എണ്ണ, പ്രകൃതിവാതക ഇറക്കുമതി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി മോദി; പര്യവേഷണത്തിലും ഹരിത ഊര്‍ജത്തിലും ശ്രദ്ധ|india aims cut oil gas imports pm modi focuses green energy exploration | India
Last Updated:
ആസാമില്‍ 12,000 കോടിയലധികം രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്തു
അസംസ്‌കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഇറക്കുമതി കുറയ്ക്കുന്നതിനും ഫോസില്‍ ഇന്ധനങ്ങളുടെ പര്യവേഷണത്തിലും ഹരിത ഊര്‍ജത്തിലും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ആസാമിലെ നുമാലിഗഡില്‍ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ അസംസ്‌കൃത എണ്ണയ്ക്കും പ്രകൃതി വാതകത്തിനും വേണ്ടി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആസാമില്‍ 12,000 കോടിയലധികം രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്തു.
”നിലവിലെ സാഹചര്യം മാറ്റുന്നതിന് നമ്മുടെ ഊര്‍ജ ആവശ്യകതകള്‍ നിറവേറ്റുന്നതിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. എണ്ണ പര്യവേഷണത്തിലും ഹരിത ഊര്‍ജ ഉത്പാദനത്തിലും കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരികയാണ്,” പ്രധാനമന്ത്രി പറഞ്ഞു.
ഒരു പ്രധാന ബദല്‍ ഊര്‍ജ്ജ സ്രോതസ്സാണ് എഥനോള്‍. നുമലിഗഡില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ബയോ എഥനോള്‍ റിഫൈനറി കര്‍ഷകര്‍ക്കും ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ആസാമിലെ പോളിപ്രൊപ്പിലീന്‍ പ്ലാന്റ് പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതിയുടെ രണ്ട് പ്രധാന ഘടകങ്ങള്‍ ഊര്‍ജ്ജവും സെമികണ്ടക്ടറുകളുമാണെന്ന് മോദി പറഞ്ഞു. ഈ മേഖലകളില്‍ ആസാമിന് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി മോദി അടിവരയിട്ട് പറഞ്ഞു.
ആസാമിലെ കലാപത്തിനും അശാന്തിക്കും കോണ്‍ഗ്രസാണ് ഉത്തരവാദികളെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ”ആസാമിലെ പൈതൃകത്തെയും സ്മാരകങ്ങളെയും കോണ്‍ഗ്രസ് അവഗണിച്ചു. എന്നാല്‍, ബിജെപി വികസനം കൊണ്ടുവന്നു. സംസ്ഥാനത്തിന്റെ പൈതൃകത്തിന് അംഗീകാരം നല്‍കി,” അദ്ദേഹം പറഞ്ഞു.
വോട്ടിനുവേണ്ടി നുഴഞ്ഞുകയറ്റക്കാരെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതിനാല്‍ ആസാം ജനസംഖ്യാപരമായ വെല്ലുവിളി നേരിടുന്നുണ്ടെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ”ആസാം സര്‍ക്കാര്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കുകയും നിഷേധിക്കപ്പെട്ടവര്‍ക്ക് ഭൂമിയുടെ അവകാശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് അവഗണിക്കപ്പെട്ട ആദിവാസികളുടെ ക്ഷേമത്തിനായി നടപടികള്‍ സ്വീകരിച്ച് വരികയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിനോദസഞ്ചാരത്തിന്റെയും വ്യാപാരത്തിന്റെയും ഹബ്ബാക്കി ആസാമിനെ മാറ്റുക എന്നതാണ് ബിജെപി സര്‍ക്കാരിന്റെ പ്രതിബദ്ധതയെന്നും പ്രധാനമന്ത്രി പറഞ്ഞു.
September 15, 2025 11:20 AM IST
എണ്ണ, പ്രകൃതിവാതക ഇറക്കുമതി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി മോദി; പര്യവേഷണത്തിലും ഹരിത ഊര്‍ജത്തിലും ശ്രദ്ധ
