ഇവിഎം ബാലറ്റ് കളറാകും; സ്ഥാനാര്‍ഥികളുടെ ചിത്രം കളറില്‍ നൽകും | EVM ballot paper to be colour printed soon | India
Last Updated:
അടുത്ത് നടക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് ആദ്യമായി നടപ്പാക്കും. ഡിസൈനിലും പ്രിന്റിലും വ്യക്തതയും വായനാക്ഷമതയും വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (Electronic Voting Machine – ഇവിഎം) ബാലറ്റിലെ സ്ഥാനാര്‍ഥികളുടെ ഫോട്ടോ ഇനി മുതല്‍ കളറില്‍ നല്‍കും. ഇതിനൊപ്പം സ്ഥാനാര്‍ഥികളുടെ പേര് ഒരേ പോലെയുള്ള ഫോണ്ടിലും വലുപ്പത്തിലും അച്ചടിച്ച് നല്‍കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബുധനാഴ്ച അറിയിച്ചു.
അടുത്ത് നടക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് ആദ്യമായി നടപ്പാക്കും. ഡിസൈനിലും പ്രിന്റിലും വ്യക്തതയും വായനാക്ഷമതയും വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരും റിട്ടേണിംഗ് ഓഫീസര്‍മാരും മറ്റ് പോളിംഗ് അനുബന്ധ അധികാരികളും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു.
ഇവിഎം ബാലറ്റ് പേപ്പറിന്റെ ഇടത് വശത്ത് ബാലറ്റ് പേപ്പറിന്റെ സീരിയല്‍ നമ്പറും സ്ഥാനാര്‍ഥികളുടെ പേരുകളും കളര്‍ ചിത്രങ്ങളും പ്രിന്റ് ചെയ്തിരിക്കണമെന്ന് റിട്ടേണിംഗ് ഓഫീസര്‍ക്കുള്ള ഹാന്‍ഡ്ബുക്കില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാന്‍ഡിഡേറ്റ് പാനലില്‍ സ്ഥാനാര്‍ഥിയുടെ ചിഹ്നം വലതുവശത്തായിരിക്കും. സ്ഥാനാര്‍ഥിയുടെ സീരീയല്‍ നമ്പര്‍ ബോള്‍ഡിലും 30 സൈസിലുമായിരിക്കും നൽകുക. ഇത് വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥിയെ വേഗത്തില്‍ തിരിച്ചറിയാനും കൃത്യമായി വോട്ട് രേഖപ്പെടുത്തുന്നതിനും സഹായിക്കും.
പേരിനും ചിഹ്നത്തിനും ഇടയിലായി സ്ഥാനാര്‍ഥിയുടെ കളര്‍ ചിത്രം നല്‍കും. മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരുകള്‍, നോട്ട ഓപ്ഷന്‍ ഉള്‍പ്പെടെ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കിയ അതേ ഭാഷയില്‍ തന്നെ ഇവിഎം ബാലറ്റിലും അച്ചടിക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറുകള്‍ 70 ജിസിഎം വെള്ളപേപ്പറിലും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറുകള്‍ പിങ്ക് പേപ്പറിലുമാണ് അച്ചടിക്കുക.
ബാലറ്റ് പേപ്പറില്‍ പരമാവധി 15 സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഒരു ഷീറ്റിലാണ് നല്‍കുക. ഏറ്റവും അവസാനമായിരിക്കും നോട്ട ഉള്‍പ്പെടുത്തുക.
Thiruvananthapuram,Kerala
September 18, 2025 11:41 AM IST
