Leading News Portal in Kerala

രാഹുൽഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണമുള്ള ഹർജി തള്ളി മദ്രാസ് ഹൈക്കോടതി പിഴ ചുമത്തി|Madras High Court dismisses petition on Rahul Gandhi alleging vote theft and imposes fine | India


Last Updated:

പൊതുതാൽപര്യ ഹർജി തള്ളിയത് ആരോപണങ്ങളെക്കുറിച്ചുള്ള കോടതിയുടെ അഭിപ്രായമായി കണക്കാക്കരുതെന്നും കോടതി കൂട്ടിച്ചേർത്തു

രാഹുൽ ഗാന്ധിരാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ “വോട്ട് ചോരി” (വോട്ട് മോഷണം) ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഹർജി പൂർണ്ണമായും തെറ്റായ ധാരണയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കോടതി വിലയിരുത്തി.

“ഹർജി അവ്യക്തമാണ്, മതിയായ വിശദാംശങ്ങളോ തെളിവുകളോ ഇല്ല. ഇത് രാഷ്ട്രീയപരമായ അവകാശവാദങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ, വിശദീകരണം നൽകാൻ ഇലക്ഷൻ കമ്മീഷനെ നിർബന്ധിക്കാൻ കഴിയില്ല,” ബെഞ്ച് ഉത്തരവിൽ പറഞ്ഞു.

ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയ കോടതി, ഈ തുക തമിഴ്‌നാട് സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിക്ക് നൽകണമെന്നും ഉത്തരവിട്ടു. പൊതുതാൽപര്യ ഹർജി തള്ളിയത് ആരോപണങ്ങളെക്കുറിച്ചുള്ള കോടതിയുടെ അഭിപ്രായമായി കണക്കാക്കരുതെന്നും, ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സ്വന്തം നിലയിൽ തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും, കർണാടക, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപി വോട്ട് മോഷണം നടത്തിയെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നെന്നും, ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയുണ്ടായിരുന്നെന്നും അദ്ദേഹം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.