Leading News Portal in Kerala

‘പുരോഗതിക്ക് സമാധാനം പരമപ്രധാനം; ഇനി പ്രത്യാശയുടെ നാളുകൾ’: പ്രധാനമന്ത്രി മോദി മണിപ്പൂരിൽ|Peace is paramount for progress now are the days of hope PM narendra Modi in Manipur | India


Last Updated:

സ്ഥിരത, നീതി, സത്യം എന്നിവയില്ലാതെ ഒരിടത്തും വികസനം സാധ്യമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

News18News18
News18

മണിപ്പൂരിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023-ൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി ആദ്യമായാണ് മണിപ്പൂർ സന്ദർശിക്കുന്നത്.

“സ്ഥിരത, നീതി, സത്യം എന്നിവയില്ലാതെ വികസനം സാധ്യമല്ല. മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം കേന്ദ്രം ഉറച്ചുനിൽക്കും. എല്ലാ സംഘടനകളും സമാധാനപരമായി ഒരുമിച്ച് മുന്നോട്ട് പോകാനും, നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും, നിങ്ങളുടെ കുട്ടികൾക്ക് മികച്ച ഭാവി ഉറപ്പാക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.

വംശീയ കലാപം കാരണം വീടുകൾ നഷ്ടപ്പെട്ട ആന്തരികമായി കുടിയിറക്കപ്പെട്ട കുടുംബങ്ങളെയും പ്രധാനമന്ത്രി സന്ദർശിച്ചു. “മണിപ്പൂർ – ഒരുകാലത്ത് പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞുനിന്നിരുന്ന ഈ ഭൂമി അക്രമത്തിന്റെ പിടിയിലകപ്പെട്ടിരുന്നു. കുറച്ചു മുൻപ്, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതരെ ഞാൻ കണ്ടുമുട്ടി. അവരെ കണ്ടതിനുശേഷം, മണിപ്പൂരിൽ പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ഒരു പുതിയ പ്രഭാതം ഉദിച്ചുയരുന്നുവെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. വികസനത്തിന് സമാധാനം അത്യാവശ്യമാണ്,” മോദി കൂട്ടിച്ചേർത്തു.

ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിൽ നടന്ന പൊതുപരിപാടിയിൽ വെച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. കുട്ടികൾ നൽകിയ പൂച്ചെണ്ടും ചിത്രവും അദ്ദേഹം സ്വീകരിച്ചു. കൂടാതെ, കുട്ടികളിലൊരാൾ സമ്മാനിച്ച പരമ്പരാഗത തൂവൽ തൊപ്പിയും അദ്ദേഹം ധരിച്ചു.

മെയ്‌തെയ്, കുക്കി സമുദായങ്ങൾക്കിടയിൽ നിലനിൽക്കുന്ന വംശീയ സംഘർഷങ്ങൾക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിച്ചത്. 2023 മെയ് മുതൽ സംസ്ഥാനത്ത് തുടരുന്ന ഈ സംഘർഷങ്ങളിൽ 260-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ഏകദേശം 50,000 പേർക്ക് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവരികയും ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തിൽ, റോഡ്, അടിസ്ഥാന സൗകര്യങ്ങൾ, വനിതാക്ഷേമ പദ്ധതികൾ എന്നിവയുൾപ്പെടെ 7,300 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിട്ടു.