പോൾ രാഹുൽ ഗാന്ധി വിനോദയാത്രയുടെ തിരക്കിൽ’; മലേഷ്യന്‍ യാത്രയെ വിമര്‍ശിച്ച് ബിജെപി|While people are facing problems Rahul Gandhi is busy with his tourist trip BJP criticizes Malaysia trip | India


Last Updated:

12 വര്‍ഷം പഴക്കമുള്ള പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഓഫീസ് ട്വീറ്റിനെ കുറിച്ചും മറ്റൊരു പോസ്റ്റില്‍ മാളവ്യ പറഞ്ഞു

News18News18
News18

ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനം അഴിച്ചുവിട്ട് ബിജെപി. കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ മലേഷ്യന്‍ യാത്രയെ ചോദ്യം ചെയ്യുകയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ 12 വര്‍ഷം പഴക്കമുള്ള ട്വീറ്റ് ആളുകളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു ബിജെപിയുടെ വിമര്‍ശനം.

ബീഹാര്‍ രാഷ്ട്രീയത്തിന്റെ ചൂടും പൊടിയും കോണ്‍ഗ്രസിന്റെ യുവരാജിന് താങ്ങാനാകുന്നില്ലെന്നും അദ്ദേഹത്തിന് തിടുക്കത്തില്‍ ഒരിടവേളയെടുത്ത് പോകേണ്ടി വന്നതായും രാഹുല്‍ ഗാന്ധിയുടെ മലേഷ്യന്‍ യാത്രയെ വിമര്‍ശിച്ചുകൊണ്ട് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു. അതോ ആരും അറിയരുതെന്ന് കരുതുന്ന രഹസ്യ കൂടിക്കാഴ്ചകളില്‍ ഒന്നാണോ ഇതെന്നും അദ്ദേഹം പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.

ജനങ്ങള്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങളുമായി മല്ലിടുമ്പോള്‍ രാഹുല്‍ഗാന്ധി അപ്രത്യക്ഷനാകുകയും അവധിക്കാലം ആഘോഷിക്കുകയും ചെയ്യുന്ന തിരക്കിലാണെന്നും കോണ്‍ഗ്രസ് നേതാവിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അമിത് മാളവ്യ ആരോപിച്ചു. 12 വര്‍ഷം പഴക്കമുള്ള പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഓഫീസ് ട്വീറ്റിനെ കുറിച്ചും മറ്റൊരു പോസ്റ്റില്‍ മാളവ്യ പറഞ്ഞു.

12 വര്‍ഷം മുമ്പ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ എന്തായിരുന്നുവെന്നും കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാരിന്റെ പാരജയങ്ങളെയും ആശയക്കുഴപ്പങ്ങളെയും കുറിച്ചും പോസ്റ്റ് ചെയ്യാന്‍ പ്രപധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ഹാന്‍ഡില്‍ പോലും നിര്‍ബന്ധിതരായി എന്നും മാളവ്യ മറ്റൊരു പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. പിഎംഒ അത്തരം സന്ദേശം പുറത്തുവിടുമ്പോള്‍ അന്നത്തെ അടിസ്ഥാന യാഥാര്‍ത്ഥ്യം എന്തായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ എന്നും അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

“മിസ്റ്റര്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്ക് സന്തോഷമുണ്ട്”, എന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്നും പങ്കിട്ട പോസ്റ്റ്. ഇതാണ് ഇപ്പോള്‍ മാളവ്യ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര പരിഷ്‌കരണത്തെ (എസ്‌ഐആര്‍) ചോദ്യം ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും ബീഹാറില്‍ വോട്ടര്‍ അധികാര്‍ യാത്ര നടത്തി. സെപ്റ്റംബര്‍ ഒന്നിന് പ്രചാരണം അവസാനിച്ചു. വോട്ട് മോഷണത്തിനായുള്ള ജനാധിപത്യവിരുദ്ധമായ നീക്കമെന്നാണ് എസ്‌ഐആറിനെ രാഹുല്‍ ഗാന്ധിയും യാദവും വിശേഷിപ്പിച്ചത്.

പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്റെ മലേഷ്യന്‍ യാത്ര വിവാദമാകുന്നത്. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്കിടയിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയിലും പലപ്പോഴും രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ ചര്‍ച്ചാ വിഷയമാകാറുണ്ട്. ഇതേപ്പറ്റി പല അഭ്യൂഹങ്ങളും പരക്കാറുമുണ്ട്.

വിയറ്റ്‌നാമിലേക്കും മറ്റ് രാജ്യങ്ങളിലേക്കും രാഹുല്‍ ഗാന്ധി നടത്തുന്ന പതിവ് യാത്രകളെ ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിനിടെ ബിജെപി ചോദ്യം ചെയ്തിരുന്നു. തന്റെ മണ്ഡലത്തില്‍ ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ രാഹുല്‍ ഗാന്ധി വിയറ്റ്‌നാമില്‍ ചെലവഴിക്കുന്നതായി മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പെട്ടെന്ന് വിയറ്റ്‌നാമിനോടുള്ള അദ്ദേഹത്തിന്റെ ഇത്രയധികം സ്‌നേഹത്തിന്റെ കാരണം എന്താണെന്നും അസാധാരണമായ ഈ ഇഷ്ടം അദ്ദേഹം വിശദീകരിക്കേണ്ടതുണ്ടന്നും ആ രാജ്യത്തേക്കുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ ആവൃത്തി വളരെ കൗതുകകരമാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ നിരവധി രഹസ്യ വിദേശ യാത്രകള്‍ പ്രത്യേകിച്ച് പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ ഔചിത്യത്തെയും ദേശീയ സുരക്ഷയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് അമിത് മാളവ്യ എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26-ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മരണത്തെത്തുടര്‍ന്ന് ഏഴ് ദിവസത്തെ ദുഃഖാചരണത്തിനിടെ രാഹുല്‍ ഗാന്ധി വിയറ്റ്‌നാമിലേക്ക് പോയിരുന്നു. മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ രാജ്യം ദുഃഖിക്കുമ്പോള്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ രാഹുല്‍ വിയറ്റ്‌നാമിലേക്ക് പറന്നതും ബിജെപിയുടെ വിമര്‍ശനത്തിന് ഇടയാക്കി.

മലയാളം വാർത്തകൾ/ വാർത്ത/India/

‘ജനങ്ങൾ പ്രശ്നങ്ങളിൽ നിൽക്കുമ്പോൾ രാഹുൽ ഗാന്ധി വിനോദയാത്രയുടെ തിരക്കിൽ’; മലേഷ്യന്‍ യാത്രയെ വിമര്‍ശിച്ച് ബിജെപി