ട്രാഫിക് കുരുക്കും കുഴിയുള്ള റോഡും; ബെംഗളൂരുവിലെ ടെക് കമ്പനി അടച്ചുപൂട്ടി | Traffic snarls force stops IT firm in Bengaluru | India
Last Updated:
ഒആര്‍ആറില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ് ബ്ലാക്ക്ബക്ക്. 1500 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്
ട്രാഫിക് കുരുക്കും റോഡിന്റെ ശോചനീയാവസ്ഥ മൂലവും ബെംഗളൂരുവിലെ ഔട്ടര്‍ റിംഗ് റോഡിലെ (ORR) ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ലോജിസ്റ്റിക്‌സ് ടെക് സ്ഥാപനമായ ബ്ലാക്ക്ബക്കിന്റെ സഹസ്ഥാപകന്‍ രാജേഷ് യബാജി പറഞ്ഞു. ജീവനക്കാർക്ക് ഓഫീസിലേക്കെത്താൻ ദീര്‍ഘനേരം യാത്ര ചെയ്യേണ്ടി വരുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. “ഞങ്ങള്‍ ബെംഗളൂരു വിടാന്‍ തീരുമാനിച്ചു”, അദ്ദേഹം പറഞ്ഞു. ഓഫീസിലേക്ക് എത്താന്‍ വേണ്ടിയുള്ള യാത്രയ്ക്ക് മാത്രം തന്റെ സഹപ്രവര്‍ത്തകര്‍ ഒന്നരമണിക്കൂറോളം സമയം ചെലവഴിക്കേണ്ടി വരുന്നുവെന്നും റോഡുകള്‍ നിറയെ കുഴിയും പൊടിയും കൊണ്ട് നിറഞ്ഞിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. “അവ പരിഹരിക്കാന്‍ വലിയ ഉദ്ദേശ്യമൊന്നുമില്ല. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇതിൽ മാറ്റമുണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒആര്‍ആറില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ് ബ്ലാക്ക്ബക്ക്. 1500 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
കഴിഞ്ഞയാഴ്ച സ്‌കൂള്‍ കുട്ടികളെയും കൊണ്ട് പോയിരുന്ന ഒരു ബസ് ബാലഗെരെ-പാണത്തൂര്‍ റോഡില്‍ ടെക് കോറിഡോറിന് സമീപം മറിഞ്ഞിരുന്നു. റോഡിലെ കുഴികളും വെള്ളക്കെട്ടുകളുമാണ് അപകടത്തിന് കാരണം.
ബെംഗളൂരുവിലെ ഒആര്‍ആറിലൂടെയുള്ള ഐടി കോറിഡോറില്‍ ഗതാഗത കുരുക്ക് ദിവസും വര്‍ധിച്ചുവരികയാണെന്നും പ്രധാന ടെക് പാര്‍ക്കുകളിലേക്കുള്ള വാഹനങ്ങളുടെ കടന്നുവരവ് കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 2025 ജൂണില്‍ 45 ശതമാനം വര്‍ധിച്ചതായും മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വര്‍ഷങ്ങളോളം നീണ്ടുനിന്ന ഹൈബ്രിഡ്, റിമോര്‍ട്ട് ജോലികള്‍ക്ക് ശേഷം ഓഫീസിലെത്തിയുള്ള ജോലി നിര്‍ബന്ധമാക്കിയതാണ് ട്രാഫിക് ഇത്രത്തോളം വര്‍ധിക്കാന്‍ കാരണമെന്ന് ഔട്ടര്‍ റിംഗ് റോഡ് കമ്പനീസ് അസോസിയേഷനും(ORRCA) ബെംഗളൂരു ട്രാഫിക് പോലീസും ചേർന്ന് പങ്കുവെച്ച ഡാറ്റയില്‍ പറയുന്നു.
കെആര്‍ പുരം മുതല്‍ ഒആര്‍ആറിന്റെ സില്‍ക്ക് ബോര്‍ഡ് വരെ വ്യാപിച്ച് കിടക്കുന്നതാണ് ബെംഗളൂരുവിലെ ടെക് കോറിഡോര്‍. ഇവിടെ 500 ടെക് കമ്പനികളിലായി 9.5 ലക്ഷം പേരാണ് ജോലി ചെയ്യുന്നത്. ബെഗംളൂരുവിലെ വാര്‍ഷിക ഐടി വരുമാനത്തിന്റെ 36 ശതമാനം ഇവിടെനിന്നാണ് സംഭാവന ചെയ്യുന്നത്.
1996 മുതല്‍ 2002 വരെയുള്ള കാലയളവില്‍ ഘട്ടം ഘട്ടമായാണ് 60 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ORR നിര്‍മിച്ചത്. ഇത് പ്രധാന ഹൈവേകളെ തമ്മില്‍ ബന്ധിക്കുന്നതിനും വേഗത്തിലുള്ള യാത്ര സുഗമമാക്കുന്നതിനും ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കുന്നതും ഉദ്ദേശിച്ചുള്ളതാണ്.
ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള ഭാരമേറിയ വാഹനങ്ങളെ നഗരത്തിന്റെ ഉള്‍ഭാഗത്ത് നിന്ന് മാറ്റി നിര്‍ത്തുന്നതിനും നഗരമധ്യത്തിലെ തിരക്ക് കുറയ്ക്കുന്നതിനുമായി ബംഗ്ലൂര്‍ വികസന അതോറിറ്റിയാണ് ഒആര്‍ആര്‍ നിര്‍മിച്ചത്.
വൈറ്റ്ഫീല്‍ഡിലെയും സര്‍ജാപൂര്‍ റോഡിലെയും ഐടി ഹബ്ബുകളോട് ചേര്‍ന്നുള്ള ഒആര്‍ആറിന്റെ തെക്കുഭാഗമാണ് ബെംഗളൂരു നഗരത്തിന്റെ ടെക് ഇടനാഴി എന്ന് അറിയപ്പെടുന്നത്. എന്നാല്‍ റോഡ് രൂപകല്‍പ്പന ചെയ്തത് മോശം രീതിയിലായതിനാലും ബദല്‍ മാര്‍ഗങ്ങളുടെ അഭാവത്താലും എന്തെങ്കിലും അപകടമോ വെള്ളക്കെട്ടോ ഉണ്ടായാല്‍ ഈ വഴി മുഴുവന്‍ സ്തംഭിക്കുന്നത് പതിവാണ്.
Thiruvananthapuram,Kerala
September 18, 2025 10:22 AM IST
