Leading News Portal in Kerala

ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രം ആദ്യ 15 മിനിറ്റ് ടിക്കറ്റ് ബുക്കിംഗ്; പുതിയ മാര്‍ഗനിര്‍ദേശവുമായി ഇന്ത്യന്‍ റെയില്‍വേ|indian railways new rule first 15 minutes of ticket booking only for those linked with aadhaar | India


Last Updated:

പുതിയ മാറ്റം ഐആര്‍സിടിസി വെബ്‌സൈറ്റിനും ഐആര്‍സിടിസി മൊബൈല്‍ ആപ്പിനും ബാധകമാണ്

News18News18
News18

ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സംവിധാനത്തില്‍ പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ഇന്ത്യന്‍ റെയില്‍വെ. ഒരു തീവണ്ടിയിലേക്ക് ടിക്കറ്റ് റിസര്‍വേഷന്‍ തുറന്ന് ആദ്യ 15 മിനിറ്റ് സമയം ബുക്കിംഗ് ചെയ്യാനാകുക ആധാര്‍ ബന്ധിപ്പിച്ച അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമായിരിക്കും. 2025 ഒക്ടോബര്‍ 1 മുതല്‍ ആധാര്‍ പരിശോധന പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് മാത്രമെ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുമതിയുള്ളൂ. ഈ മാറ്റം ഐആര്‍സിടിസി വെബ്‌സൈറ്റിനും ഐആര്‍സിടിസി മൊബൈല്‍ ആപ്പിനും ബാധകമാണ്. താത്കാല്‍ ബുക്കിംഗുകള്‍ക്ക് ഈ സംവിധാനം ഇതിനോടകം തന്നെ നിലവിലുണ്ട്.

ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് പൊതുവായുള്ള റിസര്‍വേഷനുകളിലേക്കും വ്യാപിപ്പിക്കും. ആദ്യം തുറക്കുന്ന ബുക്കിംഗ് വിന്‍ഡോയില്‍ യഥാര്‍ത്ഥ യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. ഏജന്റുമാര്‍ നിയമവിരുദ്ധമായ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സീറ്റുകള്‍ തടയുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.

നിലവില്‍ ടിക്കറ്റിംഗ് ആരംഭിച്ചാലുടന്‍ അനധികൃത ഏജന്റുമാരുടെ ഓട്ടോമേറ്റഡ് ബുക്കിംഗുകളില്‍ വര്‍ധനവുണ്ടാകാറുണ്ട്. ഇത് സാധാരണ യാത്രക്കാരുടെ അവസരങ്ങള്‍ കുറയ്ക്കുന്നു. പ്രാരംഭ ഘട്ടത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കിയതോടെ പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കള്‍ക്ക് മാത്രമെ ബുക്കിംഗുകള്‍ ഉടനടി ലഭ്യമാകൂ.

റെയില്‍വെ സ്‌റ്റേഷനുകളിലുടനീളമുള്ള ഫിസിക്കല്‍ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ടിക്കറ്റ് ബുക്കിംഗ് സമയങ്ങളില്‍ മാറ്റമൊന്നും ഉണ്ടാകില്ല. കൂടാതെ, ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചതിന് ശേഷമുള്ള ആദ്യ 10 മിനിറ്റുകളില്‍ അംഗീകൃത ഏജന്റുമാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ നിയന്ത്രണമുണ്ടാകും. പുതിയ സംവിധാനത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗിന്റെ ആദ്യ 15 മിനിറ്റ് ആധാര്‍ പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കള്‍ക്ക് മാത്രമായി നീക്കി വയ്ക്കും. ഇതില്‍ സാധാരണ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കും. അതേസമയം, ഏജന്റുമാര്‍ക്ക് മറ്റൊരു പത്ത് മിനിറ്റ് കൂടി നിയന്ത്രണമുണ്ടാകും. ഇത് യഥാര്‍ത്ഥ യാത്രക്കാര്‍ക്ക് മുന്‍ഗണന ഉറപ്പാക്കുന്നു.

പുതിയ മാറ്റം ഉള്‍ക്കൊള്ളുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സെന്റര്‍ ഫോര്‍ റെയില്‍വെ ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റംസ് (CRIS)നും ഐആര്‍സിടിസിയ്ക്കും റെയില്‍വെ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ മാറ്റങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിന് വലിയ തോതിലുള്ള ബോധവത്കരണ കാംപെയ്‌നും തുടക്കമിടും. ഈ നീക്കം സുതാര്യത വര്‍ധിപ്പിക്കുമെന്നും അനാവശ്യ ബുക്കിംഗുകള്‍ കുറയ്ക്കുമെന്നും സീറ്റുകള്‍ ഇടനിലക്കാര്‍ക്ക് പകരം യഥാര്‍ത്ഥ ഉപയോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. ആധാര്‍ ബന്ധിപ്പിക്കുന്നതിലൂടെ വ്യാജ അക്കൗണ്ടുകള്‍ കുറയ്ക്കുന്നതിനും ഇ-ടിക്കറ്റിംഗിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഈ സംവിധാനം ലക്ഷ്യമിടുന്നു.

നിലവില്‍ യാത്രക്കാര്‍ക്ക് 60 ദിവസം മുമ്പ് റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും. എന്നാല്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റര്‍മാര്‍ പലപ്പോഴും സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ വലിയ അളവില്‍ ടിക്കറ്റുകള്‍ പിടിച്ചെടുക്കാറുണ്ട്. ഇത് വളരെക്കാലമായി സാധാരണക്കാരായ ആളുകളെ ബുദ്ധിമുട്ടിക്കുന്നു. ഈ പ്രശ്‌നത്തെ നേരിടുന്നതിനുള്ള ഒരു പ്രധാന നടപടിയായിട്ടാണ് പുതിയ നിയമത്തെ കാണുന്നത്.

റെയില്‍വെ മന്ത്രാലയം എല്ലാ വകുപ്പുകളിലേക്കും ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, ആധാറിന്റെ ആധികാരികത പരിശോധിച്ച ഉപയോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കാന്‍ സോണല്‍ ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് നടപ്പിലാക്കി കഴിഞ്ഞാല്‍ ഓരോ യാത്രക്കാരന്റെയും ആധാര്‍ വിശദാംശങ്ങള്‍ ബുക്കിംഗ് സംവിധാനത്തിനുള്ളില്‍ തന്നെ പരിശോധിക്കപ്പെടും. റിസര്‍വേഷന്‍ കൗണ്ടറുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെങ്കിലും ഓണ്‍ലൈന്‍ ടിക്കറ്റിംഗ് പ്രക്രിയ കൂടുതല്‍ സുരക്ഷിതവും നീതിയുക്തവുമായി നടപ്പിലാക്കപ്പെടും.

മലയാളം വാർത്തകൾ/ വാർത്ത/India/

ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രം ആദ്യ 15 മിനിറ്റ് ടിക്കറ്റ് ബുക്കിംഗ്; പുതിയ മാര്‍ഗനിര്‍ദേശവുമായി ഇന്ത്യന്‍ റെയില്‍വേ